വിജയവാഡ: അത്‌ലറ്റിക്സിലെ പുത്തൻ താരോദയമായ ജിസ്ന മാത്യു തന്റെ കുതിപ്പ് തുടരുന്നു. ദേശീയ ജൂനിയർ മീറ്റിൽ റെക്കോർഡ് കരസ്ഥമാക്കിയാണ് ജിസ്ന വീണ്ടും മികവ് തെളിയിച്ചത്. 400 മീറ്ററിൽ മീറ്റ് റെക്കോർഡോടെയാണ് ജിസ്ന മാത്യു സ്വർണം കരസ്ഥമാക്കിയത്. സ്വർണനേട്ടത്തോടെ ജിസ്ന അടുത്ത വർഷം നടക്കുന്ന 20 വയസ്സിന് താഴെയുള്ളവരുടെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യോഗ്യതയും നേടി. ഫിൻലൻഡാണ് ലോക ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

വിജയവാഡയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 53.52 സെക്കന്റിലാണ് ജിസ്ന ഫിനിഷ് ചെയ്തത്. ടിന്റു ലൂക്കയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് ജിസ്ന പഴങ്കഥയാക്കിയത്. 54.53 സെക്കന്റായിരുന്നു ടിന്റു ലൂക്കയുടെ റെക്കോർഡ് സമയം. 2008 മൈസൂരിൽ നടന്ന മീറ്റിലാണ് ടിന്റു ലൂക്ക ഈ റെക്കോർഡ് കുറിച്ചത്.

55.71 സെക്കന്റിൽ ഫിനിഷ് ചെയ്ത തമിഴ്നാടിന്റെ ആർ. വിദ്യക്കാണ് ഈ ഇനത്തിൽ വെള്ളി. ഡൽഹിയുടെ പൂജയ്ക്കാണ് വെങ്കലം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ