തിരുവനന്തപുരം: കാല്പന്ത് എന്നത് കേവലമൊരു കളിയല്ലാത്ത സംസ്ഥാനത്തേക്ക് സന്തോഷ് ട്രോഫി കിരീടം തിരിച്ചെത്തിയ വര്‍ഷമാണ് 2018. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിന് കിരീടം സമ്മാനിച്ച സതീവന്‍ ബാലന് എന്ന പരിശീലകനും താരങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് മികച്ച പിന്തുണയാണ്. ജോലിയില്ലാത്ത താരങ്ങള്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലിയും സാമ്പത്തിക സഹായങ്ങളും നല്‍കികൊണ്ട് അവരെ ഫുട്ബോളിങ് ലോകത്ത് തുടരാന്‍ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു സര്‍ക്കാര്‍ നടപടികള്‍. ഒരു വശത്ത് പ്രോത്സാഹനങ്ങളിലൂടെ ഒരു കായിക സംസ്കാരം പടുതുയര്ത്തുമ്പോള് മറുവശത്ത് സാങ്കേതികതകളുടെ ഊരാകുടുക്കിട്ട് താരങ്ങളുടെ പ്രൊഫഷണല്‍ കരിയറിന്റെ കടയ്ക്കല്‍ തന്നെ കത്തി വയ്ക്കുകയാണ് സര്‍ക്കാര്‍ വകുപ്പുകള്‍. അതിന് ഉദാഹരണമാണ് ജോബി ജസ്റ്റിന് എന്ന ഈസ്റ്റ് ബംഗാള്‍ താരം. ഇന്ത്യന്‍ എക്സ്പ്രസ് മലയാളം നടത്തുന്ന അന്വേഷണം.
മെമ്മോയ്ക്കും സ്വപ്നങ്ങള്‍ക്കുമിടയില്‍ ജോബി ജസ്റ്റിന്
2017ല്‍ കേരളത്തിനുവേണ്ടി സന്തോഷ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് ജോബി ജസ്റ്റിന്. തിരുവനന്തപുരം വെട്ടുകാല് സ്വദേശിയായ ഈ മുന്നേറ്റനിര താരം 2014 മുതല്‍ കെഎസ്ഇബി ജീവനക്കാരനാണ്. സ്പോര്‍ട്സ് ക്വാട്ടയില്‍ കെഎസ്ഇബിയില്‍ കയറിയ ജോബി അതേ വര്‍ഷം മുതല്‍ കെഎസ്ഇബി ടീമിനായി വകുപ്പ് തല മൽസരങ്ങളിലും ടൂര്‍ണമെന്റുകളിലും ബൂട്ടണിയുന്നുമുണ്ട്. 2015-16 സീസണില്‍ കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍) സെമി ഫൈനലിസ്റ്റുകളും 2016-17 സീസണില്‍ കെപിഎല്‍ ചാംച്യന്മാരുമായ കെഎസ്ഇബി ടീമിന്റെ മുന്നേറ്റത്തിലെ കുന്തമുനയായിരുന്നു ജോബി. കെപിഎല്ലിലെ ആ മികച്ച പ്രകടനം തന്നെയാണ് ജോബിയെ ഈസ്റ്റ് ബംഗാള്‍ ഫുട്ബോള്‍ ക്ലബ്ബിന്റെ ശ്രദ്ധയില്‍ പെടുത്തുന്നത്.
ജോബി ജസ്റ്റിന് ഐ ലീഗില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെതിരെ നേടിയ ഗോള്‍
2017-18 സീസണിലേക്കായ് ജോബിയെ തേടി ഈസ്റ്റ് ബംഗാള്‍ സ്കൗട്ടെത്തുന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോള്‍ ക്ലബ്ബുകളില്‍ ഒന്ന്. മികച്ച പരിശീലനം, പ്രൊഫഷണലിസം, നല്ല പ്രകടനം കാഴ്ചവയ്ക്കുകയാണ് എങ്കില്‍ ദേശീയ ടീമില്‍ വരെ അവസരം. കാല്പന്ത് സ്വപ്നം കാണുന്ന ഏതൊരാളും ചെയ്യുന്നത് തന്നെയായിരുന്നു ജോബിയുടേയും തിരഞ്ഞെടുപ്പ്. കെഎസ്ഇബിയില്‍ ലീവ് അപേക്ഷിച്ചുകൊണ്ട് ഈസ്റ്റ് ബംഗാളിന് വേണ്ടി കളിക്കാനായി ജോബി ജസ്റ്റിന് കൊല്‍ക്കത്തയിലേക്ക് വണ്ടികയറി.
” ഡിപാര്‍ട്ട്മെന്റ് മൽസരങ്ങള്‍ കളിക്കുന്ന ഒരു താരത്തിന് പരമാവധി കളിക്കാനാവുക സന്തോഷ് ട്രോഫിയാണ്. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ കളിക്കുന്ന ഫുട്ബോള്‍ താരങ്ങളെ എടുത്താല്‍ അതില്‍ ഒരു ശതമാനം പേര് പോലും രാജ്യത്തിന് വേണ്ടി കളിച്ചിട്ടില്ല. ഐ ലീഗിലോ ഐഎസ്എല്ലിലോ തിളങ്ങുന്നവര്‍ മാത്രമാണ് ദേശീയ ടീമില്‍ എത്തുക.”തന്റെ തീരുമാനം ജോബി വിശദീകരിച്ചു.
ഐസ്വാള്‍ എഫ്സി എന്ന കുഞ്ഞുടീമിനെ ഐ ലീഗ് ജേതാക്കള്‍ ആക്കിക്കൊണ്ട് ഇന്ത്യന്‍ ഫുട്ബോളില്‍ ചരിത്രം സൃഷ്ടിച്ച ഖാലിദ് ജമീല്‍ എന്ന പരിശീലകന്റെ കീഴിലാണ് ജോബി ഈസ്റ്റ് ബംഗാളില്‍ കളിക്കുന്നത്. ഐ ലീഗിന്റെ ഈ സീസണില്‍ കളിച്ച ഒമ്പത് കളികളില്‍ ആറിലും ആദ്യ പതിനൊന്നില്‍ ഇടംനേടാന്‍ ഈ തിരുവനന്തപുരംകാരനായി. അവസരത്തിനൊത്ത് രണ്ട് മികച്ച ഗോളുകളും നേടി. സീസണില്‍ നാലാം സ്ഥാനക്കാരായിക്കൊണ്ട് ഈസ്റ്റ് ബംഗാള്‍ തങ്ങളുടെ തങ്ങളുടെ പോരാട്ടം അവസാനിച്ചപ്പോള്‍ ജോബി ജസ്റ്റിന് എന്ന മലയാളി പ്രൊഫഷണല്‍ ഫുട്ബോളില്‍ പിച്ചവച്ച് തുടങ്ങുകയായിരുന്നു.
സര്‍ക്കാര്‍ ജോലി തീര്‍ത്തുകളയുന്ന ഫുട്ബാള്‍ കരിയറുകള്‍
ഐ ലീഗിന് ശേഷം അരങ്ങേറുന്ന പ്രഥമ സൂപ്പര്‍ കപ്പിലെ ഈസ്റ്റ് ബംഗാള്‍ മൽസരങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് കെഎസ്ഇബിയുടെ മെമ്മോ ജോബിയെ തേടി വീട്ടിലെത്തുന്നത്. അനുമതിയില്ലാതെ പ്രൊഫഷണല്‍ ഫുട്ബാള്‍ കളിച്ചു എന്ന് ആരോപിക്കുന്ന മെമ്മോയില്‍ ജോലിയിലെ ക്രമരാഹിത്യവും അക്കമിട്ട് നിരത്തിയിട്ടുണ്ടായിരുന്നു. 2017 ജൂലൈ 12 മുതല്‍ 2017 ഓഗസ്റ്റ് 31വരെ അനുവദിച്ചതായ ശമ്പളത്തോട് കൂടിയല്ലാത്ത ലീവ് കഴിഞ്ഞിട്ടും ജോലിക്ക് പ്രവേശിച്ചില്ല. ജോലിയില്‍ പ്രവേശിച്ചത് മുതലുള്ള അഞ്ച് വര്‍ഷം കെഎസ്ഇബിക്ക് വേണ്ടി കളിക്കും എന്ന കരാര്‍ ലംഘിച്ചു. ബോര്‍ഡില്‍ നിന്നും അനുമതിയില്ലാതെ ഈസ്റ്റ് ബംഗാള്‍ ഫുട്ബോള്‍ ക്ലബ്ബില്‍ ചേര്‍ന്നത് വഴി ബോര്‍ഡിനെ വഞ്ചിച്ചു. ദുഷ്പെരുമാറ്റവും അനുസരണമില്ലായ്മയും ജോലിയില്‍ കൃത്യവിലോപവും കാണിച്ചു. എന്നൊക്കെയാണ് ജോബി ജസ്റ്റിന് എന്ന ഫുട്ബോള്‍ താരത്തിനെതിരെ കേരള വൈദ്യുതി ബോര്‍ഡ് കണ്ടെത്തിയ കുറ്റങ്ങള്‍.
കെഎസ്ഇബി ലിമിറ്റഡിന്റെ ഹ്യൂമണ്‍ റിസോഴ്സ് മാനേജര്‍ ഒപ്പുവച്ച പരാതികളടങ്ങിയ പ്രസ്താവനയില്‍ ജോബി ഫുട്ബോള്‍ ടീമിലെ മറ്റ് താരങ്ങള്‍ക്ക് മാതൃകയായില്ല എന്നും കെഎസ്ഇബി ഫുട്ബോള്‍ ടീമിന്റെ യശസ്സിനെ കളങ്കപ്പെടുത്തി എന്നും ആരോപിക്കുന്നുണ്ട്. അടുത്ത നടപടി പുറത്താക്കലാണ്.
Read About : പ്രൊഫഷണൽ ഫുട്ബോൾ താരത്തിന് സർക്കാർ ജോലി? ഒരു ഗുണപാഠകഥ
സൂപ്പര്‍ കപ്പ് മൽസരങ്ങള്‍ക്കായി തയ്യാറെടുക്കുകയായിരുന്ന തന്നെ ആകെ സമ്മര്‍ദത്തിലാക്കുന്നതാണ് ബോര്‍ഡിന്റെ മെമ്മോ എന്ന് ജോബി പറയുന്നു.
“പതിനഞ്ച് ദിവസത്തിനുള്ളില്‍ മറുപടി കൊടുക്കണം എന്നായിരുന്നു ബോര്‍ഡിന്റെ ആവശ്യം. ഒരു ഫുട്ബോള്‍ താരമെന്ന നിലയില്‍ ഞാന്‍ എപ്പോഴും സ്വപ്നം കാണുന്നത് രാജ്യത്തിന് വേണ്ടി കളിക്കാനാണ്. അതിന് പാകപ്പെടണം എങ്കില്‍ പ്രൊഫഷനല്‍ ഫുട്ബോളില്‍ വളരുകയും കഴിവ് തെളിയിക്കുകയും ചെയ്തേ മതിയാകൂ. എന്നാല്‍ സാമ്പത്തികമായി അത്ര ഭദ്രമായ കുടുംബസാഹചര്യമൊന്നുമല്ല എന്റേത്. ഇപ്പോള്‍ ഈ മെമ്മോ വന്നത് മുതല്‍ അച്ഛനും അമ്മയുമൊക്കെ ടെന്‍ഷനിലാണ്. “കെഎസ്ഇബിയില്‍ നിന്നുമുള്ള സമ്മര്‍ദം തന്റെ കളിയെയും ബാധിക്കുന്നതായി ജോബി പറഞ്ഞു.
“സെമി ഫൈനലില്‍ എത്തി നില്‍ക്കുമ്പോഴും എനിക്ക് കളിയില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. ആകെ ഉള്ള ജോലി പോവുമോ എന്നതാണ് എന്റെ പേടി.” കടല്‍ത്തീരത്ത് പന്ത് തട്ടി വളര്‍ന്ന ഇരുപത്തിനാലുകാരന് കൂട്ടിച്ചേര്‍ത്തു.
നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് താരം സി.കെ.വിനീതിനും ഇത്തരത്തിലുള്ള അനുഭവമുണ്ടായിട്ടുണ്ട്. ഏജീസ് ഓഫീസിന്റെ വകുപ്പ് ടീമിലുണ്ടായിരുന്ന താരത്തെ അറ്റന്‍ഡന്‍സ് ഇല്ല എന്ന കാരണം പറഞ്ഞാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം പിരിച്ചുവിട്ടത്. പിന്നീട് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വിനീതിന് സെക്രട്ടറിയേറ്റില്‍ ജോലി ലഭിക്കുന്നത്.
“ഒരു കളിക്കാരനായി സ്പോർട്സ് ക്വാട്ടയില്‍ കയറിയാല്‍ പിന്നെ വകുപ്പ് തല മൽസരങ്ങള്‍ മാത്രം കളിക്കാന്‍ അനുവദിച്ച് താരങ്ങളെ ഇല്ലാതാക്കുകയാണ് ഇവിടത്തെ പതിവ്. ശരാശരി മുപ്പതോ മുപ്പത്തഞ്ചോ വയസ് വരെ മാത്രം നീളുന്ന കരിയര്‍ കഴിഞ്ഞുള്ള കാലം ഒരു സ്ഥിര വരുമാനം ലഭിക്കാനാണ് ഏതൊരു കളിക്കാരനും സ്പോർട്സ് ക്വാട്ടയില്‍ കയറുന്നത്. പ്രൊഫഷണലായി വളരാന്‍ പറ്റാത്ത സാഹചര്യങ്ങളിലേക്ക് ഒരു കളിക്കാരനെ തള്ളിയിടാന്‍ ആണെങ്കില്‍ ഇങ്ങനെയൊരു ജോലിയുടെ ആവശ്യമില്ലല്ലോ.” അന്ന് ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് സംസാരിച്ച സി.കെ.വിനീത് പറയുകയുണ്ടായി.
സര്‍ക്കാര്‍ സര്‍വീസിലെ ജോലിക്ക് പിന്നാലെ പോയി ഒടുവില്‍ വകുപ്പ് തല മൽസരങ്ങള്‍ മാത്രം കളിച്ച് കരിയര്‍ അവസാനിപ്പിക്കേണ്ടി വന്ന ഫുട്ബോള്‍ താരങ്ങള്‍ ഒട്ടനവധിയാണ്. താരങ്ങള്‍ക്ക് ജോലി നല്‍കുന്നത് ഒരു പ്രോത്സാഹനമായാണ് സര്‍ക്കാര്‍ കാണുന്നത് എങ്കിലും വകുപ്പ് ചട്ടങ്ങളില്‍ നിലനില്ക്കുന്നതായ പല സാങ്കേതിക കുരുക്കുകളിലും പെട്ട് പ്രൊഫഷണല്‍ കരിയര്‍ അവസാനിപ്പിക്കേണ്ടി വരുന്നവരാണ് മിക്ക ഫുട്ബോള്‍ താരങ്ങള്‍ എന്നൊരു പരാതിയുമുണ്ട്.
ഐ ലീഗും ഐഎസ്എല്ലും അടങ്ങിയ പ്രൊഫഷണല്‍ ഫുട്ബോള്‍ മൽസരങ്ങള്‍ കളിക്കാത്ത ഈ താരങ്ങള്‍ക്ക് പങ്കെടുക്കാന്‍ പറ്റുന്നതില്‍ ഏറ്റവും വലിയ മൽസരങ്ങള്‍ സന്തോഷ് ട്രോഫിയും ദേശീയ ഗെയിംസുമാണ്.
Read About : ആയതിനാല്‍, മൈതാനങ്ങള്‍ വീണ്ടെടുക്കേണ്ടതുണ്ട്
ഒരു കളിക്കാരനെ പരിപോഷിപ്പിച്ചെടുക്കാവുന്ന സൗകര്യങ്ങളും സാങ്കേതികതികവുമാണ് പ്രൊഫഷണല്‍ ക്ലബ്ബുകളില്‍ നിന്നും ലഭിക്കുന്നത്. സീസണിലും ഓഫ് സീസണിലും അത്തരത്തിലുള്ള പരിശീലനം നല്‍കുന്നവരാണ് പ്രൊഫഷണല്‍ ക്ലബ്ബുകള്‍. അതേസമയം വകുപ്പ് തല മൽസരങ്ങള്‍ ഇല്ലാത്ത സമയങ്ങളില്‍ മറ്റ് ജീവനക്കാരെ പോലെ ഓഫീസ് ജോലി ചെയ്യുക എന്നതാണ് സര്‍ക്കാര്‍ വകുപ്പുകളില്‍ കയറിപറ്റിയ താരങ്ങളുടെ വിധി. ഫുട്ബോള്‍ പോലെ കായികക്ഷമത ആവശ്യമായ ഒരു കളിയില്‍ അത് താരങ്ങളെ ഇല്ലാതാക്കുന്നതാണ്.
” ഈസ്റ്റ് ബംഗാള്‍ പോലൊരു വലിയ ക്ലബ്ബില്‍ കളിക്കുക എന്നത് എന്നെ സംബന്ധിച്ച് മികച്ചൊരു അവസരമാണ്. ഇവിടെ പരിശീലനത്തില്‍ ഞാന്‍ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. മികച്ച ഒരുപാട് കളിക്കാരുടെ കൂടെ കളിക്കാന്‍ പറ്റി എന്ന് മാത്രമല്ല. അവസരം കിട്ടിയപ്പോള്‍ ഒന്ന് രണ്ട് ഗോളുകള്‍ അടിക്കാനും എനിക്ക് സാധിച്ചു. ഇത് തുടരണം എന്ന് തന്നെയാണ് എന്റെ സ്വപ്നം” ജോബി ജസ്റ്റിന് ആത്മവിശ്വാസത്തിലാണ്.
ഏജീസ് ഓഫീസ് പുറത്താക്കിയ സി.കെ.വിനീതിനെയും കപ്പ് നേടിയ സന്തോഷ് ട്രോഫി താരങ്ങളെയും പോലെ തനിക്കും സര്‍ക്കാര്‍ സഹായം ലഭിക്കും എന്ന് തന്നെയാണ് കേരളം ഏറെ പ്രതീക്ഷിക്കുന്നു ഈ താരവും ആശിക്കുന്നത്. ഒപ്പം വകുപ്പ് മൽസരങ്ങളില്‍ കുടുങ്ങി കിടക്കുന്ന കളിക്കാര്‍ക്ക് സാധ്യമെങ്കില്‍ പ്രൊഫഷണല്‍ ഫുട്ബാള്‍ കളിക്കാനുള്ള അവസരവും സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. “വേണ്ടപ്പെട്ടവര്‍ നടപടിയെടുക്കും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.” സൂപ്പര്‍ കപ്പിന്റെ സെമി ഫൈനല്‍ മൽസരങ്ങള്‍ക്ക് തയ്യാറാകുന്നതിനിടയില്‍ ജോബി ജസ്റ്റിന് പറഞ്ഞു നിര്‍ത്തി.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook