ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ആദ്യ പാദ സെമിയില്‍ എഎസ് റോമയെ തകര്‍ത്തതിന് പിന്നാലെ മുഹമ്മദ് സലാഹിനെ പുകഴ്ത്തി ലിവര്‍പൂള്‍ മാനേജര്‍ ജര്‍ഗന്‍ ക്ലോപ്പ്. അയാള്‍ ‘വിശിഷ്ടനായ’ കളിക്കാരനാണെന്ന് മൽസരശേഷം ക്ലോപ്പ് പറഞ്ഞു.
‘ആദ്യത്തെ ഗോള്‍ അദ്ദേഹത്തിന്റെ പ്രതിഭ കാണിക്കുന്ന ഗോളായിരുന്നു. ഇത് പോലെയുളള ഗോളുകള്‍ മുമ്പും നേടിയതാണ് അതിന്റെ ഭംഗി വര്‍ധിപ്പിക്കുന്നത്. മനോഹരമായ നീക്കങ്ങള്‍. അത്തരം ഗോളുകള്‍ യാദൃശ്ചികമല്ലെന്ന് തെളിയിക്കുന്നതാണ് ആ ഗോള്‍. രണ്ടാമത്തെ ഗോളും മികച്ചൊരു നീക്കത്തിലൂടെയാണ് നടത്തിയത്. മറ്റ് രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കിയതും അയാള്‍ തന്നെ’, മൽസരശേഷം വാര്‍ത്താസമ്മേളനത്തില്‍ ക്ലോപ്പ് പറഞ്ഞു.
‘ലോകത്തെ മികച്ച കളിക്കാരനാണ് അയാളെന്ന് എഴുതുന്നെങ്കില്‍ നിങ്ങള്‍ക്ക് അതാവാം. അയാള്‍ മികച്ചൊരു മാതൃക തന്നെയാണ്, ലോകോത്തര മാതൃക, 100 ശതമാനം. എന്നാല്‍ ലോകത്തെ മികച്ച താരമാകാന്‍ ഇനിയും മുന്നോട്ട് പോകണം. മോശമല്ലാത്ത വേറേയും താരങ്ങള്‍ മൈതാനത്ത് ഇന്നുമുണ്ട്. അയാളൊരു പ്രതിഭാശാലിയായ താരമാണ്. അയാള്‍ എന്റെ കൂടെയുളളതില് ഞാന്‍ സന്തോഷിക്കുന്നു’, ക്ലോപ്പ് പറഞ്ഞു.
എഎസ് റോമയെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തകര്‍ത്തത്. മുഹമ്മദ് സലായുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ചിറകിലേറിയാണ് ലിവര്‍പൂള്‍ വിജയം നുണഞ്ഞത്. ഇരട്ടഗോളുകള്‍ അടിച്ചതിനൊപ്പം രണ്ട് ഗോളുകള്‍ അടിക്കാനും സലാഹ് വഴിയൊരുക്കി.
സലാഹിനൊപ്പം ഫിര്‍മിനോയും ഇരട്ട ഗോള്‍ നേടി. ഇതില്‍ ഒരു ഗോളിന് അസിസ്റ്റ് ചെയ്തതും സലായാണ്. പ്രീമിയര്‍ ലീഗിലെ മികച്ച താരമായ മുഹമ്മദ് സലാഹ് ഫുട്ബോള്‍ പ്രേമികളെ കയ്യിലെടുത്ത് രണ്ട് തവണയാണ് എതിര്‍ടീമിന്റെ വലകുലുക്കിയത്. 35, 45 മിനിറ്റിലായിരുന്നു സലായുടെ ആക്രമണം. 56-ാം മിനിറ്റില്‍ സാഡിയോ മാനെയുടെ ഊഴം. 61, 68 മിനിറ്റുകളില്‍ റോബര്‍ട്ടോ ഫിര്‍മിനോ കൂടി ലക്ഷ്യം കണ്ടതോടെ ആദ്യ പാദം ക്ലോപ്പും സംഘവും സ്വന്തമാക്കി.
എന്നാല്‍ മൽസരത്തിന്റെ അവസാന പത്ത് മിനിറ്റില്‍ റോമ കത്തിക്കയറി. എഡിന് സെക്കോയും ഡീഗോ പെറോട്ടിയുമാണ് റോമയുടെ ആശ്വാസ ഗോള്‍ നേടിയത്. 81-ാം മിനിറ്റില്‍ എഡ്വിന് സെക്കോയിലൂടെ റോമ ആദ്യ ഗോള്‍ നേടി. 85-ാം മിനിറ്റില്‍ ഡീഗോയും ഗോള്‍വല കുലുക്കി റോമയ്ക്ക് ആശ്വാസം സമ്മാനിച്ചു. ഇന്ന് നിലവിലെ ചാംപ്യന്മാരായ റയല്‍ മാഡ്രിഡ് ബുണ്ടസ് ലീഗ ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും.