മുംബൈ: ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ കളിക്കുന്നതില്‍ നിന്നും ഇന്ത്യ പിന്മാറണമെന്ന ഗാംഗുലിയുടെ അഭിപ്രായത്തെ പരിഹസിച്ച് മുന്‍ പാക് താരം ജാവേദ് മിയാന്‍ദാദ്. പാക്കിസ്ഥാനൊപ്പം കളിക്കുന്നില്ലെന്ന ബിസിസിയുടെ നിലപാട് വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
”ഈ വിഡ്ഢിത്തവും അപക്വവുമായ അഭിപ്രായത്തെ ഐസിസി തള്ളിക്കളയും. ബിസിസിഐയുടെ വാദം ഐസിസി അംഗീകരിക്കാന്‍ ഒരു സാധ്യതയും കാണുന്നില്ല.” മുന്‍ പാക് നായകന്‍ പറഞ്ഞു.
അതേസമയം, തിരഞ്ഞെടുപ്പില്‍ മത്സരിച്ച് മുഖ്യമന്ത്രിയാവുക എന്ന ആഗ്രഹമുള്ളതു കൊണ്ടാണ് ഗാംഗുലി അത്തരത്തിലൊരു അഭിപ്രായം പറഞ്ഞതെന്നും മിയാന്‍ദാദ് പറഞ്ഞു.” എനിക്ക് തോന്നുന്നത് ഗാംഗുലിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് മുഖ്യമന്ത്രിയാകണം എന്നുണ്ടെന്നാണ്. അതിന് വേണ്ടിയുള്ള പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണിത്.” അദ്ദേഹം പറഞ്ഞു.
അതേസമയം, പാക്കിസ്ഥാന്‍ എന്നും സമാധാനത്തിനാണ് ശ്രമിച്ചിട്ടുള്ളതെന്നും ഇന്ത്യയാണ് എതിര്‍പ്പ് കാണിച്ചിട്ടുള്ളതെന്നും മിയാന്‍ദാദ് പറഞ്ഞു. ഇന്ത്യ പാക്കിസ്ഥാനെതിരെ ലോകകപ്പില്‍ കളിക്കുന്നതില്‍ നിന്നും പിന്മാറണമെന്നായിരുന്നു ഗാംഗുലിയുടെ അഭിപ്രായം. എന്നാല്‍ ഇതിന് വിരുദ്ധമായിരുന്നു സച്ചിന്റേയും സെവാഗിന്റേയും നിലപാട്. രണ്ട് പേരും ഇന്ത്യ കളിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്.