ന്യൂഡൽഹി: മുൻ ഇന്ത്യൻ പേസർ വെങ്കിടേഷ് പ്രസാദ് ബിസിസിഐയടെ സെലക്ടർ സ്ഥാനം രാജിവച്ചു. ജൂനിയർ ടീമിന്റെ സെലക്ടർ സ്ഥാനമാണ് അദ്ദേഹം രാജിവച്ചത്. അണ്ടർ-19 ലോകകപ്പിലെ ഇന്ത്യൻ വിജയത്തിനു പിന്നാലെയാണ് രാജിയെന്നതും ശ്രദ്ധേയമാണ്. എന്നാൽ രാജിക്ക് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമല്ല.

രാജിക്കാര്യത്തെക്കുറിച്ച് വ്യക്തമായി ഒന്നും അറിയില്ലെന്ന് ബിസിസിഐ ആക്ടിങ് പ്രസിഡന്‍റ് സി.കെ.ഖന്നയും പറഞ്ഞു. ഐപിഎൽ അടുത്തുവരുന്നതിനാൽ ഏതെങ്കിലും ടീമിനൊപ്പം ചേരാനായിരിക്കും അദ്ദേഹം രാജി വയ്ക്കുന്നതെന്നും മുതിർന്ന ബിസിസിഐ പ്രതിനിധി സംശയം പ്രകടിപ്പിച്ചു.

എന്നാൽ തനിക്ക് സ്വകാര്യ ആവശ്യങ്ങൾക്കായി മാറിനിൽക്കേണ്ടതുണ്ടെന്നാണ് വെങ്കിടേഷ് പ്രസാദ് രാജിക്കാര്യത്തിൽ നൽകിയ വിശദീകരണം. നേരത്തേ സീനിയർ ടീം സെലക്ടറായിരുന്ന വെങ്കിടേഷ് പ്രസാദ് 2016 ലാണ് ഈ സ്ഥാനം രാജിവച്ചത്. പിന്നാലെ ഇദ്ദേഹത്തെ ജൂനിയർ ടീമിന്റെ സെലക്ടറായി നിയമിച്ചിരുന്നു.

അണ്ടർ 19 ടീം ലോകകപ്പ് നേടിയിട്ടും ടീം സെലക്ടറായ വെങ്കിടേഷ് പ്രസാദിന് ബിസിസിഐ പാരിതോഷികം നൽകിയിരുന്നില്ല. ഇതാണോ രാജിക്ക് കാരണം എന്ന് സംശയം ഉയർന്നിട്ടുണ്ട്. സീനിയർ പുരുഷ-വനിതാ ടീമുകൾക്ക് ചാമ്പ്യൻസ് ട്രോഫിയും ലോകകപ്പും നഷ്ടപ്പെട്ടിട്ടും അന്ന് സെലക്ടർമാർക്ക് പാരിതോഷികം നകിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ