മുംബൈ: ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയെ പുകഴ്ത്തി മുന്‍ താരം മുഹമ്മദ് കൈഫ്. ഇന്ത്യന്‍ ടീമില്‍ ഏറ്റവും വിശ്വസ്തനായ ബോളറാണ് ബുംറയെന്നും ഇന്ത്യന്‍ ബോളര്‍മാരിലെ വിരാട് കോഹ്ലിയാണെന്നും കൈഫ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി വിരാട് മാറിയെന്നും അതുപോലെ തന്നെ ബുംറയും നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായി മാറി കൊണ്ടിരിക്കുകയാണെന്നും കൈഫ് പറഞ്ഞു.
”ബുംറ വളരെ നന്നായി കളിക്കുന്നു. ഇന്ത്യന്‍ ബോളിങ് നിരയുടെ വിരാട് കോഹ്ലിയാണവന്‍. നല്ല യോര്‍ക്കറുകളും ഔട്ട് സ്വിങും സ്ലോ ബോളുകളും എറിയാന്‍ കഴിയുന്നു. വളരെ പെട്ടെന്നു തന്നെ ഇത്രയും നല്ല ബോളറായി മാറിയിരിക്കുന്നു ബുംറ. ഇന്ത്യയ്ക്ക് വലിയ സമ്പത്തായിരിക്കും ബുംറ’ കൈഫ് പറഞ്ഞു.
ഇന്ത്യന്‍ കുപ്പായത്തില്‍ ഇന്ന് കളിക്കുന്ന ഏറ്റവും മികച്ച പേസറായി മാറിയിരിക്കുകയാണ് ബുംറ. ഭുവനേശ്വര്‍ കുമാറും ബുംറയും അണിനിരക്കുന്ന ഇന്ത്യന്‍ പേസ് നിര വിശ്വസ്തരാണ്. വിക്കറ്റ് വേണ്ട സമയത്ത് അത് കണ്ടെത്താനും പ്രത്യേകിച്ചും ഡെത്ത് ഓവറില്‍ റണ്‍സ് വിട്ടു കൊടുക്കാതെ പന്തെറിയുന്നതുമാണ് ബുംറയെ വ്യത്യസ്തനാക്കുന്നത്.
44 ഏകദിനങ്ങളില്‍ നിന്നും 78 വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയിട്ടുള്ളത്. 21.01 ആണ് ആവറേജ്. ആറ് ടെസ്റ്റില്‍ നിന്നു മാത്രമായി 28 വിക്കറ്റെടുത്തിട്ടുണ്ട്. അരങ്ങേറ്റ ടെസ്റ്റില്‍ നാല് വിക്കറ്റ് നേടിയാണ് ബുംറ തുടങ്ങിയത് തന്നെ. ട്വന്റി-20യില്‍ 35 മത്സരങ്ങളില്‍ നിന്നും 43 വിക്കറ്റാണ് ബുംറയുടെ സമ്പാദ്യം. വരാനിരിക്കുന്ന ലോകകപ്പില്‍ ബുംറയില്‍ ഒരുപാട് പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട് രാജ്യം.