മിലാൻ: ചാംപ്യൻസ് ലീഗിൽ ലിയോണിനോട് തോൽവി വഴങ്ങിയതിന് പിന്നാലെ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ് പരിശീലകനെ പുറത്താക്കി. ഫ്രഞ്ച് ക്ലബ്ബായ ലിയോണിനോട് രണ്ടാം പാദ മത്സരത്തിൽ യുവന്റസ് ജയം കണ്ടെത്തിയെങ്കിലും എവേ ഗോളിന്റെ ആനുകൂല്യത്തിൽ ലിയോൺ ക്വർട്ടറിൽ പ്രവേശിക്കുകയായിരുന്നു. ഇതോടെയാണ് പരിശീലകൻ മൗറീഷ്യോ സാരിയെ പുറത്താക്കിയത്.

റയൽ മാഡ്രിഡിൽ നിന്നും വൻ തുകയ്ക്ക് സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയെ ടീമിലെത്തിച്ച യുവന്റസ് ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ സീരി എ കിരീട നേട്ടത്തിൽ മാത്രം യുവന്റസിന്റെ ഈ സീസണും അവസാനിക്കുകയായിരുന്നു.

ചാംപ്യൻസ് ലീഗ് പ്രതീക്ഷകൾ അവസാനിച്ചതോടെയാണ് സാരിയുടെ പരിശീലക സ്ഥാനം തെറിച്ചത്. തന്റെ ‘സാരിബാൾ’ സ്റ്റൈൽ ടീമിൽ കൊണ്ടുവരാൻ സാരിക്ക് കഴിഞ്ഞിരുന്നില്ല. ഇക്കാര്യം അദ്ദേഹം തന്നെ തുറന്നുസമ്മതിച്ചിരുന്നു.

ഇറ്റാലിയൻ ക്ലബ്ബായ നപോളിയിൽ നിന്നും ചെൽസിയിലെത്തിയ സാരി കഴിഞ്ഞ വർഷം ജൂണിലാണ് യുവന്റസിന്റെ പരിശീലകനായി എത്തുന്നത്. 2015 മുതൽ 2018 വരെയുള്ള സീസണുകളിലാണ് സാരി നപോളിയെ പരിശീലിപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook