ന്യൂഡൽഹി: ഇന്ത്യൻ ബാഡ്‌മിന്റൺ താരങ്ങളിൽ എക്കാലത്തെയും മികച്ച ഡബിൾസ് താരം ജ്വാല ഗുട്ട സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭരണ നിർവഹണ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 14 തവണ ദേശീയ ബാഡ്മിന്റണിൽ ദേശീയ ചാംപ്യനായ ജ്വാല, രാജ്യത്തെ കായികരംഗത്തിന്റെ വികസനത്തിൽ തന്റെ പങ്കാളിത്തം സാധ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ്.

“രാജ്യത്തെ കായിക രംഗത്തിന്റെ വികസനത്തിന് എന്തെങ്കിലും ചെയ്യണമെന്ന് നേരത്തേ തന്നെ ആഗ്രഹമുള്ളതാണ്. രണ്ട് ദിവസം മുൻപാണ് എനിക്ക് ഇത് സംബന്ധിച്ച് ഫോണിലൂടെ അറിയിപ്പ് ലഭിച്ചത്. ഇന്നത് രേഖാമൂലം കൈപ്പറ്റി. ഇതിലും മികച്ച മറ്റൊരവസരം ഇല്ല. വളരെയധികം സന്തോഷമുണ്ട്” എന്ന് ജ്വാല പിടിഐ ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ സെക്രട്ടറി എസ്എസ് ഛബ്രയാണ് ജ്വാല ഗുട്ടയ്ക്ക് നിയമന ഉത്തരവ് അ?ിച്ചിരിക്കുന്നത്. രണ്ട് തവണ ഒളിംപിക്സിൽ പങ്കെടുത്ത ജ്വാല 2011 ലെ ലോക ചാംപ്യൻഷിപ്പിൽ ബാഡ്മിന്റണിൽ വെങ്കലം നേടിയിട്ടുണ്ട്.

“മാർച്ച് 28 നാണ് ഭരണ സമിതിയുടെ ആദ്യ യോഗം. ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ എന്തായാലും പങ്കെടുക്കും. ഇതുവരെ എനിക്ക് എന്റെ ചുമതലകൾ എന്താണെന്ന് അറിയില്ല. തീർച്ചയായും കഴിവിന്റെ പരമാവധി കായിക രംഗത്തിന്റെ വികസനത്തിനായി പ്രയത്നിക്കു”മെന്ന് ജ്വാല ഗുട്ട പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ