ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ ജയദേവ് ഉനദ്കട്ട്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ നഷ്ടമാകുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് താരത്തെ തേടിയെത്തിയത്. 2010ല്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ഉനദ്കട്ട് ബംഗ്ലാദേശിനെതിരെ നടക്കുന്ന മത്സരം താരത്തിന്റെ കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റ് മത്സരമാണ്.
ബംഗ്ലാദേശീനെതിരായ ആദ്യ ടെസ്റ്റില്‍ 113 റണ്‍സ് വഴങ്ങി എട്ടുവിക്കറ്റെടുത്ത കുല്‍ദീപ് യാദവിന്റെ പകരക്കാരനായാണ് താരം ഇറങ്ങിയത്. 12 വര്‍ഷവും രണ്ട് ദിവസത്തിനും മുമ്പ് 2020 ഡിസംബര്‍ 16 ന് സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഉനദ്കട്ട് തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ഇതിനിടയില്‍, 118 ടെസ്റ്റ് മത്സരങ്ങള്‍ അദ്ദേഹത്തിന് നഷ്ടമായി, എന്നാല്‍, ഒരു ടെസ്റ്റ് മാത്രം കളിച്ച് മാറിനിന്ന ഉനദ്കട്ടിന് വീണ്ടും വിളിയെത്തുന്നത് ബംഗ്ലദേശിനെതിരായ പരമ്പരയിലാണ്. ആദ്യ ദിനത്തില്‍ തന്നെ താരം വിക്കറ്റു വീഴ്ത്തി വരവറിയിക്കുകയും ചെയ്തു. 15 റണ്‍സെടുത്ത സകീര്‍ ഹസനെയായിരുന്നു ഉനദ്കട്ട് കെ.എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചത്.
142 ടെസ്റ്റുകള്‍ക്കു ശേഷം വീണ്ടും ഇറങ്ങിയ ഇംഗ്ലീഷ് താരം ഗാരെത് ബാറ്റി മാത്രമാണ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഉനദ്കട്ടിന് മുന്നിലുള്ളത്. ആദ്യ ടെസ്റ്റില്‍ താരം വിക്കറ്റൊന്നുമെടുത്തിരുന്നില്ല. ഏകദിനത്തില്‍ 2013 മുതല്‍ ഏഴുതവണ ദേശീയ ടീമില്‍ കളിച്ചിട്ടുണ്ട്. എട്ടുവിക്കറ്റാണ് സമ്പാദ്യം. ട്വന്റി20യില്‍ 10 മത്സരങ്ങളില്‍നിന്ന് 14 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്.