ഒരു ഭാഗത്ത് ലോകകപ്പ് അതിന്റെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത തരത്തില്‍ ആവേശം സമ്മാനിക്കുമ്പോള്‍ മറുവശത്ത് ഫുട്‌ബോള്‍ ആരാധകരൊക്കെ മറ്റൊരു വാര്‍ത്തയുടെ പിന്നാലെയാണ്. റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് വിടുന്നുവെന്നും ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസില്‍ ചേക്കേറുന്നുവെന്നുമാണ് ആ വാര്‍ത്ത.ഇറ്റാലിയന്‍ മാധ്യമങ്ങളും പിന്നാലെ യൂറോപ്യന്‍ മാധ്യമങ്ങളുമാണ് വാര്‍ത്ത ആഘോഷിച്ചത്. ഇതോടെ ആരാധകരും അതിന് പിന്നാലെ പായുകയായിരുന്നു.

പല തരത്തിലുള്ള അഭ്യൂഹങ്ങളും പരക്കുന്നുണ്ടെങ്കിലും ക്രിസ്റ്റിയാനോയൊ യുവന്റസോ വാര്‍ത്തയോട് പ്രതകരിക്കാത്തത് ആരാധകരുടെ ആശങ്ക വര്‍ധിപ്പിച്ചു. ഇപ്പോഴിതാ വാര്‍ത്തകളില്‍ മൗനം വെടിഞ്ഞ് യുവന്റസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പത്രക്കുറിപ്പിലൂടെയാണ് യുവന്റസ് വാര്‍ത്തയോട് പ്രതികരിച്ചത്.

ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ തങ്ങളെ കൊണ്ടാകുന്ന എല്ലാ തരത്തിലും മുതലെടുപ്പ് നടത്തുമെന്നും നിയമം അനുസരിക്കുന്ന തരത്തില്‍ അവയെ കുറിച്ച് അറിയിക്കുമെന്നുമായിരുന്നു യുവന്റസിന്റെ പ്രതികരണം. എന്നാല്‍ ക്രിസ്റ്റ്യാനോയുടെ പേരോ ട്രാന്‍സ്ഫര്‍ റൂമറുകളെ കുറിച്ചോ യുവന്റസ് നേരിട്ട് പരാമര്‍ശം നടത്തിയില്ല. പക്ഷെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലെ എല്ലാ സാധ്യതയും മുതലെടുക്കുമെന്ന അവരുടെ വാക്കുകള്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ നീക്കങ്ങളിലൊന്നിന്റെ സൂചന തന്നെയായിട്ടാണ് ആരാധകരും ഫുട്‌ബോള്‍ പണ്ഡിതരും വിലയിരുത്തുന്നത്.

നേരത്തെ ക്രിസ്റ്റ്യാനോയുടെ ഏജന്റായ ജോര്‍ജെ മെന്‍ഡസും താരം ക്ലബ്ബ് വിടുന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. നേരത്തെ റൊണാള്‍ഡോയുടെ ഏജന്റായ ജോര്‍ജ് മെന്‍ഡസും താരം റയല്‍ വിടുമെന്ന സൂചനകള്‍ നല്‍കിയിരുന്നു. കരിയറിന്റെ പുതിയൊരു ഘട്ടവും പുതിയൊരു വെല്ലുവിളിയും ലഭിച്ചാല്‍ റൊണാള്‍ഡോ റയല്‍ വിടുമെന്നാണ് മെന്‍ഡസ് പറഞ്ഞത്.

യുവന്റസും ക്രിസ്റ്റിയാനോയും തമ്മില്‍ ധാരണയിലെത്തിയെന്നും താരം മെഡിക്കല്‍ ടെസ്റ്റടക്കം നടത്തിയെന്നും നേരത്തെ മുന്‍ യുവന്റസ് മേധാവി തന്നെ വെളിപ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ