ആഷസ് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ഓവലിൽ പുരോഗമിക്കുകയാണ്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് 78 റൺസിന്റെ ലീഡെടുത്ത് കഴിഞ്ഞു. വൻ തകർച്ചയിലേക്ക് പോയ ഓസ്ട്രേലിയയെ കരകയറ്റിയത് സ്റ്റീവ് സ്മിത്തിന്റെ ഇന്നിങ്സാണ്. പരമ്പരയിലുടനീളം താരം പുറത്തെടുത്ത മികവ് അഞ്ചാം മത്സരത്തിലും തുടർന്നപ്പോൾ സ്മിത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത് 80 റൺസാണ്. ഓസിസിന്റെ ടോപ്പ് സ്കോററും സ്മിത്ത് തന്നെയാണ്. എന്നാൽ മത്സരത്തിനിടയിൽ ഓസിസ് താരത്തെ നിലത്ത് വീഴ്ത്തി ജോണി ബെയർസ്റ്റോ.

ജോഫ്രാ ആർച്ചറിന്റെ പന്തിൽ റൺസിനായി ഓടിയ സ്മിത്തിനെ ഫേക്ക് ഫീൾഡിങ്ങിലൂടെ കബളിപ്പിച്ചാണ് ജോണി ബെയർസ്റ്റോ താരത്തെ വീഴ്ത്തിയത്. നോൺ സ്ട്രൈക്ക് എൻഡിൽ നിന്നും സ്ട്രൈക്ക് എൻഡിലേക്ക് കുതിച്ച സ്മിത്തിന് മുന്നിൽ പന്ത് അങ്ങോട്ട് വരുന്നു എന്ന രീതിയിൽ ജോണി ബെയർസ്റ്റോ ഒരുങ്ങി നിന്നു. ഇത് കണ്ട സ്റ്റീവ് സ്മിത്ത് ഫുൾ ലെങ്തിൽ ക്രീസിലേക്ക് ഡൈവ് ചെയ്തു. എന്നാൽ പന്ത് ജോഫ്രാ ആർച്ചറിന്റെ കൈകളിലേക്കാണ് എത്തിയത്. നിലത്ത് നിന്ന് എഴുന്നേറ്റ ശേഷമാണ് സ്മിത്ത് ഇത് തിരിച്ചറിഞ്ഞത്.

മത്സരത്തിന് ശേഷം സംഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ സ്മിത്തിന്റെ പ്രതികരണം ഇങ്ങനെ. ” എന്റെ തുണിയിൽ അഴുക്ക് ആക്കി. ആ പന്ത് എവിടെയായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു. പറ്റിച്ചു. വേറെന്താണ് പറയേണ്ടത് എന്ന് അറിയില്ല.”

എന്നാൽ മുൻ താരങ്ങളും ആരാധകരും ജോണി ബെയർസ്റ്റോയ്ക്കെതിരെയും ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെതിരെയും രംഗത്തെത്തി. ബെയർസ്റ്റോയുടെ നടപടിയിൽ ഇംഗ്ലണ്ടിനെതിരെ നടപടിയെടുക്കണമെന്നാണ് ആരാധകരുടെ ആവശ്യം. ഫേക്ക് ഫീൾഡിങ്ങ് അഭിനയിച്ചാൽ ബാറ്റിങ് ടീമിന് അഞ്ച് പെനാൽറ്റി റൺസ് നൽകണമെന്നാണ് ഐസിസി ചട്ടം. എന്നാൽ ഇത് അമ്പയർമാരുടെ ശ്രദ്ധയിൽ പെടാത്തതിനാൽ ഇംഗ്ലണ്ട് രക്ഷപ്പെടുകയായിരുന്നു.

Read Here: ആദ്യം ചതിയനെന്ന് വിളിച്ചു, ഒടുവില്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു; സാന്റ് പേപ്പറിനേക്കാള്‍ കരുത്ത് ബാറ്റിന് തന്നെ!

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook