ഡർബൻ: ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുളള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. പരുക്ക് മൂലം പിന്മാറിയ ഫാഫ് ഡുപ്ലെസിക്ക് പകരം പരിചയ സമ്പന്നനായ ജെ.പി.ഡുമിനിയായിരിക്കും ടീമിനെ നയിക്കുക. മുതിർന്ന താരം എബി ഡിവില്ലിയേഴ്സ് ടീമിലുണ്ട്. 3 ട്വന്റി-20 മൽസരങ്ങളാണ് പരമ്പരയിൽ ഉളളത്.

മൂന്ന് പുതുമുഖ താരങ്ങളെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയ്ക്കെതിരായ നാലാം ഏകദിനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഹെൻട്രിക് ക്ലാസൺ, ബാറ്റ്സ്മാനായ ക്രിസ്റ്റ്യാൻ ജോങ്കർ, ഫാസ്റ്റ് ബോളർ ജൂനിയർ ഡാല എന്നിവരാണ് ദക്ഷിണാഫ്രിക്കൻ ടീമിലെ പുതുമുഖങ്ങൾ.

ഡിവില്ലിയേഴ്സ് ടീമിൽ ഉണ്ടായിരുന്നിട്ടും ഡുമിനിയെ നായകനാക്കിയതിൽ അതിശയിച്ചിരിക്കുകയാണ് ആരാധകർ. എന്നാൽ ടീമിന്റെ നായക സ്ഥാനം ഏറ്റെടുക്കില്ലെന്ന് ഡിവില്ലിയേഴ്സ് നേരത്തെ വ്യക്തമാക്കിയതാണ്. ഹാഷിം അംല, എയ്ഡൻ മർക്രം, കഗീസോ റബാഡ തുടങ്ങിയവർക്ക് ബോർഡ് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് സജ്ജരാകാൻ വേണ്ടിയാണ് പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ചത്.

ദക്ഷിണാഫ്രിക്കൻ ടീം ഇങ്ങനെ: ജെപി ഡുമിനി (ക്യാപ്റ്റൻ), ഫർഹാൻ ബെഹാദ്ദീൻ, ജൂനിയർ ഡാല, എബി ഡിവില്ലിയേഴ്സ്, റീസ ഹെൻഡ്രിക്ക്സ്, ക്രിസ്റ്റ്യൻ ജോങ്കർ, ഹെൻട്രിക് ക്ലാസൺ, ഡേവിഡ് മില്ലർ, ക്രിസ് മോറിസ്, ഡാനി പറ്റേഴ്സൺ, ആരോൺ ഫംഗീസോ, അൻഡീലോ ഫെക്ക്‌ലുക്ക്വായോ, ടബാരിസ് ഷംസി, ജോൺ സ്മട്സ്.

ഇന്ത്യൻ ടീം- വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), രോഹിത് ശർമ്മ (വൈസ് ക്യാപ്റ്റൻ), എംഎസ് ധോണി, ശിഖർ ധവാൻ, കെഎൽ രാഹുൽ, സുരേഷ് റെയ്‌ന, ദിനേഷ് കാർത്തിക്, ഹർദ്ദിക് പാണ്ഡ്യ, മനീഷ് പാണ്ഡെ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുമ്ര, ജയദേവ് ഉനദ്‌കട്, ഷർദ്ദുൽ താക്കൂർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ