ജെപി ഡുമിനിയെന്ന ദക്ഷിണാഫ്രിക്കൻ താരത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞ ബോളർമാർ അനവധിയാണ് ലോക ക്രിക്കറ്റിൽ. ഈ ദക്ഷിണാഫ്രിക്കൻ താരം ആക്രമണ ബാറ്റിങ് ശൈലി കൊണ്ട് ക്രിക്കറ്റിലെ മികച്ച താരമെന്ന ഖ്യാതിയിലേക്ക് വളർന്ന കളിക്കാരനാണ്.

ദക്ഷിണാഫ്രിക്കൻ ആഭ്യന്തര സീരീസിൽ ഒരു ഓവറിൽ 37 റണ്ണടിച്ചു കൂട്ടി വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് ഈ താരം. ഒരു ഫോറും അഞ്ച് സിക്സും അടക്കമാണ് താരം തന്റെ ആക്രമണത്തിന്റെ വീര്യം പുറത്തുകാട്ടിയത്.

ഏകദിനത്തിൽ സിംബാബ്‌വെയുടെ എൽട്ടൺ ചിഗുംബരയാണ് ബംഗ്ലാദേശി ബോളർ അലാവുദ്ദീൻ ബാബുവിന്റെ ഒരോവറിൽ 39 റൺസ് അടിച്ചുകൂട്ടി ചരിത്രം കുറിച്ചത്. ചിഗുംബരയ്ക്ക് തൊട്ട് പുറകിലാണ് ഇപ്പോൾ ഡുമിനി.

കേപ് കോബ്രാസിന് വേണ്ടി ബാറ്റ് ചെയ്യാനിറങ്ങിയ ഡുമിനി, ജയിക്കാൻ 32 റൺസ് വേണ്ടപ്പോഴാണ് ബോളറെ തലങ്ങും വിലങ്ങും ആക്രമിച്ചത്. നൈറ്റ് ക്രിക്കറ്റ് ടീമിന്റെ സ്പിന്നറായ ലൈയുടെ അഞ്ചാമത്തെ ഓവറിലായിരുന്നു ഇത്. മൽസരം ബോണസ് പോയിന്റോടെ ജയിക്കാനും ഇതോടെ കേപ് കോബ്രാസിന് സാധിച്ചു.

ആദ്യത്തെ നാല് പന്തുകൾ തുടർച്ചയായി സിക്സടിച്ച ഡുമിനിയെ അഞ്ചാമത്തെ പന്തിൽ ലൈ പിടിച്ചുനിർത്തി. രണ്ട് റൺസ് മാത്രമാണ് ഈ പന്തിൽ ലൈ വിട്ടുകൊടുത്തത്. എന്നാൽ അവസാന പന്ത് അംപയർ നോബോൾ വിധിച്ചു. ഇതിൽ ഡുമിനി ഫോറടിക്കുകയും ചെയ്തു. അതോടെ അഞ്ച് റൺസ് ഈ പന്തിൽ നിന്ന് കേപ് കോബ്രാസിന് ലഭിച്ചു. അവസാന പന്ത് കൂടുതൽ സൂക്ഷിച്ച് എറിഞ്ഞ ലൈയെ ഡുമിനി വീണ്ടും സിക്സിന് പായിച്ചതോടെ കേപ് കോബ്രാസിന് മൽസരം ജയിക്കാനും സാധിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ