ബാറ്റിങ്ങിൽ വിരാട് കോഹ്‌ലി എന്ന പോലെയാണ് ഇന്ത്യക്ക് ബോളിങ്ങിൽ ജസ്പ്രീത് ബുംറ. തീപാറുന്ന പന്തുകളുമായി ഏത് നിർണായക ഘട്ടത്തിലും ഇന്ത്യയെ വിജയത്തിലേക്ക് തിരിച്ചുവിടാനും നയിക്കാനും സാധിക്കുന്ന താരം. അപ്രതീക്ഷിതമായിരുന്നു ബുംറയുടെ വളർച്ച. ഇന്ന് റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരനാണ് ബുംറ. ബുംറയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച മറ്റൊരു ഇതിഹാസമുണ്ട്. ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച പേസർ ലസിത് മലിംഗയാണ് ബുംറയുടെ കഴിവുകളെ പോളിഷ് ചെയ്ത് ക്രീസിലെത്തിച്ചത്.

മുംബൈ ഇന്ത്യൻസിലെത്തുന്നതോടെയാണ് ജസ്പ്രീത് ബുംറയുടെ കരിയറിൽ വലിയ മാറ്റങ്ങളുണ്ടാകുന്നത്. 2013ലാണ് ബുംറ മുംബൈയിലെത്തുന്നത്. അടുത്ത രണ്ട് മൂന്ന് വർഷങ്ങൾക്കുള്ളിൽ ലോകത്തെ തന്നെ മികച്ച പേസറായി ബുംറയെ മാറ്റിയത് ലസിത് മലിംഗയുടെ പരിശീലനമാണ്. ഇരുവരുടെയും മികവിൽ നാലാം ഐപിഎൽ കിരീടവും മുംബൈ സ്വന്തമാക്കിയിരുന്നു. എന്ത് കാര്യങ്ങളും പഠിക്കാനുള്ള ബുംറയുടെ മനസാണ് അദ്ദേഹത്തെ ലോക ഒന്നാം നമ്പർ താരമാക്കുന്നതെന്ന് മലിംഗ പറയുന്നു.

“ഇന്ത്യൻ പ്രീമിയർ ലീഗിൽ 2013ൽ ബുംറയെ കാണുമ്പോൾ ആളൊരു കുട്ടിയായിരുന്നു. നല്ല പേസുണ്ടായിരുന്നെങ്കിലും അക്യുറസിയുടെ കുറവ് വ്യക്തമായിരുന്നു. എന്നാൽ കൂടുതൽ പഠിക്കാനും കളിയോട് പൂർണ ആത്മാർത്ഥത പുലർത്താനും ബുംറ തയ്യാറായിരുന്നു. കഴിവുളള കളിക്കാർക്ക് മാത്രമേ അതിജീവിക്കാൻ സാധിക്കൂ എന്ന പാഠം ബുംറ പഠിച്ചു. എല്ലാം പെട്ടെന്ന് പഠിക്കുകയും ചെയ്തു. അതുകൊണ്ടാണ് ബുംറ ഇപ്പോൾ ലോക ഒന്നാം നമ്പർ താരമായിരിക്കുന്നത്.

ലോകകപ്പിലും ഇന്ത്യൻ കുതിപ്പിന് ശക്തി പകരുന്നത് ജസപ്രീത് ബുംറ നയിക്കുന്ന ബോളിങ് നിരയാണ്. ടീം പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോഴെല്ലാം വിക്കറ്റ് വീഴ്ത്തി മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരാറുള്ളത് ബുംറയാണ്. വിക്കറ്റ് വേട്ടയിൽ ഷമിക്ക് പിന്നിലാണെങ്കിലും നിർണായക വിക്കറ്റ് വീഴ്ത്തുന്നതിലും റൺസ് വിട്ടുകൊടുക്കാതെ ഇരിക്കുന്നതിലും ബുംറ ശ്രദ്ധാലുവാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook