ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഐഎസ്എൽ മൽസരത്തിനിടെ നോർത്ത് ഈസ്റ്റിൽ നിന്നുള്ള പെൺകുട്ടിക്ക് കാണികളിൽ നിന്നുണ്ടായ മോശം പെരുമാറ്റത്തിൽ രോഷാകുലനായി ബോളിവുഡ് നടൻ ജോൺ എബ്രഹാം. പെൺകുട്ടിയോട് മൽസരം കാണാനെത്തിയ ചെറുപ്പക്കാരൻ മോശമായി പെരുമാറുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് സംഭവത്തിൽ പ്രതികരണവുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമിന്റെ ഉടമ കൂടിയായ ജോൺ എബ്രഹാം രംഗത്തെത്തിയത്.

കായികവിനോദം കാണാനെത്തുന്ന ആർക്കെങ്കിലും അവിടം സുരക്ഷിതമല്ലാത്ത സ്ഥലമായി അനുഭവപ്പെടുന്നത് തന്നെ വളരെയധികം അസ്വസ്ഥനാക്കുന്നുവെന്ന് ജോൺ എബ്രഹാം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സ്പോർട്സിൽനിന്നും പോസിറ്റീവായ കാര്യങ്ങളാണ് ഞാനെപ്പോഴും സ്വീകരിച്ചിട്ടുളളത്. തോൽവിയെ സ്പോർട്സ്മാൻ സ്പിരിറ്റോടെ എടുക്കാനും വിജയത്തിൽ അമിതമായി ആഹ്ലാദിക്കാതിരിക്കാനും പഠിച്ചു. ചിന്താശൂന്യരായ ചെറുപ്പക്കാരുടെ മോശം പെരുമാറ്റത്തിന് വിധേയയായ പെൺകുട്ടിക്ക് ഒപ്പം നിൽക്കും. ആ നിമിഷത്തിൽ നീ ഒറ്റയ്ക്കാണെന്നു വിചാരിച്ചതുപോലെ ഇനി ഒരിക്കലും വിചാരിക്കരുത്. താൻ നേരിട്ടെത്തി പെൺകുട്ടിയെ കാണുമെന്നും അവൾക്ക് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്തുമെന്നും ജോൺ എബ്രഹാം പറയുന്നു.

അവളെ ശല്യപ്പെടുത്തിയ ആരാധകരെ ഞാൻ വ്യാജ ആരാധകർ എന്ന് വിളിക്കും. ഞങ്ങളുടെ യഥാർഥ ആരാധകരിൽനിന്ന് ഇത്തരമൊരു പെരുമാറ്റം ഉണ്ടായാൽ ഞാനോ അഭിഷേക് ബച്ചനോ (ചെന്നൈയിൻ എഫ്സി സഹ ഉടമ) ഒരിക്കലും മാപ്പു നൽകില്ല. ഞാൻ നിങ്ങളെ കണ്ടെത്തും. നിങ്ങൾക്ക് ശിക്ഷ ലഭിച്ചുവെന്ന് ഉറപ്പുവരുത്തും. നിങ്ങളുടെ പെരുമാറ്റത്തിനായി ക്ഷമ ചോദിപ്പിക്കുമെന്നും ജോൺ എബ്രഹാം പറഞ്ഞു.

കഴിഞ്ഞ ദിവസം ചെന്നൈയിൻ എഫ്സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയും തമ്മിലുളള മൽസരത്തിനിടെയാണ് പെൺകുട്ടിയോട് മൽസരം കാണാനെത്തിയ ചെറുപ്പക്കാരൻ മോശമായി പെരുമാറിയത്. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ഇയാൾ മദ്യപിച്ചിരുന്നതായാണ് വിവരം. മൽസരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 3-0 ന് ചെന്നൈയിൻ എഫ്സി തകർത്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ