ഇംഗ്ലണ്ട് ആതിഥേയത്വം വഹിക്കുന്ന 2019 ഏകദിന ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ പേസർ ജോഫ്ര ആർച്ചറും ഇടംപിടിച്ചു. പ്രാഥമിക ടീമിൽ നിന്ന് രണ്ട് മാറ്റവുമായാണ് ഇംഗ്ലണ്ട് അന്തിമ ടീമിനെ പ്രഖ്യാപിച്ചത്. ഡേവിഡ് വില്ലിയെയും ജോ ഡെൻലിയെയും ഒഴിവാക്കിയ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് പകരം ജോഫ്രാ ആർച്ചറിനും ഡാവ്സണും അവസരം നൽകുകയായിരുന്നു. നേരത്തെ പ്രഖ്യാപിച്ച പ്രാഥമിക ടീമിൽ ഇരുവരും ഇടംപിടിച്ചിരുന്നില്ല.

ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ താരമായിരുന്നു ജോഫ്രാ ആർച്ചർ. കഴിഞ്ഞ മാർച്ചിലാണ് ജോഫ്രാ ആർച്ചർ ആദ്യമായി ഇംഗ്ലണ്ട് ടീമിന് വേണ്ടി പന്തെറിഞ്ഞത്. വെറും മൂന്ന് ഏകദിനങ്ങള്‍ മാത്രമാണ് ജോഫ്ര ഇംഗ്ലണ്ടിന് വേണ്ടി കളിച്ചിട്ടുള്ളത്. മറുവശത്ത് ലിയാം ഡാവ്‌സന്‍ ടീമിലെത്തിയതും ശ്രദ്ധേയമാണ്. കഴിഞ്ഞ ഒക്ടോബറിലാണ് ഡാവ്സൺ അവസാനമായി ഇംഗ്ലണ്ട് കുപ്പായമണിഞ്ഞത്. വിലക്ക് ലഭിച്ച ഓപ്പണര്‍ അലക്‌സ് ഹെയ്‌ല്‍സിന് പകരം പാക്കിസ്ഥാനെതിരായ പരമ്പരയില്‍ കളിച്ച ജെയിംസ് വിന്‍സ് ടീമില്‍ തുടരും.

ലോകകപ്പിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം: ഇയാൻ മോർഗൻ, ജേസൺ റോയ്, ജോണി ബെയർസ്റ്റോ, ജോ റൂട്ട്, ജെയിംസ് വിൻസ്, ജോസ് ബട്‌ലർ, ബെൻ സ്റ്റോക്സ്, മൊയിൻ അലി, ആദിൽ റഷീദ്, ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ്, ടോം കറൺ, ലിയാം ഡാവ്സൺ, ജോഫ്രാ ആർച്ചർ, മാർക്ക് വുഡ്.

വിശ്വപോരാട്ടത്തിന് മുന്നോടിയായി പാക്കിസ്ഥാനും അയര്‍ലാന്‍ഡിനുമെതിരായ മത്സരങ്ങള്‍ക്ക് ശേഷമാണ് ഇപ്പോൾ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അന്തിമ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

മൂന്ന് വട്ടം ഫൈനിലെത്തിയിട്ടും കിരീടം നേടാനാകാതെ പോയവരാണ് ഇംഗ്ലണ്ട്. കന്നി കീരീടം എന്ന വര്‍ഷങ്ങളുടെ മോഹം ഇക്കൊല്ലം കൈയ്യെത്തിപ്പിടിക്കാന്‍ ആവുമെന്നാണ് ഇംഗ്ലണ്ട് വിശ്വസിക്കുന്നത്. ആ വിശ്വാസത്തിന് കരുത്ത് പകരുന്ന പ്രധാന ഘടകം ബാറ്റിങ് നിരയുടെ മിന്നും ഫോമാണ്. ഇത്ര നാള്‍ ഇത്ര സ്ഥിരതയോടെ ബാറ്റ് വീശുന്നൊരു മുന്‍നിര ലോകകപ്പിനെത്തുന്ന മറ്റൊരു ടീമിനും അവകാശപ്പെടാനുണ്ടാകില്ല. ജോണി ബെയര്‍സ്‌റ്റോ, ജെയ്‌സണ്‍ റോയ്, ജോ റൂട്ട്, ജോസ് ബട്‌ലര്‍, ഇയാന്‍ മോര്‍ഗന്‍.

ഇത്തവണ ലോകകപ്പ് നേടാന്‍ ഏറ്റവും അധികം സാധ്യതയുള്ള ടീമായി വിലയിരുത്തപ്പെടുന്നവരാണ് ഇംഗ്ലണ്ട്. ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിലേക്ക് ഒരു ലോകകപ്പ് പോലും ഇതുവരെ എത്തിക്കാന്‍ സാധിച്ചിട്ടില്ല. അതിനുള്ള ഏറ്റവും മികച്ച അവസരമാണ് ഇത്. ഇയാന്‍ മോര്‍ഗന്റെ നേതൃത്വത്തിലിറങ്ങുന്ന ഇംഗ്ലണ്ട് അസാധ്യ ഫോമിലാണ് കളിക്കുന്നത്. ബാറ്റിങ്ങിലാണ് ടീമിന്റെ കരുത്തെങ്കിലും എല്ലാ മേഖലകളിലും മികവ് തെളിയിച്ചവരാണ് ഇംഗ്ലീഷ് പട.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook