ലണ്ടന്‍: ഈ ലോകകപ്പ് ഇംഗ്ലണ്ടിന് നേടി കൊടുക്കുന്നതില്‍ ജോഫ്ര ആര്‍ച്ചര്‍ എന്ന ബാര്‍ബഡോസുകാരന് നിര്‍ണായക പങ്കുണ്ട്. ആര്‍ച്ചറുടെ തീപന്തുകള്‍ നേരിടാന്‍ പേരുകേട്ട ബാറ്റ്‌സ്മാന്മാര്‍ പോലും പാടുപെടുന്നതിന് ലോകകപ്പ് സാക്ഷ്യം വഹിച്ചു. ഒടുവില്‍ ഫൈനലില്‍ സൂപ്പര്‍ ഓവറില്‍ ഇംഗ്ലണ്ടിനായി പന്തെറിഞ്ഞതും ആര്‍ച്ചറായിരുന്നു.

ഈ ലോകകപ്പോടെ ഇന്ന് പന്തെറിയുന്ന ബോളര്‍മാരില്‍ മുന്‍പന്തിയിലേക്ക് ആര്‍ച്ചര്‍ വളര്‍ന്നു കഴിഞ്ഞു. സമാനതകളില്ലാത്തതായിരുന്നു താരത്തിന്റെ പ്രകടനം. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന ഇംഗ്ലണ്ട് ബോളര്‍ എന്നതടക്കം നിരവധി റെക്കോര്‍ഡുകാണ് ആര്‍ച്ചര്‍ സ്വന്തമാക്കിയത്.

ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനായി മൈതാനത്തേക്ക് ഇറങ്ങുമ്പോള്‍ ആര്‍ച്ചറുടെ മനസില്‍ മൊത്തം തന്റെ കസിന്‍ അഷ്താനിയോ ബ്ലാക്കമാനായിരുന്നു. സെന്റ് ഫിലിപ്പിലെ സ്വന്തം വീടിന് പുറത്ത് വച്ചാണ് ബ്ലാക്ക്മാനെ വെടിവച്ച് കൊന്നത്. ആ വാര്‍ത്തകേള്‍ക്കുമ്പോള്‍ ഇംഗ്ലണ്ട് ലോകകപ്പില്‍ ഒരു മത്സരം മാത്രമായിരുന്നു കളിച്ചിരുന്നത്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു അത്.

”അവനും ആര്‍ച്ചറും ഒരേ പ്രായമാണ്. അവര്‍ തമ്മില്‍ വളരെ അടുപ്പത്തിലായിരുന്നു. മരിക്കുന്നതിന് തൊട്ട് മുമ്പത്തെ ദിവസം പോലും ആര്‍ച്ചര്‍ അവസന് മെസേജ് അയച്ചിരുന്നു. അവന്റെ മരണ വാര്‍ത്ത ആര്‍ച്ചറെ വല്ലാതെ ഉലച്ചിരുന്നു. എന്നാല്‍ അവന്‍ മുന്നോട്ട് പോയി” ജോഫ്ര ആര്‍ച്ചറുടെ പിതാവ് പറയുന്നു. മാര്‍ച്ചിലാണ് ആര്‍ച്ചര്‍ ഇംഗ്ലണ്ടിന് വേണ്ടി കളിക്കാന്‍ യോഗ്യനാകുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook