ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്റെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യയെ വിജയതീരത്ത് എത്തിച്ചത്. 113 പന്തിൽ പുറത്താവാതെ 125 റൺസെടുത്ത സമീപകാലത്ത് തനിക്കെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങൾക്കെല്ലാം ബാറ്റു കൊണ്ട് മറുപടി നൽകുന്ന കാഴ്ചയാണ് കണ്ടത്. ഇതോടെ ഇന്ത്യ 2-1ന് പരമ്പര നേടി. മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് അവാർഡും പന്ത് നേടി.
രോഹിത് ശര്‍മ്മ വിരാട് കോഹ്ലി ശിഖര്‍ ധവാൻ തുടങ്ങിയ വമ്പന്മാരെല്ലാം ഇംഗ്ലീഷ് പേസാക്രമണത്തിന് മുന്നിൽ വീണപ്പോൽ ഹർദിക് പാണ്ഡ്യക്ക് ഒപ്പം ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലാവുകയായിരുന്നു പന്ത്. തുടക്കത്തിൽ പാണ്ഡ്യ ആക്രമണം ഏറ്റെടുത്തപ്പോൾ പതിയെ കളിച്ച പന്ത്, പാണ്ഡ്യ വീണതോടെ ഗിയർ മാറ്റുകയായായിരുന്നു. 71 പന്തിൽ ഏഴ് ഫോറുകളോടെ അൻപതിലെത്തിയ റിഷഭിന് സെഞ്ചുറിയിലെത്താൻ 35 പന്ത് മാത്രമാണ് വേണ്ടി വന്നത്. അങ്ങനെ പന്ത് ഏകദിനത്തിലെ തന്റെ ആദ്യ ഏകദിന സെഞ്ചുറി കുറിക്കുകയായിരിക്കുന്നു.
പന്ത് വെറും 18 റൺസിൽ നിൽക്കെ, ഒരു സ്റ്റംപിംഗ് അവസരം ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ നഷ്ടപ്പെടുത്തിയിരുന്നു. അങ്ങനെ ഒരിക്കൽ കൂടി ജീവൻ ലഭിച്ച പന്താണ് കത്തികയറിയത്. എന്നാൽ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ ബട്ട്ലർ പന്തിനെ വാഴ്ത്തി, മറ്റുള്ളവരിൽ നിന്ന് പന്തിനെ വ്യത്യസ്തനാക്കുന്നത് എന്താണെന്ന് ബട്ട്ലർ പറഞ്ഞു.
“റിഷഭ് ഒരു മികച്ച കളിക്കാരനാണ്. അവന് നിങ്ങൾ ഒരു അവസരം നൽകിയാൽ, അവൻ നിങ്ങൾക്ക് നഷ്ടപ്പെടുത്തിയ അവസരത്തിന്റെ വില മനസിലാക്കി തരും. ലോകമെമ്പാടും ആക്രമണമനോഭാവത്തോടെ കളിക്കുന്ന നിരവധി താരങ്ങളുണ്ട്, എന്നാൽ റിഷഭ് ഒരു നിർഭയനായ കളിക്കാരനാണ്, ”ബട്ട്ലർ മാധ്യമങ്ങളോട് പറഞ്ഞു.
“എല്ലാ ഫോർമാറ്റുകളിലും അദ്ദേഹം മികച്ച താരമാണ്. കാണാൻ ആവേശം തോന്നിക്കുന്ന കളിക്കാരനാണ് . അവന്റെ മനോഭാവമാണ് അവനെ വേറിട്ടു നിർത്തുന്നത്.” ബട്ട്ലർ കൂട്ടിച്ചേർത്തു. “അദ്ദേഹം ഒരു അസാധാരണ പ്രതിഭയാണ്, അദ്ദേഹം ഒരു നിർഭയനായ കളിക്കാരനാണ്. അവൻ കളിക്കാൻ ആഗ്രഹിക്കുന്ന രീതിയിൽ കളിക്കാൻ അവന് മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്ന് തോന്നുന്നു, ” ബട്ട്ലർ പറഞ്ഞു.
നേരത്തെ ആദ്യ ബാറ്റിങ്ങിൽ ഇംഗ്ലണ്ടിനായി തിളങ്ങിയത് ബട്ട്ലർ ആയിരുന്നു, ഇംഗ്ലണ്ട് 45.5 ഓവറിൽ 259 ഓൾഔട്ടായപ്പോൾ ബട്ട്ലർ 80 പന്തിൽ 60 റൺസ് നേടി. ഓവലിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യ 10 വിക്കറ്റിന് വിജയിച്ചിരുന്നു. അതിന് ലോർഡ്സിൽ നടന്ന രണ്ടാം മത്സരത്തിൽ 100 റൺസിന്റെ വിജയത്തോടെ ഇംഗ്ലണ്ട് മറുപടി നൽകി. പിന്നാലെയാണ് മൂന്നാം ഏകദിനത്തിൽ പന്തും പാണ്ഡ്യയും ചേർന്ന് ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്റെ ജയവും പരമ്പരയും സമ്മാനിച്ചത്.