ന്യൂഡല്‍ഹി: മലയാളി താരം ജിന്സണ് ജോണ്‍സണിന് അര്‍ജുന അവാര്‍ഡ്. കഴിഞ്ഞ മാസം ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലെ പ്രകടനമാണ് ജിന്‍സണിന് അര്‍ജുന അവാര്‍ഡ് നേടി കൊടുത്തത്. 1500 മീറ്ററില്‍ ജിന്സണ് സ്വര്‍ണം നേടിയിരുന്നു. 800 മീറ്ററില്‍ വെളളിയും ജിന്സണ് സ്വന്തമാക്കിയിരുന്നു. കോഴിക്കോട് ചക്കിട്ടപാറ കുളച്ചല്‍ ജോണ്‍സണിന്റെയും ഷൈലജയുടെയും മകനാണ് സൈനികനായ ജിന്സണ്.
റിയോ ഒളിമ്പിക്സിലും ജിന്‍സന്റെ കുതിപ്പിന് രാജ്യം സാക്ഷിയായിരുന്നു. ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ മെഡല്‍ നേടിയിട്ടുണ്ടെങ്കിലും ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായാണ് സ്വര്‍ണ്ണ നേട്ടം. കുളത്തുവയല്‍ സെന്റ് ജോര്‍ജ് എച്ച്എസ്എസില്‍ പഠിക്കെ പത്തില്‍ ജില്ലാ കായികമേളയില്‍ മൂന്നാം സ്ഥാനത്തെത്തിയതോടെയാണ് ജിന്സണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ദേശീയ, രാജ്യാന്തര മത്സരങ്ങള്‍ കുതിപ്പിന് വേദിയായി.
കോട്ടയം ബസേലിയസ് കോളേജിലായിരുന്നു ബിരുദപഠനം. ഒന്നാംവര്‍ഷം പിന്നിടുമ്പോഴേക്കും ഹൈദരാബാദില്‍ ഇന്ത്യന്‍ ആര്‍മിയിലെ ജൂനിയര്‍ കമ്മിഷന് ഓഫീസറായി സൈനിക ജോലി തേടിയെത്തി. പുണെയിലെ സൈനിക സ്പോര്‍ട്സ് അക്കാദമിയില്‍ മലയാളിയായ മുഹമ്മദ് കുഞ്ഞിയുടെ കീഴിലായിരുന്നു പരിശീലനം. ആര്.എസ്.ഭാട്യക്ക് കീഴിലായിരുന്നു ഏഷ്യന്‍ ഗെയിംസിനായി ഒരുങ്ങിയത്.
ചൈനയിലെ വുഹാനില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ വെള്ളി, തായ്ലാന്‍ഡിലെ ബാങ്കോക്കില്‍ ഏഷ്യന്‍ ഗ്രാന്റ്പ്രീയില്‍ മൂന്നു സ്വര്‍ണം, ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക്സില് 800 മീറ്ററില്‍ സ്വര്‍ണം, ചെന്നൈയില്‍ നടന്ന നാഷണല്‍ ഇന്റര്‍ സ്റ്റേറ്റ് അത്ലറ്റിക്സില് 800 മീറ്ററില്‍ സ്വര്‍ണവും, 1500 മീറ്ററില്‍ വെള്ളിയും. ബെംഗളൂരുവില്‍ നടന്ന ദേശീയ അത്ലറ്റിക്സ് മീറ്റില്‍ 800, 1500 മീറ്ററുകളില്‍ സ്വര്‍ണം. ഇങ്ങനെ മെഡല്‍ നേട്ടങ്ങള്‍ നിരവധിയുണ്ട് ജിന്‍സന്റെ പേരില്‍.