അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയുടെ ഫാസ്റ്റ് ബോളർ ജസ്പ്രീത് ബുംറ കളിക്കില്ല. ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് ബുംറ ബിസിസിഐയോട് ആവശ്യപ്പെട്ടു. ബുംറയുടെ ആവശ്യത്തെ തുടർന്നാണ് ബുംറയെ ടീമിൽ നിന്ന് ഒഴിവാക്കിയതെന്ന് ബിസിസിഐയുടെ വിശദീകരണത്തിൽ നിന്നു വ്യക്തം. ടീമിൽ നിന്ന് പിന്മാറുകയാണെന്ന് ബുംറ ബിസിസിഐയെ അറിയിക്കുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് നാലാം ടെസ്റ്റിൽ നിന്നു പിന്മാറാനുള്ള തീരുമാനം ബുംറയെടുത്തതെന്നും ബിസിസിഐ പറയുന്നു.
അതേസമയം, നാലാം ടെസ്റ്റിൽ ബുംറയ്ക്ക് പകരം ആർക്കും അവസരം നൽകിയിട്ടില്ല. പേസ് നിരയിൽ മുഹമ്മദ് സിറാജിനാണ് ഇനിയുള്ള സാധ്യത. ഉമേഷ് യാദവിനെ ടീമിലേക്ക് തിരിച്ചുവിളിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇഷാന്ത് ശർമ ടീമിൽ തുടർന്നേക്കും.
Read Also: ‘പല്ലുകൊഴിഞ്ഞ ഐസിസി ഇന്ത്യയെ തന്നിഷ്ടത്തിനു വിടുന്നു’; രൂക്ഷ വിമർശനവുമായി ഇംഗ്ലണ്ട് മുൻ നായകൻ
നേരത്തെ രണ്ടാം ടെസ്റ്റിൽ ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. ഒന്നാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും മാത്രമാണ് ബുംറ കളിച്ചത്. ആകെ 48 ഓവർ എറിഞ്ഞു. ഇതിൽ മൂന്നാം ടെസ്റ്റിൽ ആകെ ആറ് ഓവർ മാത്രമാണ് ബുംറയ്ക്ക് നൽകിയത്. മൊട്ടേരയിലേത് സ്പിന്നിന് അനുകൂലമായ പിച്ചായതുകൊണ്ടാണ് പേസർമാർക്ക് ഏതാനും ഓവറുകൾ മാത്രം നൽകിയ ശേഷം മാറ്റിനിർത്തിയത്.
നാല് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ 2-1 ന് ലീഡ് ചെയ്യുകയാണ്. അടുത്ത മത്സരം ജയിച്ചാലും പരമ്പര സമനിലയിൽ കലാശിക്കും.