കൊൽക്കത്ത: ഐപിഎൽ താരലേലത്തിൽ വീണ്ടും ഞെട്ടിച്ച് ജയ്ദേവ് ഉനദ്കട്. തുടർച്ചയായ മൂന്നാം സീസണിലും ഉനദ്കടിനെ സ്വന്തമാക്കിയത് രാജസ്ഥാൻ റോയൽസാണ്. വില കുത്തനെ ഇടിഞ്ഞെങ്കിലും താരത്തെ ടീമിലേക്ക് മടക്കി കൊണ്ടുവരാനായിരുന്നു രാജസ്ഥാൻ റോയൽസിന്റെ തീരുമാനം. മൂന്ന് കോടി രൂപയ്ക്കാണ് ഉനദ്കടിനെ രാജസ്ഥാൻ ടീമിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന പതിവ് രാജസ്ഥാൻ ഇത്തവണയും ആവർത്തിച്ചുവെന്നാണ് ആരാധക പക്ഷം. നിരവധി ട്രോളുകളാണ് രാജസ്ഥാൻ റോയൽസിനെയും ജയ്ദേവ് ഉനദ്കടിനെ ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

2018 ലാണ് റെക്കോർഡ് തുകയ്ക്ക് ജയ്ദേവ് ഉനദ്കട് രാജസ്ഥാൻ റോയൽസിന്റെ ഭാഗമാകുന്നത്. അന്ന് ഉനദ്കടിനായി രാജസ്ഥാൻ മുടക്കിയത് 11.5 കോടി രൂപയാണ്. സീസണിലെ വിലയേറിയ താരമായിരുന്നിട്ടും കാര്യമായ പ്രകടനം പുറത്തെടുക്കാൻ ഉനദ്കടിനായില്ല. ഇതോടെ അടുത്ത സീസണിൽ ക്ലബ്ബ് ഇന്ത്യൻ താരത്തെ ഒഴിവാക്കി.

Also Read: പാനി പൂരി വിൽപ്പനക്കാരിൽ നിന്ന് കോടിപതിയിലേക്ക്; ഐപിഎൽ ലേലത്തിൽ താരമായി യശസ്വി ജയ്‌സ്വാൾ

എന്നാൽ 2019ൽ നടന്ന താരലേലത്തിൽ ആരാധകരുടെ ഞെറ്റി ചുളിപ്പിച്ചുകൊണ്ട് വീണ്ടു വൻ തുകയ്ക്ക് രാജസ്ഥാൻ ഉനദ്കടിനെ സ്ക്വാഡിലെത്തിച്ചു. 8.5 കോടി രൂപയ്ക്കാണ് കഴിഞ്ഞ സീസണിൽ താരം പിങ്കു കുപ്പായത്തിലെത്തിയത്. എന്നാൽ പ്രകടനം വീണ്ടും മോശമായി. ഇതോടെ താരത്തെ കൈവിടാനായിരുന്നു ക്ലബ്ബിന്റെ തീരുമാനം. ശരിയായ തീരുമാനമെന്ന് ആരാധകരും വിധിച്ചു.

ലേലത്തിലേക്ക് എത്തിയപ്പോൾ കളി വീണ്ടും മാറി. മൂന്ന് കോടി രൂപ മുടക്കി ജയ്ദേവ് ഉനദ്കടിനെ ടീമിലേക്ക് വീണ്ടും എത്തിച്ചിരിക്കുകയാണ് രാജസ്ഥാൻ. ഐപിഎല്ലിൽ ഇതുവരെ 73 മത്സരങ്ങൾ കളിച്ച താരം നേടിയത് 77 വിക്കറ്റുകൾ മാത്രമാണ്. ഇതിൽ രണ്ടു അഞ്ചു വിക്കറ്റ് നേട്ടവും ഉൾപ്പെടുന്നു.

Also Read: IPL Auction 2020: പ്രായം കൂടും തോറും വീര്യം കൂടുമെന്ന് വീണ്ടും ചെന്നൈ; പിയൂഷ് ചൗളയെ ടീമിലെത്തിച്ചത് വൻ തുകയ്ക്ക്

2011, 2012 സീസണുകളിൽ കൊൽക്കത്തയിൽ 1.5 കോടി രൂപയ്ക്ക് കളിച്ച ജയ്ദേവിന്റെ മൂല്യം അടുത്ത സീസണിൽ ബാംഗ്ലൂരിലെത്തിയപ്പോൾ 2.41 കോടിയായി വർധിച്ചു. 2014ൽ ഡൽഹി താരത്തിന് നൽകിയത് 2.80 കോടി രൂപയായിരുന്നു, അടുത്ത വർഷം അത് 1.10 കോടിയായി കുറയ്ക്കുകയും ചെയ്തു കൊൽക്കത്തയിൽ 2016ൽ താരത്തിന്റെ മൂല്യം വീണ്ടും 1.60 കോടിയായി വർധിച്ചെങ്കിലും പൂനെ താരത്തിന് 30 ലക്ഷം മാത്രമാണ് നൽകിയത്. പിന്നീടായിരുന്നു രാജസ്ഥാന്റെ കണക്കു കളി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook