ഇംഗ്ലണ്ടിനെ ക്രിക്കറ്റിലെ വിശ്വവിജയികളാക്കുന്നതില്‍ ജോഫ്ര ആര്‍ച്ചറെന്ന ബാര്‍ബഡോസുകാരന്റെ പങ്ക് വളരെ വലുതാണ്. ലോകകപ്പിന് തൊട്ട് മുമ്പാണ് ആര്‍ച്ചര്‍ ടീമിലെത്തുന്നത്. അതിന് മുമ്പ് കളിച്ചത് ചുരുക്കം ഏകദിനങ്ങള്‍ മാത്രമായിരുന്നു. എന്നിട്ടും ആര്‍ച്ചര്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ബോളിങ് നിരയെ മുന്നില്‍ നിന്നു നയിച്ചു. ഒടുവില്‍ സൂപ്പര്‍ ഓവറിലേക്ക ഫൈനല്‍ നീണ്ടപ്പോഴും ആര്‍ച്ചറിലാണ് ഇംഗ്ലണ്ട് ഉത്തരം കണ്ടെത്തിയത്.

പക്ഷെ ബൗണ്‍സറുകളും യോര്‍ക്കറുകളും ഇന്‍ സ്വിങ്ങറുകളും മാത്രമല്ല ജോഫ്രയ്ക്ക് ബാറ്റിങ്ങും അസ്സലായി വഴങ്ങും. സസെക്‌സ് സെക്കന്റ് ഇലവന് വേണ്ടി ഇറങ്ങിയ ആര്‍ച്ചര്‍ ആറ് വിക്കറ്റും വെടിക്കെട്ട് സെഞ്ചുറിയും നേടിയാണ് തന്റെ ബാറ്റിങ് മികവ് കൂടി പുറത്തെടുത്തത്. ഗ്ലോസ്റ്റര്‍ഷയര്‍ സെക്കന്റ് ഇലവനായിരുന്നു എതിരാളികള്‍.


മൂന്ന് സ്‌പെല്ലുകളിലായി 12.1 ഓവറില്‍ 27 റണ്‍സ് വഴങ്ങി ആറ് വിക്കറ്‌റുകളാണ് ആര്‍ച്ചര്‍ നേടിയത്. ജെയിംസ് ആന്റേഴ്‌സന്റേയും മാര്‍ക്ക് വുഡിന്റേയും അഭാവത്തില്‍ ഇംഗ്ലണ്ടിനായി ആഷസില്‍ അരങ്ങേറാന്‍ താന്‍ തയ്യാറാണെന്ന് ആര്‍ച്ചര്‍ വിളിച്ച് പറയുകയായിരുന്നു. പിന്നീടായിരുന്നു താരത്തിന്റെ ബാറ്റിങ് മികവ് കണ്ടത്.


സ്‌കോര്‍ 52-4 എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു ആര്‍ച്ചര്‍ ക്രീസിലെത്തിയത്. സ്ഥാനക്കയറ്റം കിട്ടിയാണ് ആര്‍ച്ചര്‍ എത്തിയത്. ഹെല്‍മറ്റിന് ഏറ് കൊണ്ടെങ്കിലും ആര്‍ച്ചര്‍ പൊരുതാനുറച്ച് മുന്നോട്ട് നീങ്ങുകയായിരുന്നു പിന്നീട്. 84 പന്തുകളില്‍ നിന്നും ആര്‍ച്ചര്‍ സെഞ്ചുറി കടന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആര്‍ച്ചര്‍ ഇതോടെ 1000 റണ്‍സെന്ന കടമ്പയും കടന്നു. ആര്‍ച്ചര്‍ 100 ശതമാനം ഫിറ്റാണെന്നും അടുത്ത ടെസ്റ്റിന് തയ്യാറാണെന്നുമാണ് പരിശീലകനും മുന്‍ ഓസീസ് താരവുമായ ജെയ്‌സന്‍ ഗില്ലസ്പി പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook