കൊളംബോ: ഏഷ്യാ കപ്പില്‍ പുരുഷന്മാര്‍ വിജയ ട്രാക്കിലേക്ക് കയറി വരുമ്പോള്‍ ഇങ്ങിപ്പുറത്ത് ശ്രീലങ്കയെ പഞ്ഞിക്കിടുകയാണ് ഇന്ത്യന്‍ വനിതകള്‍. ആദ്യ ട്വന്റി 20 യില്‍ തന്നെ ആധികാരിക ജയം നേടിയിരിക്കുകയാണ് ഇന്ത്യ. 13 റണ്‍സിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇതോടെ ഇന്ത്യ 1-0ന് മുന്നിലാണ്.

അര്‍ധ സെഞ്ചുറി നേടിയ ജമീമ റോഡ്രിഗ്വസിന്റേയും പൂനം യാദവിന്റേയും പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. 15 പന്തില്‍ നിന്നും 36 റണ്‍സുമായി ജമീമ ശ്രീലങ്കയെ ദഹിപ്പിക്കുകയായിരുന്നു. ഇതിനിടെ ഒരോവറില്‍ മൂന്ന് സിക്‌സ് നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന റെക്കോര്‍ഡും ജമീമ സ്വന്തമാക്കി. 18 കാരിയായ ജമീമ സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിച്ച വാഗ്‌ദാനമായാണ് വിലയിരുത്തപ്പെടുന്നത്.

35 പന്തില്‍ നിന്നും 46 റണ്‍സുമായി താനിയ ഭാട്ടിയയും 29 പന്തില്‍ നിന്നും 36 റണ്‍സുമായി അനൂജ പാട്ടീലും ബാറ്റ് ചെയ്തതോടെ ഇന്ത്യയുടെ സ്‌കോര്‍ നിശ്ചിത ഓവറില്‍ 168-8 എന്ന നിലയിലെത്തി. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയുടെ തുടക്കം മികച്ചതായിരുന്നു. യശോദ മെന്‍ഡിസും (32) ചമരി അട്ടപ്പട്ടുവും (27) മികച്ച തുടക്കം നല്‍കി. എന്നാല്‍ മെന്‍ഡിസിനെ അരുന്ധതി റെഡ്ഡി പുറത്താക്കിയതോടെ ഇന്ത്യ ബ്രേക്ക് ത്രൂ നേടി.

എന്നാല്‍ ശ്രീലങ്ക കളിയിലേക്ക് മടങ്ങി വന്നു. നിര്‍ണായക സമയത്ത് ബ്രേക്ക് ത്രൂ നല്‍കിയ പൂനം യാദവിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. 155 റണ്‍സിന് ശ്രീലങ്ക ഓള്‍ ഔട്ടാവുകയായിരുന്നു. 26 റണ്‍സ് നഷ്ടത്തില്‍ നാല് വിക്കറ്റുകളാണ് പൂനം നേടിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ