കോഴിക്കോട്: ആശങ്കയുടെ മുൾമുനയിൽ​ കാണികൾ, അട്ടിമറി ഭീഷണി ഉയർത്തി ഹരിയാനയുടെ താരങ്ങൾ, എന്നാൽ രക്ഷയുടെ നക്ഷത്രമായി ജെറോം വിനിതിന്റെ അവതാരപ്പിറവി കേരളത്തിന് സെമിയിലേക്കുളള​ വഴിതുറന്നു. നാല് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് കേരളം ക്വാർട്ടർ ഫൈനലിൽ ഹരിയാനയുടെ മറികടന്നത്. ആദ്യ സെറ്റ് നഷ്ടമായതിന് ശേഷം പിന്നിൽ നിന്ന് പൊരുതിക്കയറിയാണ് കേരളം വിജയ തീരം അണിഞ്ഞത്. സ്കോർ 30-32, 25-21, 25-18, 25-22

ഗ്രൂപ്പ് ചാമ്പ്യൻമാരായി ക്വാർട്ടറിലേക്ക് എത്തിയ കേരളത്തെ വിറപ്പിക്കുന്ന പ്രകടനമാണ് ഹരിയാന പുറത്തെടുത്തത്. ഹരിയാനയുടെ യുവതാരം ശുഭം ചൗധരിയുടെ വെടിക്കെട്ട് സ്മാഷുകളെ തടുക്കാൻ കേരളത്തിന്റെ ബ്ലോക്കർമാർക്ക് കഴിഞ്ഞില്ല. ഓരോ പോയിന്റിനും കേരളത്തെ വെള്ളം കുടിപ്പിച്ച ഹരിയാന താരങ്ങൾ തുടക്കത്തിലെ ലീഡ് 15-13 സ്കോറിന് ലീഡ് എടുത്തു. എന്നാൽ യുവതാരം അജിത് ലാലിന്റെ ബാക്ക് ലൈൻ അറ്റാക്കുകളിലൂടെ കേരളം ഇഞ്ചോടിഞ്ച് പോരുതി നോക്കി. 23-24 എന്ന സ്കോറിൽ ആദ്യം സെറ്റ് പോയിന്റ് അവസരം ഹരിയാനയാണ് നേടിയത്. എന്നാൽ പിന്നാലെ പൊരുതിക്കളിച്ച കേരളം 30-30 എന്ന സ്കോർ വരെ തുല്യത പാലിച്ചു. എന്നാൽ തകർപ്പൻ ഒരു ബ്ലോക്കുമായി സൂബെ സിങ്ങ് ഹരിയാനയ്ക്ക് 30-31 എന്ന ലീഡ് നൽകി. തൊട്ടടുത്ത പോയിന്റും പിടിച്ച് ആദ്യ സെറ്റ് സ്വന്തം പേരിലാക്കി ഹരിയാന കേരളത്തെയും കാണികളെയും ഞെട്ടിച്ചു.

രണ്ടാം സെറ്റിൽ കേരളത്തിന്റെ സെറ്ററായ മുത്ത് സ്വാമിയെ പുറത്തിരുത്തി പരിശീലകൻ ജിതിനെ കളത്തിലിറക്കി.​ ഈ നീക്കം തുടക്കത്തിൽ ഫളം കണ്ടു ഹരിയാനയുടെ പിഴവുകൾ മുതലാക്കി കേരളത്തിന്റെ അറ്റാക്കർമാർ കളി തിരിച്ചു പിടിച്ചു. 6-4 എന്ന സ്കോറിൽ മുന്നേറിയ കേരളം കാണികളുടെ ആത്മവിശ്വാസവും പിന്തുണയും വീണ്ടെടുത്തു. എന്നാൽ 18-15 എന്ന ലീഡിൽ നിൽക്കെ ഹരിയാന മത്സരത്തിലേക്ക് വീണ്ടും തിരിച്ചെത്തി. തുടർച്ചയായി 4 പോയിന്റുകൾ സ്വന്തമാക്കി ഹരിയാന 18-19 എന്ന സ്കോറിന് മുന്നിൽ എത്തി. തൊട്ടടുത്ത നിമിഷം തന്നെ കേരളത്തിന്റെ ഫസ്റ്റ് സെറ്റർ മുത്തുസ്വാമിയെ കളത്തിലിറക്കി പരിശീലകൻ അബ്ദുൾ നാസർ ഒരു പരീക്ഷണത്തിന് മുതിർന്നു.

ഈ​ പരീക്ഷണം വിജയം കണ്ടു. രണ്ടാം വരവിൽ മുത്തു സ്വാമിയുടെ തകർപ്പൻ സെറ്റിങ്ങിൽ കേരളത്തിന്റെ അറ്റാക്കർമാർ ഇടിമിന്നൽ സ്മാഷുകൾ തീർത്തു. ജെറോം വീനിതിന്റെ ബാക്ക് ലൈൻ അറ്റാക്കുകൾ ഹരിയാനയുടെ കോർട്ടിൽ തുടരെ പതിച്ചപ്പോൾ കേരളം 25-21 എന്ന സ്കോറിന് രണ്ടാം സെറ്റ് കൈപ്പിടിയിൽ ഒതുക്കി. മൂന്നാം സെറ്റിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. ശക്തമായ പ്രതിരോധം തീർത്ത് സെന്റർ ബ്ലോക്കർ രോഹിത്ത് ഹരിയാനയുടെ ആക്രമണങ്ങളെ തടുത്തപ്പോൾ ജെറോം വീനിതും, വിപിൻ എം ജോർജ്ജും കോർട്ടിൽ ഇടിമിന്നൽ സ്മാഷുകൾ തീർത്തു. 25-18 എന്ന സ്കോറിനാണ് കേരളം മൂന്നാം സെറ്റ് സ്വന്തമാക്കിയത്.

നിർണ്ണായകമായ നാലാം സെറ്റിൽ ഇരു ടീമുകളും തമ്മിലുളള​ ആവേശപ്പോരാട്ടമാണ് കണ്ടത്. ശുഭം ചൗധരിയും സൂബെ സിങും കളം നിറഞ്ഞ് കളിച്ചതോടെ ഹരിയാന കേരളത്തിന്​ ശക്തമായ വെല്ലുവിളി ഉയർത്തി. 14-11 എന്ന സ്കോറിൽ മുന്നേറിയ കേരളത്തെ ഹരിയാന ഒപ്പം പിടിക്കുകയായിരുന്നു. 20-20 എന്ന സ്കോറിൽ ഇരു ടീമുകളും തുല്യത പാലിച്ചപ്പോൾ ആരാധകർ ആശങ്കയിലായി. 22-22 എന്ന സ്കോറ് വരെ ഹരിയാന പൊരുതി നിന്നെങ്കിലും ജെറോം വീനിതിന്റെ 2 തകർപ്പൻ സ്മാഷുകൾ കേരളത്തിന് വിജയം ഒരുക്കുകയായിരുന്നു. 25-22 എന്ന സ്കോറിന് നാലാം സെറ്റും മാച്ചും സ്വന്തമാക്കി കേരളം സെമിയിലേക്ക് മുന്നേറി.

വിജയത്തിന് ശേഷം മന്ത്രി കടകംപളളി സുരേന്ദ്രനൊപ്പം കേരള ടീം

കേരളത്തിന്റെ ലിബറോ രതീഷും ജെറോം വീനിതുമാണ് ഈ തകർപ്പൻ വിജയത്തിന് ചുക്കാൻ പിടിച്ചത്. സെമിയിൽ കരുത്തരായ തമിഴ്നാടാണ് കേരളത്തിന്റെ എതിരാളികൾ. ആന്ധ്രപ്രേദേശിനെ തോൽപ്പിച്ചാണ് തമിഴ്നാട് സെമിയിലേക്ക് മുന്നേറിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ