ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനങ്ങളിലൊന്നിനാണ് ഇന്നലെ നടന്ന രാജസ്ഥാൻ – കൊൽക്കത്ത മത്സരം വേദിയായത്. കൊൽക്കത്തയുടെ ഇന്ത്യൻ യുവനിര രാജസ്ഥാനെ തകർക്കുന്നതിന് മുമ്പ് രാജസ്ഥാന്റെ ഇംഗ്ലിഷ് പേസർ ജോഫ്രാ ആർച്ചർ പന്തുകൊണ്ട് അത്ഭുതം സൃഷ്ടിച്ചിരുന്നു. തന്റെ നാല് ഓവർ സ്‌പെല്ലിൽ 14 ഡോട്ട് ബോളുകളാണ് അദ്ദേഹമെറിഞ്ഞത്. ആദ്യ മൂന്ന് ഓവറിൽ നാല് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകളുമെടുത്ത ആർച്ചർ എന്നാൽ അവസാന ഓവറിൽ 14 റൺസ് വിട്ടുകൊടുത്തു. അതേസമയം ആദ്യ മൂന്ന് ഓവറുകൾ മാത്രം മതി ആർച്ചറെന്ന അസ്ത്രത്തിന്റെ മൂർച്ചയും വേഗതയും മനസിലാക്കാൻ.

Read more: അതീവ ക്ഷീണിതൻ, ഓടാൻ വയ്യ; പാടുപെട്ട് ധോണി, ആരാധകർ നിരാശയിൽ

ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തനായിട്ടുള്ള ആർച്ചറെയായിരുന്നു മൂന്നാം മത്സരത്തിൽ കണ്ടത്. ആദ്യ മത്സരങ്ങളിൽ സ്ലോ ബോളുകൾ പരീക്ഷിച്ച ആർച്ചറിനെ ബാറ്റ്സ്മാന്മാർ ഇടയ്ക്കിടയ്ക്ക് ബൗണ്ടറി കടത്തി. എന്നാൽ മൂന്നാം മത്സരത്തിൽ തന്റെ വേഗത വർധിപ്പിച്ച താരം കൊൽക്കത്തൻ ബാറ്റ്സ്മന്മാരെ വെള്ളം കുടിപ്പിച്ചു.

Also Read: ‘അതെത്രത്തോളം വേദനിപ്പിക്കുമെന്ന് എനിക്കറിയാം’; സഞ്ജുവിനെ കുറിച്ച് സച്ചിൻ

ആദ്യ ഓവറിൽ ഒരു റൺസ് മാത്രം വഴങ്ങി രാജസ്ഥാന് തുടക്കത്തിലെ ആധിപത്യം ഉറപ്പിക്കാൻ ആർച്ചറിന് സാധിച്ചു. മണിക്കൂറിൽ 147.4 കിലോമീറ്റർ വേഗതയിലായിരുന്നു താരത്തിന്റെ ആദ്യ പന്ത്. രണ്ടാം പന്ത് 150ന് മുകളിൽ കയറ്റി. അടുത്ത രണ്ട് പന്തുകളും 147.8, 147.7 (കിലോമി/മണിക്കൂർ) എന്ന വേഗതയിലാണ് താരം എറിഞ്ഞതെങ്കിൽ സുനിൽ നരെയ്ൻ നേരിട്ട ആറാം പന്ത് എത്തിയത് 150.8 കിലോമീറ്റർ വേഗതയിലായിരുന്നു.

ആർച്ചറിനെ ഭംഗിയായി ഉപയോഗിക്കാനും രാജസ്ഥാൻ നായകൻ സ്റ്റീവ് സ്‌മിത്തിന് സാധിച്ചു. തന്റെ രണ്ടാം സ്‌പെൽ ഓപ്പണർ ശുഭ്മാൻ ഗില്ലിനെ കൂടാരം കയറ്റിയാണ് ആർച്ചർ അവസാനിപ്പിച്ചത്. 140.5 kph എത്തിയ ഫുൾ ലെങ്ത് ഡെലിവറിയിൽ ആർച്ചർ ഗില്ലിനെ തന്റെ കയ്യിൽ തന്നെ എത്തിച്ചു. മൂന്നാം ഓവറിൽ കൊൽക്കത്ത നായകൻ ദിനേശ് കാർത്തിക്കിനെയും ആർച്ചർ പുറത്താക്കി. ആ ഓവറിൽ വഴങ്ങിയതാകട്ടെ രണ്ട് റൺസും. ഇംഗ്ലിഷ് നായകൻ ഒയിൻ മോർഗനെതിരെ താരം എറിഞ്ഞ ഒരു പന്തിന്റെ വേഗത മണിക്കൂറിൽ 152.1 കിലോമീറ്ററായിരുന്നു. എന്നാൽ അവസാന ഓവറിൽ ആർച്ചറിനെതിരെ താളം കണ്ടെത്താൻ മോർഗന് സാധിച്ചു.

Also Read: സൂപ്പർ സഞ്ജു; പാറ്റ് കമ്മിൻസിനെ പറന്ന് പിടിച്ച് മലയാളി താരം, വീഡിയോ

മത്സരത്തിൽ തുടർച്ചയായ മൂന്നാം ജയം പ്രതീക്ഷിച്ചിറങ്ങിയ രാജസ്ഥാന് കൊൽക്കത്തയ്ക്ക് മുന്നിൽ അടിതെറ്റി. 37 റൺസിനാണ് നൈറ്റ് റൈഡേഴ്സ് രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയത്. കൊൽക്കത്ത ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് നിശ്ചിത ഓവറിൽ 137 റൺസെടുക്കാനെ കഴിഞ്ഞുള്ളു. കഴിഞ്ഞ രണ്ട് മത്സരത്തിലും 200 കടന്ന രാജസ്ഥാൻ ബാറ്റ്സ്മന്മാരെ പിടിച്ചുകെട്ടിയത് കൊൽക്കത്തയുടെ യുവ ഇന്ത്യൻ ബോളർമാരാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook