ഐസിസി ലോകകപ്പിന് ഇനി ഏതാനും മാസങ്ങളാണ് ശേഷിക്കുന്നത്. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ആരൊക്കെ ഉണ്ടാകുമെന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും. മിഡിൽ ഓർഡറിൽ ഇന്ത്യൻ ടീം അത്ര മെച്ചമല്ല. അതേസമയം, ബോളിങ് നിരയിൽ ഇന്ത്യ ശക്തമാണ്.

പേസ് നിരയിൽ ജസ്പ്രൂത് ബുംറ മികച്ച ഫോമിലാണ്. അടുത്തിടെ നടന്ന മത്സരങ്ങളിൽ ബുംറ ഇത് തെളിയിച്ചിട്ടുമുണ്ട്. വരുന്ന ലോകകപ്പിൽ ജസ്പ്രീത് ബുംറ ഇന്ത്യൻ ടീമിന് മുതൽക്കൂട്ടായിരിക്കുമെന്നാണ് ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറുടെ അഭിപ്രായം. ബുംറയുടെ വിജയത്തിൽ താൻ അതിശയപ്പെടുന്നില്ലെന്നും ഫോം മെച്ചപ്പെടുത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള ബുംറയുടെ ശ്രമമാണ് ലോകത്തിൽതന്നെ മികച്ച ബോളറാക്കി താരത്തെ മാറ്റിയതെന്ന് സച്ചിൻ പറഞ്ഞതായി സ്പോർട്സ് സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.

”ബുംറ തന്റെ ഫോം മെച്ചപ്പെടുത്താൻ ശ്രമിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. 2015 ൽ ഒരു മത്സരം വിജയിക്കാൻ ബുംറ പുറത്തെടുത്ത ശ്രമം ഞാൻ കണ്ടിട്ടുണ്ട്. ബുംറയുടെ ആക്ഷനും ബോളിങ്ങും തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തുന്നതുമാണ് അപകടകാരിയായ ബോളറായി താരത്തെ മാറ്റുന്നത്. തന്റെ പ്ലാനുകൾ നടപ്പാക്കേണ്ടത് എങ്ങനെയെന്ന് ബുംറയ്ക്ക് നന്നായിട്ട് അറിയാം. എതിർ ടീമിന് ബുംറ വലിയൊരു ഭീഷണി ആയിരിക്കും എന്നതിൽ സംശയമില്ല. അതിനൊപ്പം ലോകകപ്പിൽ ഇന്ത്യയ്ക്ക് വലിയൊരു മുതൽക്കൂട്ടുമായിരിക്കും,” സച്ചിൻ പറഞ്ഞു.

കഴിഞ്ഞ ജനുവരിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആയിട്ടായിരുന്നു ബുംറയുടെ ടെസ്റ്റ് അരങ്ങേറ്റം. 10 ടെസ്റ്റ് മത്സരങ്ങളിൽനിന്നായി 49 വിക്കറ്റുകളാണ് ബുംറയുടെ സമ്പാദ്യം. ഐസിസി ഏകദിന റാങ്കിങ്ങിൽ ബോളർമാരുടെ പട്ടികയിൽ ഒന്നാമതാണ് ബുംറ. ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായി നിലവിൽ ന്യൂസിലൻഡിനെതിരായ പരിമിത ഓവർ സീരീസിൽ ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook