ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പണം കിലുക്കം നിര്‍ത്താതെ യുവന്റസ്. റയല്‍ മാഡ്രിഡില്‍ നിന്നും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടൂറിനിലെത്തിച്ച യുവന്റസിന്റെ പുതിയ ലക്ഷ്യം ഫ്രഞ്ച് സൂപ്പര്‍ താരമാണ്. ലോകകപ്പില്‍ മുത്തമിടാന്‍ ഫ്രാന്‍സിനെ സഹായിച്ച സൂപ്പര്‍ താരം പോള്‍ പോഗ്ബയെ യുവന്റസ് ലക്ഷ്യമിട്ടതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കൊപ്പം പോഗ്ബയുംകൂടി ചേരുന്നതോടെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ യുവന്റസിന് മുത്തമിടാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് നീക്കം. 200 മില്യണ്‍ പൗണ്ടാണ് പോഗ്ബയ്ക്ക് വേണ്ടി മുടക്കാന്‍ ഓള്‍ഡ് ലേഡി തീരുമാനിച്ചിരിക്കുന്നത്. പോഗ്ബയുടെ ഏജന്റുമായി യുവന്റസ് അധികൃതര്‍ സംസാരിച്ചതായും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, അര്‍ജന്റീനന്‍ സ്ട്രൈക്കര്‍ ഹിഗ്വെയ്നെ യുവന്റസ്സില്‍ നിന്നും ഒഴിവാക്കാന്‍ ക്ലബ് തയ്യാറാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാര്‍ത്തകള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇതുസംബന്ധിച്ച് ടീമോ താരത്തിന്റെ ഔദ്യോഗിക വക്താക്കളോ പ്രതികരിച്ചിട്ടില്ല. ഈ നീക്കത്തിലൂടെ തുടര്‍ച്ചയായി ഏഴു തവണ ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്റസിനെ യൂറോപ്പ്യന്‍ ചാമ്പ്യന്‍മാരാക്കുക എന്നതുതന്നെയാണ് യുവന്റസ് ലക്ഷ്യമിടുന്നത്.

മാഞ്ചസ്റ്റര്‍ പരിശീലകന്‍ മൗറീഞ്ഞോയുമായി നല്ല ബന്ധത്തിലല്ല താരം എന്നതും യുവന്റസിന് അനുകൂല ഘടകമാണ്. രണ്ട് വര്‍ഷം മുമ്പ് 89 ദശലക്ഷം പൗണ്ടിനാണ് യുവന്റസില്‍ നിന്ന് സൂപ്പര്‍ താരത്തെ മാഞ്ചസ്റ്ററില്‍ എത്തിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നിരയില്‍ ഇക്കഴിഞ്ഞ സീസണില്‍ തിളങ്ങാതെ പോയ പോഗ്ബ റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook