scorecardresearch
Latest News

‘അവൻ ആ പെരുമാറ്റം കൊണ്ട് എന്റെ ഹൃദയം കവർന്നു’; സഞ്ജുവിനെ കുറിച്ച് മാധ്യമപ്രവർത്തകന്റെ വാക്കുകൾ വൈറലാകുന്നു

വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു

Sanju Samson
Photo: Facebook/Sanju Samson

വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ ടി20 പരമ്പര ഇന്നലെയാണ് ആരംഭിച്ചത്. വളരെ അപ്രതീക്ഷിതമായി കേരളത്തിന്റെ അഭിമാന താരം സഞ്ജു സാംസണും ടീമിൽ ഇടം നേടിയിരുന്നു. കെ എൽ രാഹുലിന് പകരക്കാരനായിട്ടായിരുന്നു സഞ്ജു ടീമിൽ ഇടം നേടിയത്. ഇതോടെ പരമ്പരയിൽ സഞ്ജുവിന് കളിയ്ക്കാൻ അവസരം ലഭിക്കുമോ എന്നതടക്കമുള്ളചർച്ചകൾ ക്രിക്കറ്റ് ലോകത്ത് സജീവമായിരുന്നു. എന്നാൽ അതിനിടയിൽ കൂടുതൽ ശ്രദ്ധനേടിയത് സഞ്ജുവിനെ കുറിച്ചുള്ള ഒരു മാധ്യമ പ്രവർത്തകന്റെ വീഡിയോയാണ്.

വെസ്റ്റ് ഇൻഡീസിൽ നടക്കുന്ന പരമ്പര കവർ ചെയ്യാനെത്തിയ പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റായ വിമൽ കുമാറാണ് സഞ്ജുവിന്റെ പെരുമാറ്റത്തെ വാഴ്ത്തികൊണ്ട് തന്റെ യൂട്യൂബ് ചാനലിലൂടെ വീഡിയോ പങ്കുവച്ചത്. ‘മനുഷ്യത്വത്തെ കുറിച്ചാണ്’ താൻ പറയാൻ പോകുന്നത് എന്ന് പറഞ്ഞു ആരംഭിക്കുന്ന വീഡിയോയിൽ സഞ്ജു തന്നോട് കാണിച്ച സ്നേഹത്തെയും കരുതലിനെയും കുറിച്ചാണ് അദ്ദേഹം പറയുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. സഞ്ജുവിന്റെ ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസും വീഡിയോ പങ്കുവച്ചിട്ടുണ്ട്.

“എനിക്ക് സഞ്ജുവുമായി സംസാരിക്കാൻ ഒരു അവസരം കിട്ടിയിരുന്നു, സംസാരത്തിന്റെ ഇടയിൽ ഞാൻ ആദ്യ ടി20 ദൂരെയാണ്, കുറച്ചധികം യാത്രയുണ്ട്, എത്ര നേരം എടുക്കുമെന്ന് അറിയില്ല, എന്ന ആശങ്ക പങ്കുവച്ചു. അപ്പോൾ സഞ്ജു എന്നോട് ചോദിച്ചത് ‘നിങ്ങൾക്ക് ഞങ്ങളുടെ ഒപ്പം വന്നുകൂടെ’ എന്നാണ്. ഞാൻ ആദ്യം കരുതിയത് തമാശ ആണെന്നാണ്, എന്നാൽ ‘അല്ല’, നിങ്ങൾക്ക് ഞങ്ങൾക്ക് ഒപ്പം വരാൻ കഴിയില്ലേ’ എന്നായിരുന്നു സഞ്ജുവിന്റെ നിഷ്കളങ്കമായ ചോദ്യം.”

“അപ്പോൾ ഞാൻ അങ്ങനെയല്ല എന്ന് പറഞ്ഞു, പിന്നീട് സഞ്ജു എന്നോട് ഇവിടെയാണോ നാട്ടിൽ നിന്നാണോ എന്ന് ചോദിച്ചു, ഞാൻ പരമ്പര കവർ ചെയ്യാൻ ഇന്ത്യയിൽ നിന്ന് വന്നതാണെന്ന് പറഞ്ഞു. നേരത്തെ സഞ്ജുവിനെ ഇന്റർവ്യൂ ചെയ്തിട്ടുണ്ടെന്നും ഓർമിപ്പിച്ചു. വീണ്ടും സഞ്ജു ഒപ്പം വരാൻ പറഞ്ഞു, തന്റെ സീറ്റ് നൽകാമെന്ന് പറഞ്ഞു. പക്ഷെ ഞാൻ നിരസിച്ചു. അതിനൊക്കെ ബിസിസിഐ പ്രോട്ടോകോൾ ഉള്ളതാണ്. രാഹുൽ ദ്രാവിഡ് വിളിച്ചാൽ പോലും എനിക്ക് പോകാൻ കഴിയില്ല. പക്ഷെ സഞ്ജുവിന്റെ പെരുമാറ്റം തന്റെ ഹൃദയം തൊട്ടു. രോഹിത്തിനെയും ധവാനെയും പോലൊരു നല്ലൊരു നായകൻ അവനിലുണ്ട്. അല്ലെങ്കിൽ എന്നെ പോലെ അറിയാത്ത ഒരു മാധ്യമപ്രവർത്തകനോട് അദ്ദേഹം ഇത്തരത്തിൽ പെരുമാറേണ്ടതില്ല. മറ്റൊരു ഇന്ത്യക്കാരനോടുള്ള അദ്ദേഹത്തിന്റെ കരുതലും സ്നേഹവുമാണ് ഞാൻ കണ്ടത്” അദ്ദേഹം പറഞ്ഞു.

മലയാളികൾ ഉൾപ്പെടെ നിരവധിപേർ വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്. സഞ്ജുവിനോട് ബഹുമാനം എന്നാണ് മിക്കവരുടെയും കമന്റ്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Journalist hails sanju samsons humanity and generous behavior viral video