കൊച്ചി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അഞ്ചാം പതിപ്പിലും വെള്ളം കുടിക്കുകയാണ് ആരാധകരുടെ പ്രിയപ്പെട്ട ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ്. ജയത്തോടെ തുടങ്ങിയെങ്കിലും പിന്നീട് ഒരിക്കലും ഒരു മത്സരത്തിൽ പോലും മൂന്ന് പോയിന്റ് തികച്ച് സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല.

ഇതോടെ ടീമിന്റെ പന്ത്രണ്ടാമൻ എന്നറിയപ്പെടുന്ന ആരാധകരും ബ്ലാസ്റ്റേഴ്സിന് എതിരെ തിരിഞ്ഞു. ഏതൊരു ആരാധകനും ഉൾക്കൊള്ളാൻ പറ്റാത്ത പ്രകടനമാണ് ടീം സീസണിൽ പുറത്തെടുക്കുന്നത് എന്ന വിമർശനവും ശക്തമാണ്. എന്നാൽ ആരാധകർക്കും ക്ലബ്ബിനും ഒരുപോലെ പ്രതീക്ഷയും ഊർജ്ജവും പകരുകയാണ് ഒരു ട്വീറ്റ്.

“കേരള ബ്ലാസ്റ്റേഴ്സിൽ ഇപ്പോഴും പ്രതീക്ഷയുണ്ട്. അടുത്ത മത്സരങ്ങളിൽ അവർ മൂന്ന് പോയിന്റുകൾ സ്വന്തമാക്കും. എല്ലാവിധ ആശംസകളും.” ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയപ്പെട്ട താരം ഹൊസു പ്രീറ്റോയുടെ ട്വീറ്റാണിത്. കഴിഞ്ഞ ദിവസം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടും ബ്ലാസ്റ്റേഴ്സ് പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് താരം ട്വിറ്ററിൽ ഇങ്ങനെ കുറിച്ചത്.

എട്ട് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഇതുവരെ കളിച്ചത്. ഇതിൽ ആദ്യ മത്സരത്തിൽ കൊൽക്കത്തയെ പരാജയപ്പെടുത്തിയ കേരളത്തിന് പിന്നീട് ഒരിക്കൽ പോലും വിജയം നേടാൻ സാധിച്ചില്ല. തുടർച്ചയായ നാല് സമനിലകൾ പ്രതീക്ഷ നൽകിയിരുന്നെങ്കിലും അവസാനം കളിച്ച മൂന്ന് മത്സരങ്ങളും കേരളം പരാജയപ്പെട്ടു.

വച്ച ചുവടുകൾ എല്ലാം പിഴച്ച ഡേവിഡ് ജെയിംസിനും കുട്ടികൾക്കും ധൈര്യം പകരുകയാണ് ഹൊസുവിന്റെ വാക്കുകൾ. ഒപ്പം ആരാധകർക്കും പ്രതീക്ഷയുടെ കണിക ബാക്കി വയ്ക്കാൻ ഹൊസുവിന്റെ വാക്കുകൾ പ്രചോദനമാകുന്നു. ക്ലബ്ബ് വിട്ടെങ്കിലും ബ്ലാസ്റ്റേഴ്സിനെ ഇപ്പോഴും ചേർത്ത് പിടിക്കുന്ന താരമാണ് ഹൊസു. ഇതിന് മുമ്പും ഹൊസു പലവട്ടം അത് തെളിയിച്ചിട്ടുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook