വിന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റിലൂടെ ജസ്പ്രീത് ബുംറ തന്റെ ക്ലാസ് രേഖപ്പെടുത്തി കളഞ്ഞു. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന്റെ പ്രധാന ആയുധമാണ് ജസ്പ്രീത് ബുറ. കഴിഞ്ഞ രണ്ട് ടെസ്റ്റുകളില്‍ നിന്നു മാത്രമായി 13 വിക്കറ്റുകളാണ് ബുംറ നേടിയത്. ഇതില്‍ രണ്ട് അഞ്ച് വിക്കറ്റ് നേട്ടവും ഒരു ഹാട്രിക്കും ഉള്‍പ്പെടും.

ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറി 21 മാസത്തിനുള്ളില്‍ തന്നെ ടെസ്റ്റ് റാങ്കിങ്ങില്‍ മൂന്നാമതെത്തി കഴിഞ്ഞിരിക്കുകയാണ് യുവതാരം. കഴിവും അതിനൊത്ത അധ്വാനവുമാണ് ബുംറ അതിവേഗ ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് എത്തിക്കുന്നത്. ഇതൊരു തുടക്കം മാത്രമാണെന്നതാണ് താരത്തിലുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്നത്. ബാറ്റ്‌സ്മാന്മാരുടെ പേടി സ്വപ്‌നമായി ബുംറ മാറിയിരിക്കുകയാണ്.

ബുംറയുടെ ടെസ്റ്റിലെ ആവറേജ് 19.24 ആണ്. 50 ലധികം വിക്കറ്റെടുത്തവരില്‍ ടെസ്റ്റിന്റെ ചരിത്രത്തില്‍ ഏറ്റവും മികച്ച 14-ാമത്തെ ആവറേജാണിത്. പേസര്‍മാരെ മാത്രം പരിഗണിച്ചാല്‍ അത് എട്ടായിരിക്കും. 12 ടെസ്റ്റ് മാത്രം പിന്നിടുമ്പോഴാണ് ബുംറ 19.24 എന്ന ആവറേജ് സ്വന്തമാക്കുന്നത്. ഇതിഹാസ താരങ്ങളായ വഖാര്‍ യൂനിസ്, അലന്‍ ഡൊണാള്‍ഡ്, ഡെന്നീസ് ലില്ലി, ജെഫ് തോംസണ്‍, എന്നിവരുടെ ആവറേജ് യഥാക്രമം 19.33, 23.21, 24.18, 27.26 എന്നിങ്ങനെയാണ്. ഇനിയെങ്കിലും ബുംറയെ മറ്റ് താരങ്ങളോട് താരതമ്യം ചെയ്യരുതെന്ന് സാരം.

Read More: ഇന്ത്യൻ ടീമിലെ മാറ്റിനിർത്താനാവാത്ത സാനിധ്യമാണ് ഈ താരം: ഇർഫാൻ പഠാൻ

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട താരം ജസ്പ്രീത് ബുംറയാണെന്ന് മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ബുംറ നേടിയ ഹാട്രിക്ക് ഇനിയും ആവര്‍ത്തിച്ചേക്കുമെന്നും ഇര്‍ഫാന്‍ പഠാന്‍ വ്യക്തമാക്കി.

‘ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരം ജസ്പ്രീത് ബുംറയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ബുംറ ഇന്ത്യക്കായി കളിക്കുന്നില്ലയെങ്കില്‍, മറ്റാരേക്കാളും അതൊരും വലിയ നഷ്ടം തന്നെയാണ്. ഇന്ത്യന്‍ ടീമില്‍ അത്രത്തോളം പ്രാധാന്യം ബുംറയ്ക്കുണ്ട്. ബുംറയെ പോലെ ഒരു താരത്തെ ലഭിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് അത്രത്തോളം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു,’ ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook