ലണ്ടൻ: ലോക അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിലെ നൂറു മീറ്റർ വിജയികൾക്കുള്ള മെഡൽ ദാന ചടങ്ങ് മാറ്റിവെച്ചു. കാണികളുടെ മോശം പ്രതികരണം ഭയന്നാണ് ലോക കായിക ഫെഡറേഷൻ മെഡൽ ദാന ചടങ്ങ മാറ്റിവച്ചത്. സ്വർണ്ണം നേടിയ ജസ്റ്റിൻ ഗാറ്റ്‌ലിന് ഇന്നലെ കാണികളുടെ വലിയ കൂവലാണ് ലഭിച്ചത്. കാണികളുടെ ഈ പ്രതികരണം വിവാദമാകും എന്ന വിലയിരുത്തലിനേ തുടന്നാണ് സംഘാടകരുടെ ഈ നീക്കം.

ഇന്നലെ പൂർത്തിയായ 100 മീറ്റർ​ ഫൈനലിന്റെ മെഡൽ ദാന ചടങ്ങ് ലണ്ടൻ സമയം രാത്രി 8 മണിക്കായിരുന്നു തീരുമാനിച്ചത്. എന്നാൽ കൂവൽ ഭയന്ന് സംഘാടകർ ഇന്ന് വൈകിട്ടത്തെ മത്സരം ആരംഭിക്കുന്നതിന് മുൻപ് ലണ്ടൻ സമയം 6.50 ന് മെഡൽ ദാന ചടങ്ങ് നടത്താൻ തീരുമാനിച്ചു. എന്നാൽ ഇതും മാറ്റിവെച്ചു എന്നാണ് റിപ്പോർട്ട്.

പുരുഷൻമാരുടെ 100 മീറ്ററിൽ അമേരിക്കയുടെ ജസ്റ്റിൻ ഗാറ്റ്‌ലിനാണ് സ്വർണ്ണം നേടിയത്. 9.92 സെക്കന്റിലാണ് ഗാറ്റ്‌ലിൻ ഫിനിഷ് ചെയ്തത്. എന്നാൽ 2 തവണ ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് വിലക്ക് നേരിട്ട ഗാറ്റ്‌ലിന് നേരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. മെഡൽ ദാന ചടങ്ങിനിടെ അമേരിക്കൻ ദേശീയ ഗാനത്തിന് നേരെ കാണികളുടെ പ്രതിഷേധം ഉണ്ടാകുമോ എന്ന് പോലും സംഘാടകർ ഭയക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ