ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് രാജസ്ഥാൻ റോയൽസ് പുറത്തായതോടെ ഒരു ഇടവേള ആസ്വാദിക്കുകയാണ് ഇംഗ്ലിഷ് പേസർ ജോഫ്ര ആർച്ചർ. ഇംഗ്ലണ്ടിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്ന് താരത്തിന് വിശ്രമം അനുവദിച്ചിട്ടുണ്ട്. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും താരം ചർച്ച വിഷയം തന്നെയാണ്. പതിവുപോലെ താരത്തിന്റെ ഒരു പഴയ ട്വീറ്റാണ് ഇപ്പോൾ ആരാധകർ കുത്തിപ്പൊക്കിയിരിക്കുന്നത്. എന്നാൽ അത് ക്രിക്കറ്റുമായി ബന്ധപ്പെട്ടുള്ളതല്ല, അമേരിക്കൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്.

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെ ഡെമോക്രറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡൻ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ട്വീറ്റും ശ്രദ്ധയിൽപ്പെട്ടത്. ‘Joe (ജോ)’ എന്നാണ് 2014 ഒക്ടോബറിൽ താരം ട്വിറ്ററിൽ കുറിച്ചത്. ഇത് ജോ ബൈഡന്റെ വിജയത്തെ സൂചിപ്പിക്കുന്നതാണെന്നാണ് ഇപ്പോഴുയരുന്ന വാദം.

ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പ് മുതലാണ് ആർച്ചറിന്റെ ട്വീറ്റുകൾ വലിയ രീതിയിൽ ചർച്ചയാകുന്നതും ജനപ്രീതി നേടുന്നതും. അതിന് ശേഷം ക്രിക്കറ്റിൽ നടന്ന പല സംഭവങ്ങളോടും ചേർത്ത് വായിക്കാൻ സാധിക്കുന്ന തരത്തിൽ ജോഫ്ര ആർച്ചർ മുമ്പ് തന്നെ പ്രവചിച്ചിരിക്കുന്ന തരത്തിലുള്ള ട്വീറ്റുകൾ താരത്തിന്റെ വാളിൽ നിരവധിയാണ്.

ഐപിഎല്ലിൽ ആദ്യ മത്സരങ്ങളിൽ പുറത്തിരുന്ന ക്രിസ് ഗെയ്ൽ തകർപ്പൻ തിരിച്ചുവരവാണ് ടൂർണമെന്റിന്റെ രണ്ടാം പകുതിയിൽ നടത്തിയത്. രാജസ്ഥാനെതിരെ താരം സെഞ്ചുറിക്കരികെയാണ് താരം വീണത്. അന്ന് 99ൽ ഗെയ്‌ലിനെ പുറത്താക്കിയത് ആർച്ചറായിരുന്നു. അതുമായി ബന്ധപ്പെട്ടും ഒരു ട്വീറ്റ് ആരാധകർ കണ്ടെത്തി.

താനാണ് ബോൾ ചെയ്യുന്നതെങ്കിൽ അയാൾ സെഞ്ചുറി തികയ്ക്കില്ലെന്ന സത്യം 2013ൽ തന്നെ ആർച്ചർ വെളിപ്പെടുത്തിയിരുന്നതായാണ് പറയുന്നത്. ഇക്കാര്യം സൂചിപ്പിച്ച് ആർച്ചർ 2013 ഫെബ്രുവരിയിൽ പോസ്റ്റ് ചെയ്ത ട്വീറ്റ്, മത്സരത്തിനു പിന്നാലെ അദ്ദേഹത്തിന്റെ ടീമായ രാജസ്ഥാൻ റോയൽസ് തന്നെ റീട്വീറ്റ് ചെയ്തു. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിങ്സ് ഇലവൻ പഞ്ചാബിന്, ഗെയ്‌ലിന്റെ വെടിക്കെട്ട് ഇന്നിങ്സാണ് തുണയായത്. രാജസ്ഥാൻ ഫീൽഡർമാർ രണ്ട് തവണ ‘ലൈഫ്’ നൽകിയ ഗെയ്‍ൽ, 63 പന്തിൽ ആറു ഫോറും എട്ട് പടുകൂറ്റൻ സിക്സറുകളും സഹിതം 99 റൺസാണെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook