കോഴിക്കോട്: അറുപത്തിയാറാമത് ദേശീയ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യൻമാരായ കേരളം ഫൈനലിൽ കടന്നു. സെമിഫൈനലിൽ കരുത്തരായ തമിഴ്നാടിനെ നേരിട്ടുളള സെറ്റുകൾക്ക് തോൽപ്പിച്ചാണ് കേരളം ഫൈനൽ ബർത്ത് സ്വന്തമാക്കിയത്. നായകൻ ജെറോം വിനീതിന്റെ തകർപ്പൻ പ്രകടനമാണ് കേരളത്തിന് മിന്നും വിജയം സമ്മാനിച്ചത്. സ്കോർ – 25-22, 30-28, 25-22

കഴിഞ്ഞ ദേശീയ ഗെയിംസിൽ കോഴിക്കോടിന്റെ മണ്ണിൽവെച്ച് കേരളത്തെ അട്ടിമറിച്ചതിന്രെ ആത്മവിശ്വാസത്തിലാണ് തമിഴ്നാടിന്റെ യുവതാരങ്ങൾ കളത്തിൽ ഇറങ്ങിയത്. എന്നാൽ തമിഴ്നാടിന്റെ യുവതുർക്കികളുടെ ബ്ലോക്കർമാരെ കാഴ്ചക്കാരക്കി ജെറോം സ്മാഷുകളുടെ ഇടിമുഴക്കം തീർത്തതോടെ കേരളം കുതിപ്പ് തുടങ്ങി. ജെറോം വിനീതിന്റെ ബാക്ക് ലൈൻ സ്മാഷുകളിൽ ഒന്നിൽപ്പോലും തമിഴ്നാട് താരങ്ങൾക്ക് തടുക്കാനായില്ല. കഴിഞ്ഞ മത്സരത്തിൽ പതറിയ അജിത് ലാലും ഫോമിലേക്ക് ഉയർന്നതോടെ കേരളം ആദ്യ സെറ്റ് 25-22 എന്ന സ്കോറിന് സ്വന്തമാക്കി.

തമിഴ്നാടിന്റെ കുതിപ്പോടെയാണ് രണ്ടാം സെറ്റ് ആരംഭിച്ചത്. പ്രവീൺ കുമാറും ജി. വൈഷ്‌വും താളം കണ്ടെത്തിയതോടെ തമിഴ്നാട് 7-5 എന്ന സ്കോറിന് ലീഡ് എടുത്തു. എന്നാൽ തുടർ പോയിന്റുകൾ സ്വന്തമാക്കി കേരളം തമിഴ്നാടിന് ഒപ്പമെത്തി (11-11). പിന്നീടങ്ങോട്ട് കൊണ്ടും കൊടുത്തും ഇരു ടീമുകളും 17-17 എന്ന സ്കോർ വരെ ഒപ്പത്തിനൊപ്പം പോരാടി. എന്നാൽ ഇടയ്ക്ക് കേരളത്തിന്റെ ആക്രമണങ്ങളുടെ താളംതെറ്റിയതോടെ തമിഴ്നാട് 21-17 എന്ന സ്കോറിന് മുന്നിൽ എത്തി. അപകടം മണത്ത കേരള പരിശീലകൻ സെറ്റർ മുത്ത് സ്വാമിയെമാറ്റി ജിതിനെ പരിക്ഷിച്ചു.

ഈ നീക്കം അക്ഷരാർധത്തിൽ മത്സരത്തിന്റെ ഫലം നിർണ്ണയിക്കുക തന്നെ ചെയ്തു. തമിഴ്നാടിന്റെ പ്രതിരോധക്കോട്ട പിളർത്തി ജിതിൻ നൽകിയ പന്തുകൾ രോഹിത് തമിഴ്നാടിന്റെ കോർട്ടിൽ ഫിനിഷ് ചെയ്തതോടെ മത്സരം ആവേശഭരിതമായി. 28-28 എന്ന സ്കോർ വരെ മത്സരം നീണ്ടപ്പോൾ കാണികൾ ഹരം കൊണ്ടു. സമ്മർദ ഘട്ടത്തിൽ വീണ്ടും ജെറോം വീനിത് ഇടിമിന്നലായതോടെ കേരളം രണ്ടാം സെറ്റ് 30-28 എന്ന സ്കോറിന് സ്വന്തമാക്കുകയായിരുന്നു.

മൂന്നാം സെറ്റിലും കാര്യമായ മാറ്റങ്ങൾ ഒന്നും സംഭവിച്ചില്ല. പാതിവഴിവരെ ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയിട്ടും അവസാന ലാപ്പിലെ ഫിനിഷിങ് മികവ് കേരളത്തിന് ഫൈനലിലേക്ക് ഉളള വഴി തുറന്നു. 25-22 എന്ന സ്കോറിനാണ് കേരളം അവസാന സെറ്റ് സ്വന്തമാക്കിയത്. കളം നിറഞ്ഞു കളിച്ച ജെറോമും ലിബറോ രതീഷുമാണ് സെമിയിൽ കേരളത്തിന്റെ വിജയ ശിൽപ്പികൾ. നാളെ നടക്കുന്ന കലാശപ്പോരാട്ടത്തിൽ റെയിൽവേസാണ് കേരളത്തിന്റെ എതിരാളികൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook