ആറ് പന്തിൽ 35 റൺസ് നേടി സ്റ്റുവർട്ട് ബ്രോഡിനെ വിറപ്പിച്ച് ടെസ്റ്റിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് എന്ന ലോകറെക്കോർഡ് നേടിയ ബുംറ ആ ഒരോവറിൽ ആരാധകർക്ക് മനോഹരമായ ഒരു പുൾ ഷോട്ടും സമ്മാനിച്ചിരുന്നു. ഇടതു വശത്ത് കുത്തിഉയർന്ന പന്തിനെ ഡീപ് ഫൈൻ ലെഗ്ഗിലേക്ക് പായിച്ച ആ പുൾ ഷോട്ട് കപിൽ ദേവിന്റെ നടരാജ ഷോട്ടിനെയും സച്ചിൻ ടെണ്ടുൽക്കറിന്റെ ഐക്കോണിക് പുള്ളിനെയും ഓർമിപ്പിക്കുന്നതായിരുന്നു.
സാധാരണ പുൾ ഷോട്ടിന്റെ ആക്രമണ മനോഭാവം ഇല്ലാത്തതാണ് കപിൽ ദേവിന്റെ നടരാജ ഷോട്ട്. അതിമനോഹരമായി പന്തിനെ അതിർത്തികടത്തുന്ന ഈ ഷോട്ടിന് ‘നടരാജ’ എന്ന് വിളിച്ചത് ഹിന്ദുവിലെ ആർ. മോഹൻ ആയിരുന്നു. ആ ക്ലാസിക്കൽ ഷോട്ടിന് ശിവനെ അവതരിപ്പിക്കുന്ന നൃത്തരൂപമായി തോന്നിയതിൽ തെറ്റ് പറയാനാവില്ല. അതിന്റെ തന്നെ ഏറെ സമാനമായ പതിപ്പാണ് കപിൽ ദേവിന് ശേഷം, 35 വർഷങ്ങൾക്കിപ്പുറം ഇന്ത്യയെ നയിക്കുന്ന ആദ്യ ബൗളറുടെ ബാറ്റിൽ നിന്ന് ഇന്നലെ പിറന്നത്.
ഇടതു കാൽ ഉയർത്തി, ശരീരത്തിന്റെ മുഴുവൻ ഭാരവും പിന്നിലേക്ക് കൊണ്ടുവന്ന് കൈകളെ എളുപ്പത്തിൽ വീശാൻ അനുവദിക്കുന്നതാണ് ഈ പുൾ ഷോട്ട്.

എന്നാൽ ‘നടരാജ’ മാത്രമല്ല സച്ചിൻ ടെണ്ടുൽക്കറിന്റെ ഐക്കോണിക് പുൾ ഷോട്ടുമായൊരു താരതമ്യവും ബുംറയുടെ പുൾ ഷോട്ടിന് മുകളിൽ നടക്കുന്നുണ്ട്. ക്രിക്കറ്റിലെ ഏറ്റവും മനോഹരമായ പുൾ ഷോട്ടുകളിൽ ഒന്നാണ് സച്ചിന്റേത്. വളരെ ഒതുക്കത്തോടെ കളിക്കുന്ന ഷോട്ട് പൂർത്തിയാക്കുമ്പോൾ ബാറ്റ് പിന്നിലേക്ക് താഴ്ന്ന് വരും. കൈമുട്ടിന്റെ ചലനം നിയന്ത്രിച്ച് ആർക്ക് രൂപത്തിലാകും കൈ ചലിക്കുക. അധികം ശക്തി വേണ്ടാത്ത, മറ്റു ചലനങ്ങൾ ഇല്ലാത്ത, ശരീരം അധികം തിരിയാത്ത വിധത്തിലാണ് ഈ ഷോട്ട്.
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തിലായിരുന്നു ബുംറയുടെ മനോഹര ഇന്നിംഗ്സ്. പത്താമനായി ക്രീസിലെത്തിയ ബുംറയ്ക്കെതിരെ 84-ാം ഓവറെറിയാനാണ് ബ്രൊഡെത്തിയത്. നാല് ഫോറും രണ്ട് സിക്സുമടക്കം 35 റണ്‍സാണ് ഓവറില്‍ പിറന്നത്. ഇതിനിടയില്‍ ബ്രോഡ് ഒരു നോ ബോള്‍ എറിഞ്ഞതും വൈഡ് ബൗണ്ടറി വഴങ്ങിയതും ഇന്ത്യയ്ക്ക് തുണയായി.
ബുംറയ്ക്ക് മുന്‍പ് ബ്രെയന്‍ ലാറ (വെസ്റ്റ് ഇന്‍ഡീസ്), ജോര്‍ജ് ബെയ്ലി (ഓസ്ട്രേലിയ), മഹരാജ് (ദക്ഷിണാഫ്രിക്ക) എന്നിവര്‍ ഒരു ഓവറില്‍ 28 റണ്‍സ് വീതം നേടിയിട്ടുണ്ട്. പീറ്റേഴ്സണ്‍ (ദക്ഷിണാഫ്രിക്ക), ജെയിംസ് ആന്‍ഡേഴ്സണ്‍ (ഇംഗണ്ട്), ജോ റൂട്ട് (ഇംഗ്ലണ്ട്) എന്നിവരായിരുന്നു യഥാക്രമം ബോളര്‍മാര്‍.
അതേസമയം, ഇംഗ്ലണ്ടിനെതിരെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 416 റണ്‍സെടുത്തു. റിഷഭ് പന്ത് (146), രവീന്ദ്ര ജഡേജ (104) എന്നിവരുടെ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ മികച്ച നിലയിലെത്തിയത്. രണ്ടാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സാണ് ഇന്ത്യ ചേര്‍ത്തത്. പുറത്താകാതെ 16 പന്തില്‍ 31 റണ്‍സെടുത്ത ബുംറയുടെ പ്രകടനവും നിര്‍ണായകമായി.
ബൗളിങ്ങിലും ബുംറ തിളങ്ങി. ബുംറ, ഷമി, സിറാജ് എന്നീ പേസ് ത്രയത്തിന്റെ ബൗളിംഗ് മികവിൽ ഇംഗ്ലണ്ട് ബാറ്റിങ് നിര അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 85 റൺസ് എന്ന നിലയിൽ തകർന്നടിഞ്ഞു. 11 ഓവറിൽ 35 റൺസ് വഴങ്ങി ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷമിയും സിറാജും ഓരോ വിക്കറ്റ് വീതം നേടി.
Also Read: ഒരു ഓവറില്‍ 35 റണ്‍സ്; ബ്രോഡിനെ അടിച്ച് തൂഫാനാക്കി ‘ബൂം ബൂം’ ബുംറ; വീഡിയോ