കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ എസ് എല്‍) ആറാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് നിരയിലെ മിന്നും താരം ജെസ്സല്‍ കാര്‍നെറോ ടീമില്‍ തുടരും. പരിചയസമ്പന്നനായ ഗോവന്‍ ലെഫ്റ്റ് ബാക്കായ ജെസ്സലുമായുള്ള കരാര്‍ മൂന്ന് വര്‍ഷത്തെക്കാണ് ബ്ലാസ്റ്റേഴ്സ് നീട്ടിയത്. ഗോവന്‍ പ്രൊഫഷണല്‍ ലീഗിലൂടെ വളര്‍ന്നുവന്ന ജെസ്സല്‍ 2018-19 വര്‍ഷം സന്തോഷ് ട്രോഫിയില്‍ ഗോവന്‍ ടീമിന്റെ നായകനായിരുന്നു. സമൃദ്ധമായ അനുഭവസമ്പത്തുള്ള ജെസ്സല്‍, വരാനിരിക്കുന്ന സീസണിലെ കെ ബി എഫ് സി പ്രതിരോധനിരയുടെ നെടുംതൂണായി മാറുന്ന ഒരു വൈവിധ്യമാര്‍ന്ന കളിക്കാരനാണ്.

”ഇന്ത്യയിലെ മുന്‍നിര ലെഫ്റ്റ് ബാക്കുകളില്‍ ഒരാളാണ് ജെസ്സല്‍. കഴിഞ്ഞ സീസണില്‍ അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒപ്പം ഞങ്ങളുടെ ടീമിന് വളരെ പ്രധാനപ്പെട്ട കളിക്കാരനുമാണ്. അദ്ദേഹത്തിന് ക്ലബിനൊപ്പം തുടരാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ‘ കേരള ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് കിബു വികുന അഭിപ്രായപ്പെട്ടു.

Read Also: അത് സച്ചിന്റെ ഐഡിയ, വെറുതെ ചാപ്പലിനെ കുറ്റപ്പെടുത്തേണ്ട: പത്താൻ

കഴിഞ്ഞ സീസണില്‍ ഡെംപോ സ്പോര്‍ട്ടിംഗ് ക്ലബില്‍ നിന്ന് കെബിഎഫ്സിയില്‍ എത്തിയ ജെസ്സല്‍ ടീമിനായി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ (18 മത്സരങ്ങള്‍) റെക്കോര്‍ഡു ചെയ്ത ഒരേയൊരു താരമായ ജെസ്സെല്‍ കഴിഞ്ഞ സീസണിലെ എല്ലാ കളികളിലും എല്ലാ മിനിറ്റും ക്ലബ്ബിനായി കളിച്ചു. കെബിഎഫ്സിക്കായി 72.65% വിജയ കൃത്യതയുമുള്ള 746 പാസുകളാണ് ജെസ്സല്‍ നല്‍കിയത്. ഒരു കളിയില്‍ ഏകദേശം 42 പാസുകള്‍ എന്ന രീതിയില്‍ ഒരു ഐഎസ്എല്‍ അരങ്ങേറ്റക്കാരന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ പാസുകളാണ് ഇതിലൂടെ രേഖപ്പെടുത്തിയത്. സീസണില്‍ അഞ്ച് അസിസ്റ്റുകള്‍ സംഭാവന ചെയ്തുകൊണ്ട് അദ്ദേഹം തന്റെ ആക്രമണ കഴിവുകളും പ്രകടിപ്പിച്ചു. ഇത് ഒരു കെബിഎഫ്സി കളിക്കാരന്റെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

Read Also: 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ മൂല്യമേറിയ താരമായി രവീന്ദ്ര ജഡേജ

”ക്ലബ് തങ്ങളുടെ ആദ്യ ഐഎസ്എല്‍ ട്രോഫി ഉയര്‍ത്തുമ്പോള്‍ ടീമിന്റെ ഭാഗമാകാനാണ് ഞാന്‍ ലക്ഷ്യമിടുന്നത്. എന്റെ കഴിവ് തെളിയിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി എനിക്ക് അവസരം നല്‍കി, തുടര്‍ന്നും മികച്ച ശ്രമങ്ങള്‍ നടത്താനും വരാനിരിക്കുന്ന സീസണുകളില്‍ ക്ലബ്ബിന്റെ ലക്ഷ്യങ്ങള്‍ക്കായി ക്ലബിനൊപ്പം നില്കുവാനും ഞാന്‍ പ്രതീക്ഷിക്കുന്നു. ഇത് എനിക്ക് ഒരു പുതിയ തുടക്കമാണ്, ഞങ്ങളുടെ പുതിയ ഹെഡ് കോച്ച് കിബു വികുനയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ‘ ജെസ്സെല്‍ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook