ഇന്ത്യയ്ക്കെതിരെ തുടർച്ചയായി രണ്ടു ഏകദിനത്തിലും സെഞ്ചുറി നേടിയാണ് ഇംഗ്ലണ്ട് താരം ജോ റൂട്ട് വിമർശകരുടെ വായടപ്പിച്ചത്. മൂന്നു ഏകദിനങ്ങളിൽനിന്നായി 216 റൺസാണ് റൂട്ട് നേടിയത്. ഇന്ത്യയ്ക്കെതിരായ രണ്ടു ട്വന്റി ട്വന്റി മൽസരങ്ങളിൽനിന്നായി ജോ റൂട്ട് വെറും 9 റൺസായിരുന്നു നേടിയത്. ഇതോടെയാണ് താരം വിമർശകരുടെ ഇരയായത്.

ടി ട്വന്റിയിൽ മികച്ച പ്രകടനം നടത്തിയില്ലെങ്കിലും ഏകദിനത്തിൽ ജോ റൂട്ട് ഗംഭീര പ്രകടനം കാഴ്ച വച്ചു. 2011 നുശേഷം ഇന്ത്യയ്ക്കെതിരെ ആദ്യമായി ഏകദിന പമ്പര നേടാൻ ഇംഗ്ലണ്ടിന് സാധിച്ചതും റൂട്ടിന്റെ മികച്ച പ്രകടനമായിരുന്നു. ലീഡ്സിൽ നടന്ന അവസാന ഏകദിനത്തിൽ കരിയറിലെ 12-ാമത് സെഞ്ചുറിയാണ് റൂട്ട് തികച്ചത്.

മൽസരത്തിൽ എട്ടു വിക്കറ്റ് ജയം സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് പരമ്പര നേടിയത്. കോഹ്‌ലി നോക്കിനിൽക്കെ തന്റെ കൈയ്യിലിരുന്ന ബാറ്റ് താഴേക്കിട്ടാണ് ജോ റൂട്ട് വിജയം ആഘോഷിച്ചത്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് സീരിസ് തുടങ്ങുന്നതിനു മുന്നോടിയായി കോഹ്‌ലിക്കും സംഘത്തിനുമുള താക്കീതായിരുന്നു ഈ ബാറ്റ് വലിച്ചെറിയൽ എന്നായിരുന്നു അഭ്യൂഹങ്ങൾ പരന്നത്.

എന്നാൽ ജോ റൂട്ടിന്റെ ഈ പ്രവൃത്തിയെ മണ്ടത്തരമെന്നാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഇയാൻ മോർഗൻ പറയുന്നത്. റൂട്ട് സ്വയം മണ്ടനാവുകയായിരുന്നുവെന്നാണ് മൽസരശേഷം മോർഗൻ പറഞ്ഞത്. അതേസമയം, തന്റെ പ്രവൃത്തിയിൽ താൻ വിഷമിക്കുന്നുവെന്നും ഇനിയൊരിക്കലും ഇത് ആവർത്തിക്കില്ലെന്നുമാണ് ജോ റൂട്ട് പിന്നീട് പ്രതികരിച്ചത്.

ജോ റൂട്ടിന്റെ ബാറ്റ് വലിച്ചെറിയലിനെ ഇന്ത്യൻ നായകൻ കോഹ്‌ലി അത്ര പെട്ടെന്നൊന്നും മറക്കില്ലെന്നാണ് ക്രിക്കറ്റ് ലോകം കരുതുന്നത്. കോഹ്‌ലി ഇപ്പോൾ നല്ല ഫോമിലാണ്. മൂന്നു ഏകദിന പരമ്പരയിൽ 191 റൺസുമായി കോഹ്‌ലി രണ്ടാം സ്ഥാനം നേടിയിരുന്നു. ജോ റൂട്ടിന് ടെസ്റ്റ് മൽസരങ്ങളിലൂടെ കോഹ്‌ലി മറുപടി നൽകുമെന്നാണ് ആരാധകർ കരുതുന്നത്.

ഇന്ത്യ-ഇംഗ്ലണ്ട് തമ്മിൽ അഞ്ചു ടെസ്റ്റ് മൽസരങ്ങളാണുളളത്. ഓഗസ്റ്റ് ഒന്നിനാണ് ആദ്യ ടെസ്റ്റ് മൽസരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook