പ്രീമിയർ ലീഗെന്ന അഭിമാന കിരീടത്തിനായി ലിവർപൂൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടുകളായി. 1989-1990 സീസണിൽ കെന്നി ഡാൽഗിഷിന്റെ ചെമ്പടയ്ക്ക് ശേഷം കിരീടം ആൻഫീൽഡിലെത്തിക്കാൻ പിന്നീട് ആർക്കും സാധിച്ചട്ടില്ല. അത് സാധ്യമാക്കിയതിപ്പോൾ യൂർഗൻ ക്ലോപ്പാണ്. കഴിഞ്ഞ സീസണിൽ ഒരു പോയിന്റിനു നഷ്ടപ്പെട്ട കിരീടം ഇത്തവണ സ്വന്തമാക്കിയേ അടങ്ങൂവെന്ന വാശിയിലായിരുന്നു ക്ലോപ്പും സംഘവും. അത് സീസണിന്റെ തുടക്കം മുതൽ വ്യക്തമായതുമാണ്. 31 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഒരു തവണ മാത്രമേ എതിരാളികൾക്ക് മുന്നിൽ ലിവർപൂൾ തോൽവി വഴങ്ങിയിട്ടുള്ളുവെന്നത് ആ കിരീടത്തിനായി അവർ എത്ര ദാഹിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നു. പ്രത്യേകിച്ച് യൂർഗൻ ക്ലോപ്പ്!
തന്റെ ഫുട്ബോൾ ശൈലിയെ ഒരിക്കൽ ക്ലോപ്പ് ചേർത്ത് പറഞ്ഞത് ഹെവി മെറ്റൽ മ്യൂസിക്കുമായിട്ടാണ്. ചടുലവും ആവേശം നിറഞ്ഞതുമായ സംഗീത ശൈലിയാണ് ഹെവി മെറ്റൽ. മൈതാനത്ത് തന്റെ ടീമിനെ ഉപയോഗിച്ച് ക്ലോപ്പ് തീർത്തതും അതേ ചടുലതയും ആവേശവുമാണ്.
2008ൽ ജർമ്മൻ വമ്പന്മാരായ ബൊറൂസിയ ഡോർട്‌മുണ്ടിൽ പരീക്ഷിച്ച് വിജയിപ്പിച്ച തന്റെ ശൈലി ആൻഫീൽഡിൽ ലക്ഷ്യത്തിലെത്തിക്കാൻ ക്ലോപ്പിന് അധികസമയമൊന്നും വേണ്ടി വന്നില്ല. തന്റെ ശൈലിക്കിണങ്ങുന്ന താരങ്ങളെ ക്ലോപ്പ് ടീമിലെത്തിച്ചു. ഇതിൽ മുൻനിരയിലെ ഒഴിച്ചുകൂടാനാകാത്ത താരം സാഡിയോ മാനെയും റാട്ടിപ്പുമെല്ലാം ഉൾപ്പെടുന്നു.
ഒരു താരത്തിൽ മാത്രം ആശ്രയിക്കുന്ന ശൈലിയല്ലായിരുന്നു ക്ലോപ്പിന്റേത്. അതുകൊണ്ട് തന്നെ തന്റെ ഫോർമേഷനിൽ കോർത്തിണക്കാൻ സാധിക്കുന്ന താരങ്ങളെ അദ്ദേഹം കണ്ടെത്തി. മുൻനിരയും മധ്യനിരയും പ്രതിരോധവുമെല്ലാം ഒരുപോലെ മികച്ച് നിന്നാൽ വിജയം അനായാസമാണെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. പല വർഷങ്ങളിലായി ടീമിലെത്തിയ താരങ്ങളെ അദ്ദേഹം ആ ഫോർമേഷനിലേക്കും താരങ്ങളുടെ പൂർണ പ്രകടനത്തിലേക്ക് എത്തിക്കുന്നതിലായിരുന്നു ക്ലോപ്പ് വലിയ പ്രാധാന്യം നൽകിയത്.
Read Also: ലിവർപൂൾ പ്രീമിയർ ലീഗ് ചാംപ്യന്മാർ
വേഗതയും ഊർജസ്വലതയും നിറഞ്ഞ് നിൽക്കുന്ന ഫുട്ബോളിനെയാണ് ക്ലോപ്പ് ഇഷ്ടപ്പെട്ടിരുന്നത്. ഇതിന് മൈതാനം നിറഞ്ഞ് കളിക്കണം. എതിരാളികളുടെ പിഴവ് മുതലാക്കി ഗോൾ കണ്ടെത്താനായിരുന്നു ക്ലോപ്പിന്റെ സ്കൂളിലെ ആദ്യ പാഠം. ഇതിനായി അവരെ പിഴവിലേക്ക് നയിക്കുകയും വേണം. ഡോർട്‌മുണ്ടിൽ വിജയം കണ്ട തന്ത്രമാണ്.
എതിരാളികളുടെ പിഴവിൽ നിന്ന് അതിവേഗം ഗോളിലേക്ക് നീങ്ങുന്ന സ്‌പീഡി മൂവ്മെന്റ് ക്ലോപ്പിന്റെ ഹെവി മെറ്റൽ ശൈലിയുടെ പ്രത്യേകതയാണ്. ഗീഗൻ പ്രസിങ് അഥവ കൗണ്ടർ പ്രസിങ് എന്ന ഏറെ പ്രസിദ്ധമായ ശൈലിയെ അടിസ്ഥാനപ്പെടുത്തിയാണ് ക്ലോപ്പ് ലിവർപൂളിനെയും മാറ്റിമറിച്ചത്. എതിരാളികളിൽ സമ്മർദ്ദം ചെലുത്തി പരമാവധി വേഗതയിൽ പന്ത് കൈക്കലാക്കി മുന്നോട്ട് കുതിക്കുന്നതാണ് ഗീഗൻ പ്രസിങ്. എന്നാൽ ചെറിയ പിഴവ് പോലും എതിരാളികൾക്ക് കൗണ്ടർ അറ്റാക്കിനുള്ള സാധ്യത തുറന്ന് കൊടുക്കുമെന്നതിനാൽ അധികം ആരും ഈ ശൈലി ഉപയോഗിക്കാറില്ല.
എന്നാൽ ക്ലോപ്പ് അത് ഭംഗിയായി പ്രയോജനപ്പെടുത്തുന്നു. ഒപ്പം കൂടുതൽ ഓടുകയെന്ന തന്ത്രവും ക്ലോപ്പ് താരങ്ങളെ പറഞ്ഞ് പഠിപ്പിച്ചിരിക്കുന്നു. ഹാഫ് സ്‌പെയ്സ് അറ്റാക്കും ഫാൾസ് 9നുമാണ് ക്ലോപ്പ് വൃത്തിയായി അവതരിപ്പിച്ച് വിജയിച്ച മറ്റ് രണ്ട് ശൈലികൾ. ഇതിനനുസരിച്ച് താരങ്ങളെ ഒരുക്കാനും എതിരാളികളെ തകർക്കാനും ക്ലോപ്പിന് സാധിച്ചു. സ്കില്ലിനോടൊപ്പം തന്നെ ഡിസിഷൻ മേക്കിങ്ങും ടീം ഒന്നിച്ച് കളിക്കുമ്പോൾ നിർണായകമാണെന്ന് ക്ലോപ്പിന്റെ കുട്ടികൾ കാണിച്ച് തരുന്നുണ്ട്.
മുഹമ്മദ് സലായും സാഡിയോ മാനെയും ഫിർമിഞ്ഞോയുമാണ് ടീമിലെ മുന്നേറ്റനിരക്കാർ. മികച്ച വിങ്ങുകളായ മനെയും സലായും വിങ്ങുകളിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം ഗോൾ നേടുന്നതിലും ശ്രദ്ധാലുക്കളാണ്. ഫിർമിഞ്ഞോയാകട്ടെ ഫാൾസ് 9 മാസ്റ്ററാണ്. മധ്യനിരയിൽ ഹെൻഡേഴ്സനും ഫാബിഞ്ഞോയും പ്രതിരോധത്തിൽ വാൻഡൈക്കും അർണോൾഡും മാട്ടിപ്പും ഗോൾപോസ്റ്റിന് മുന്നിൽ അലിസണും ലിവർപൂളിന്റെ ഒഴിച്ച് കൂടാനാകത്ത സാനിധ്യമാണ്.
ഇതിന്റെയെല്ലാം ഫലമാണ് യുവേഫ ചാംപ്യൻസ് ലീഗിനും ക്ലബ്ബ് ലോകകപ്പിനുമെല്ലാം പിന്നാലെ ഇപ്പോൾ പ്രീമിയർ ലീഗ് ടൈറ്റിലും ആൻഫീൽഡിലെത്തിയത്.
ക്ലോപ്പ് വരുന്നതിന് മുമ്പ്
ബ്രെണ്ടൻ റോഡ്ജേഴ്സായിരുന്നു ലിവർപൂളിൽ ക്ലോപ്പിന്റെ മുൻഗാമി. റോഡ്ജേഴ്സ് പടിയിറങ്ങുന്നതിന് മുമ്പ് നടന്ന സീസണിൽ ടീമിനെ ലീഗ് ടൈറ്റിലിനടുത്തെത്തിക്കാൻ അദ്ദേഹത്തിനായി. വെറും രണ്ട് പോയിന്റിനാണ് അന്ന് ചെമ്പടയ്ക്ക് കിരീടം നഷ്ടമായത്. സൂപ്പർ താരം ലൂയി സുവാരസിന്റെ മിന്നും പ്രകടനത്തിലായിരുന്നു ലിവർപൂളിന്റെ കുതിപ്പ്. എന്നാൽ സീസൺ അവസാനിച്ചതോടെ ബാഴ്സലോണയിലേക്ക് ചേക്കേറിയ സുവാരസിന് പകരം ഒരു താരത്തെ കണ്ടെത്താൻ മാനേജ്‌മെന്റ് നന്നേ വലഞ്ഞു. അടുത്ത സീസണിൽ പല ഫോർമേഷനുകളും താരങ്ങളെയും പരീക്ഷിച്ചെങ്കിലും ഫലം കാണാതെ വന്നതോടെ പരിശീലകനെ മാറ്റുകയെന്ന തീരുമാനത്തിലേക്ക് മാനേജ്മെന്റ് എത്തി.
അതേസമയം, ബുണ്ടസ്‌ലീഗയിൽ രണ്ട് ലീഗ് ടൈറ്റിലും ഒരു റണ്ണേഴ്സ് അപ്പും ഉൾപ്പെടെ ഡോർട്മുണ്ടിനെ ക്ലോപ്പ് ജർമ്മൻ ഫുട്ബോളിന്റെ നെറുകയിൽ എത്തിച്ച് നിൽക്കുമ്പോഴാണ് താരങ്ങളുടെ കൊഴിഞ്ഞ് പോക്കുണ്ടാകുന്നത്. തന്റെ ശൈലിക്കൊത്ത് താൻ വളർത്തിയെടുത്ത താരങ്ങൾ മറ്റ് ക്ലബ്ബുകളിലേക്ക് പോകുകയും ക്ലബ്ബിലെ ആഭ്യന്തര പ്രശ്നങ്ങളും കൂടിയായതോടെ സ്വയം രാജിവച്ച് ക്ലോപ്പ് 2015-16 സീസണിന്റെ പകുതിയിൽ ലിവർപൂളിലേക്ക് എത്തുകയായിരുന്നു.
അരങ്ങേറ്റ വർഷത്തിൽ യൂറോപ്പ ലീഗിൽ ഫൈനൽ വരെ ലിവർപൂളിനെ എത്തിക്കാൻ അദ്ദേഹത്തിനായി. പിന്നെയായിരുന്നു ക്ലബ്ബിലെ പ്രധാന മാറ്റങ്ങളും പുതിയ താരങ്ങളുടെ കടന്ന് വരവും തന്ത്രങ്ങളുടെ രൂപപ്പെടലും.