ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുംറ ട്വന്റി20 ലോകകപ്പില്‍ നിന്ന് പുറത്തായതായി ബിസിസിഐ സ്ഥിരീകരിച്ചു. ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം വിദഗ്ധരുമായി വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമാണ് തീരുമാനമെന്നും ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു.
പുറം വേദനയെ തുടര്‍ന്ന് നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയില്‍ നിന്ന് ബുംറ നേരത്തെ തന്നെ പുറത്തായിരുന്നു. ഈ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ട് പര്യടനത്തിനിടെയുണ്ടായ പരിക്കില്‍ നിന്ന് രണ്ട് മാസത്തെ ചികിത്സയും വിശ്രമവും കഴിഞ്ഞ് ബുംറ അടുത്തിടെയാണ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്.
”താരത്തിന്റെ പരിക്ക് അത്ര സുഖകരമല്ലെന്നും ഇന്ത്യന്‍ ടീമിനൊപ്പം അദ്ദേഹം ഓസ്ട്രേലിയയിലേക്ക് പോകില്ലെന്ന് തോന്നുന്നുവെന്നും മെഡിക്കല്‍ ടീം ഉടന്‍ തന്നെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും,” ബിസിസിഐ ഉദ്യോഗസ്ഥന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞിരുന്നു.
ദക്ഷിണാഫ്രിക്ക ടി20 ഐ പരമ്പരയ്ക്കുള്ള ടീമില്‍ ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്തിയിരുന്നു. ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ലോകകപ്പിനുള്ള ബുംറയുടെ പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ടൂര്‍ണമെന്റിലെ നാല് സ്റ്റാന്‍ഡ് ബൈ കളിക്കാരില്‍ ഇടം നേടിയ മുഹമ്മദ് ഷമി ബുംറയ്ക്ക് പകരക്കാരനാകാന്‍ സാധ്യതയുണ്ട്. സ്റ്റാന്‍ഡ് ബൈകളില്‍ മറ്റൊരു പേസര്‍ ദീപക് ചാഹറാണ്.