ലോർഡ്സ്: ക്രിക്കറ്റ് ആരാധകരെ ആകെ ഒരു നിമിഷം നിശ്ചലമാക്കിയതായിരുന്നു സ്മിത്തിനെ നിലത്ത് വീഴ്ത്തിയ ജോഫ്ര ആർച്ചറുടെ ബൗൺസർ. രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സര്‍ കഴുത്തിലിടിച്ച് പരുക്കേറ്റ സ്മിത്ത് നിലതെറ്റി വീഴുകയായിരുന്നു. പിന്നാലെ വലിയ വിമർശനമാണ് ജോഫ്രാ ആർച്ചർ നേരിടുന്നത്. എന്നാൽ താൻ മനഃപൂർവ്വം എറിഞ്ഞതല്ലെന്നാണ് ആർച്ചർ പറയുന്നത്
പന്തുകൊണ്ട് നിലത്ത് വീണ സ്റ്റീവ് സ്മിത്തിനെ ഗൗനിക്കാതെ തിരിച്ചു നടന്ന ജോഫ്ര ആര്‍ച്ചർക്കെതിരെ വിമര്‍ശനവുമായി മുന്‍ പാക് താരം ഷൊയ്ബ് അക്തര്‍ ഉൾപ്പടെയുള്ള താരങ്ങളും രംഗത്തെത്തിയിരുന്നു. എന്നാൽ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ഇതിനെയെല്ലാം തള്ളിയിരിക്കുകയാണ് ആർച്ചർ.
Also Read: ഏറുകൊണ്ട് വീണ സ്മിത്തിനെ നോക്കി ചിരിച്ചു, കൂസാതെ തിരിച്ചു നടന്നു; ആര്‍ച്ചറെ പൊരിച്ച് അക്തര്‍
“അത് ഒരിക്കലും ഒരു പദ്ധതി ആയിരുന്നില്ല. വിക്കറ്റെടുക്കാൻ മാത്രമാണ് ശ്രമിച്ചത്. അദ്ദേഹം നിലത്ത് വീണപ്പോൾ എല്ലാവരുടെയും ഹൃദയം ഒരു നിമിഷം നിലച്ചു. ഒരാളും സ്ട്രെച്ചറിൽ പോകാൻ ആരും ആഗ്രഹിക്കുന്നില്ല. അതൊരു വെല്ലുവിളിയായിരുന്നു, നല്ല സ്പെൽ. അത് അങ്ങനെ അവസാനിക്കാനല്ല ആഗ്രഹിച്ചത്,” ആർച്ചർ പറഞ്ഞു.
ബൗൺസർ കൊണ്ട സ്മിത്തിന് മത്സരം നഷ്ടമായിരുന്നു. പരിശോധനയില്‍ സ്മിത്ത് ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് താരത്തെ പിന്‍വലിച്ചത്. 148.7 കിലോമീറ്റര്‍ വേഗത്തില്‍ കുത്തിയുയര്‍ന്ന പന്ത് താടിയുടെ ഭാഗത്ത് ഹെല്‍മറ്റിന്റെ ഗ്രില്ലില്‍ വന്നിടിച്ചതോടെ സ്മിത്ത് നിലതെറ്റി താഴെ വീഴുകയായിരുന്നു.
Bouncers are a part & parcel of the game but whenever a bowler hits a batsman on the head and he falls, courtesy requires that the bowler must go & check on him. It was not nice of Archer to just walk away while Smith was in pain. I was always the first one to run to the batsman.
— Shoaib Akhtar (@shoaib100mph) August 18, 2019
സ്മിത്ത് നിലത്ത് വീണ് കിടക്കുമ്പോള്‍ നോക്കി ചിരിക്കുന്ന ആര്‍ച്ചറുടേയും ജോസ് ബട്‌ലറുടേയും ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതോടെ ഇരുവര്‍ക്കെതിരേയും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം, ഇത് സ്മിത്ത് വീണു കിടക്കുന്ന സമയത്തെ ചിത്രം തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തമായിട്ടില്ല.