ക്രിക്കറ്റിലെ ഇതിഹാസങ്ങളാണ് സച്ചിൻ ടെണ്ടുൽക്കറും രാഹുൽ ദ്രാവിഡും. അന്താരാഷ്ട്ര ക്രിക്കറ്റിൽ പല റെക്കോർഡുകളും ഈ താരങ്ങളുടെ പേരിലാണ്. അത്തരത്തിൽ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടെന്ന റെക്കോർഡും ഇരുവരുടെയും പേരിലായിരുന്നു. അത് മറികടന്നിരിക്കുകയാണ് വിൻഡീസ് ഓപ്പണർമാരായ ഷായ് ഹോപ്പും ജോൺ ക്യാമ്പ്ബെല്ലും.

Also Read: IPL 2019, KXIP vs CSK : ചെന്നൈയുടെ ‘തല’ അരിഞ്ഞ് പഞ്ചാബ്; താരമായി രാഹുൽ

സച്ചിൻ ടെണ്ടുൽക്കറുടെയും 331 റൺസെന്ന റെക്കോർഡാണ് വിൻഡീസ് താരങ്ങൾ മറികടന്നത്. അയർലണ്ടിനെതിരായ നടന്ന മത്സരത്തിൽ 365 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്. 47-ാം ഓവർ വരെ ഇരുവരും ക്രീസിൽ തുടരുകയും ചെയ്തു. ഒന്നാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടും ഇനി ഇവരുടെ പേരിലായിരിക്കും.

ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടാണ് ഇരുവരും തീർത്തത്. ഏറ്റവും കൂട്ടുകെട്ടും വിൻഡീസ് താരങ്ങളുടെ പേരിൽ തന്നെയാണ്. ക്രിസ് ഗെയ്‌ലും മാർലോസ് സാമുവേൽസുമാണ് റെക്കോർഡിന് ഉടമസ്ഥർ. 2015ൽ സിംബാബ്‌വെയ്ക്കെതിരെ 372 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്.

ന്യൂസിലൻഡിനെതിരെ 1999ലായിരുന്നു സച്ചിൻ ടെണ്ടുൽക്കറും രാഹുൽ ദ്രാവിഡും ചേർന്ന് 331 റൺസ് നേടിയത്. അതേവർഷം തന്നെ സൗരവ് ഗാംഗുലിക്കൊപ്പം ചേർന്ന് രാഹുൽ ദ്രാവിഡ് സ്കോർ ചെയ്ത 318 റൺസാണ് ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന നാലാമത്തെ കൂട്ടുകെട്ട്.

Also Read: IPL 2019, Point Table: ആവേശം അവസാന മത്സരത്തിലേക്ക്; പ്ലേ ഓഫ് സാധ്യത ഹൈദരാബാദിനും കൊൽക്കത്തയ്ക്കും

ലോകകപ്പിന് മുന്നോടിയായി നടന്ന മത്സരത്തിലാണ് അയർലണ്ടിനെതിരെ വിൻഡീസ് താരങ്ങളുടെ വെടിക്കെട്ട് ബാറ്റിങ്. 47-ാം ഓവറിലെ രണ്ടാം പന്തിൽ ജോൺ ക്യാമ്പ്ബെലാണ് ആദ്യം പുറത്തായത്. 137 പന്തിൽ 179 റൺസാണ് ജോൺ ക്യാമ്പ്ബെൽ അടിച്ചെടുത്തത്. 15 ഫോറും ആറ് സിക്സും അടങ്ങുന്നതായിരുന്നു ക്യാമ്പ്ബെല്ലിന്റെ ഇന്നിങ്സ്.

അതേ ഓവറിലെ അഞ്ചാം പന്തിൽ ഷായ് ഹോപ്പിനെയും ബാരി മെക്കാർത്തി പുറത്താക്കുകയായിരുന്നു. 152 പന്തിൽ 170 റൺസെടുത്ത ഷായ് ഹോപ്പിനെ ബാരി ലോർക്കന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. 22 ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ഹോപ്പിന്റെ ഇന്നിങ്സ്. ഇരുവരുടെയും മികവിൽ 381 റൺസാണ് വിൻഡീസ് അടിച്ചുകൂട്ടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook