/indian-express-malayalam/media/media_files/uploads/2020/10/bumra.jpg)
ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റൊരു നാഴികകല്ല് പിന്നിട്ട് മുംബൈ ഇന്ത്യൻസ് പേസർ ജസ്പ്രീത് ബുംറ. ഇന്ത്യൻ പ്രീമിയർ ലീഗിൽ വിക്കറ്റ് വേട്ടയിൽ ബുംറ സെഞ്ചുറി തികച്ചു. ബാംഗ്ലൂർ നായകൻ വിരാട് കോഹ്‌ലിയെ പുറത്താക്കിയാണ് ബുംറ ലീഗിൽ നൂറു വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ഐപിഎല്ലിൽ ബുംറയുടെ ആദ്യ വിക്കറ്റും കോഹ്‌ലിയായിരുന്നു.
ഐപിഎല്ലിൽ നൂറു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന 16-ാമത്തെ താരമാണ് ബുംറ. ഇന്ത്യൻ താരങ്ങളിൽ ബുംറ 13-ാം താരമാണ്. ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ബോളറാണ് ബുംറ. ടി20യിൽ താരം 200 വിക്കറ്റും സ്വന്തമാക്കി.
ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്തതും ബുംറയായിരുന്നു. കോഹ്‌ലിയെയും ശിവം ദുബെയും പുറത്താക്കിയ ബുംറ അർധസെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കലിനെയും കൂടാരം കയറ്റി.
അതേസമയം പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ മുംബൈക്കെതിരെ 165 റൺസ് വിജയലക്ഷ്യം ഒരുക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് ആർസിബി 164 അടിച്ചെടുത്തത്. അർധസെഞ്ചുറി നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ തകർപ്പൻ ഇന്നിങ്സാണ് ബാംഗ്ലൂരിനെ മികച്ച സ്കോറിലെത്തിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.