ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലെ പ്രതിരോധ താരം ഡാനിയേൽ റുഗാനിക്ക് കൊറോണ സ്ഥിരീകരിച്ചു. ക്ലബ്ബ് തന്നെയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം ഇന്റർ മിലാനെതിരെ നടന്ന മത്സരത്തിന്റെ ഭാഗമായിരുന്ന റുഗാനി രോഗലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ലെന്നും ക്ലബ്ബ് വ്യക്തമാക്കി. എന്നാൽ ഇത് മറ്റ് താരങ്ങളുടെ കാര്യത്തിൽ ആശങ്ക പരത്തിയിരിക്കുകയാണ്. റൊണാൾഡോ ഉൾപ്പടെയുള്ള താരങ്ങൾ നിരീക്ഷണത്തിലാണ്.

ഇന്റർ മിലാനെതിരായ മത്സരത്തിൽ റുഗാനി കളിച്ചിരുന്നില്ല. എന്നാൽ മറ്റുള്ള കളിക്കാർക്കൊപ്പം താരം സമ്പർക്കത്തിലേർപ്പെട്ടിരുന്നു. ഇതാണ് ആശങ്കയിലേക്ക് നയിച്ചിരിക്കുന്നത്. ടീമിലെ മറ്റു താരങ്ങൾ ഐസോലെഷനിലാണിപ്പോൾ. 14 ദിവസത്തേക്കാണ് താരങ്ങളോട് ഐസോലെഷനിൽ കഴിയാൻ നിർദേശിച്ചിരിക്കുന്നത്. മാഡ്രിഡിലേക്ക് മടങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയും നിരീക്ഷണത്തിലായിരിക്കും.

കൊറോണ കാരണം സീരി എയിലെ കഴിഞ്ഞ കുറച്ച് മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയത്തിലാണ് സംഘടിപ്പിച്ചിരുന്നത്. സാഹചര്യം ഗുരുതരമായതോടെ ഏപ്രിൽ മൂന്ന് ടൂർണമെന്റ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

Read Also: കൊറോണ ഭീതിയിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന്

വാർത്ത പുറത്ത് വന്നതിന് പിന്നാലെ ആരാധകർക്ക് സന്ദേശവുമായി റുഗാനി തന്നെ രംഗത്തെത്തി. കോവിഡ്-19നെ നേരിടാനുള്ള സംവിധാനങ്ങള്‍ക്കൊപ്പം ഏവരും സഹകരിക്കണമെന്ന് താരം ആരാധകരോട് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook