ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മഞ്ഞപ്പടയില്‍ മലയാളികള്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന താരമാരാണെന്ന് ചോദിച്ചാൽ ഏറ്റവുമധികം ആളുകൾ തെരഞ്ഞെടുക്കുക ജോസൂട്ടനെന്ന ഹൊസു കുര്യാസിനെയാകും. ജോസൂട്ടൻ സ്‌പെയ്‌നിലേക്ക് മടങ്ങിയപ്പോൾ മതൽ താരത്തിന്റെ തിരിച്ചു വരവിന് കാത്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ.

എന്നാല്‍ മലയാളികള്‍ തന്നെ സ്‌നേഹിക്കുന്നതിന്റെ ഇരട്ടി ജോസൂട്ടന്‍ തിരിച്ച് മലയാളികളെ സ്‌നേഹിക്കുന്നുണെന്ന് തെളിയിച്ചിരിക്കുകയാണിപ്പോൾ. ഹൊസുവിന്റെ ഈ സ്‌നേഹം വ്യക്തമാക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അമേരിക്കയില്‍ യുണൈറ്റഡ് സോക്കര്‍ ലീഗില്‍ എഫ്സി സിന്‍സിനാറ്റിയില്‍ കളിക്കുന്ന ഹൊസു ഒരു ഇംഗ്ലീഷ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബ്ലാസ്‌റ്റേഴ്‌സിനോട് തനിക്ക് എത്രത്തോളം സ്‌നേഹമുണ്ടെന്ന് പറഞ്ഞത്.

ഇറ്റലി, പോളണ്ട്, ഫിന്‍ലന്‍ഡ്, ഇന്ത്യ, അമേരിക്ക എന്നിവിടങ്ങളിലെല്ലാം താന്‍ കളിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇന്ത്യയോട് ഒരു പ്രത്യേക അടുപ്പമാണെന്നും ഹൊസു കുര്യാസ് അഭിമുഖത്തില്‍ പറയുന്നു. ഇന്ത്യ വിട്ടുപോരുക എന്നത് വളരെ സങ്കടകരമായ കാര്യമായിരുന്നു. അവിടുത്തെ ആരാധകരെ ഒരിക്കലും മറക്കാനാകില്ലെന്നും ജോസൂട്ടന്‍ പറഞ്ഞു.

എഫ്.സി സിന്‍സിനാറ്റി ആരാധകരെ കുറിച്ചായിരുന്നു അവതാരകയുടെ ചോദ്യം. 32000-ത്തോളം ആരാധകര്‍ക്ക് മുന്നില്‍ സിന്‍സിനാറ്റിക്ക് വേണ്ടി കളിക്കുമ്പോള്‍ എന്താണ് തോന്നുകയെന്നായിരുന്നു അവതാരകയ്ക്ക് അറിയേണ്ടിയിരുന്നത്‌. അതൊന്നും ഒന്നുമല്ലെന്നും ഇന്ത്യയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി കളത്തിലിറങ്ങിയത് ആര്‍ത്തുവിളിക്കുന്ന 85000ത്തോളം കാണികള്‍ക്ക് മുന്നിലായിരുന്നുവെന്നായിരുന്നു ഹോസുവിന്റെ മറുപടി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരുടെ ഈ കണക്ക് കേട്ട് അവതാരക അത്ഭുതപ്പെട്ടിരിക്കുന്നത് വീഡിയോയിൽ കാണാം.

ബ്ലാസ്‌റ്റേഴ്‌സിലേക്കുള്ള തിരിച്ചുവരവിന്റെ സൂചന താരം നൽകിയിരുന്നു. ബ്ലാസ്റ്റേഴ്സിലേക്ക് വരുമോ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് തിരിച്ചുവരില്ലെന്ന് ആരു പറഞ്ഞു എന്ന് ജോസൂട്ടന്‍ ട്വിറ്ററിലൂടെ മറുപടി നല്‍കിയിരുന്നു. എഫ്സി സിന്‍സിനാറ്റിയില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സിലേക്ക് വരാന്‍ അനുവാദമുള്ള തരത്തിലാണ് തന്റെ കരാറെന്നും ജോസൂട്ടന്‍ വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ