മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലില്‍ നാലാം വട്ടവും കിരീടം ഉയര്‍ത്തിയപ്പോള്‍ അതിന് മുംബൈ ഏറ്റവും കടപ്പെട്ടിരിക്കുന്നത് ജസ്പ്രീത് ബുംറ എന്ന പേസറോടാണ്. ഫൈനലിലടക്കം കൈവിട്ടു പോയെന്ന് തോന്നിയ പല നിമിഷങ്ങളില്‍ കളി തിരികെ പിടിച്ചത് ബുംറയുടെ അസാധ്യ ബോളിങ്ങായിരുന്നു. ലോകകപ്പ് അടുത്തു നില്‍ക്കെ താരത്തിന്റെ പ്രകടനം ഇന്ത്യന്‍ ആരാധകരേയും സന്തോഷിപ്പിക്കുന്നതാണ്.
ബുംറയുടെ പ്രകടനത്തെ ലോകം മൊത്തം അഭിനന്ദിച്ചു. ഇതില്‍ ക്രിക്കറ്റ് ദൈവം സച്ചിനുമുണ്ടായിരുന്നു. ബുംറയെ ലോകത്തെ ഏറ്റവും മികച്ച ബോളറെന്നാണ് സച്ചിന് വിശേഷിപ്പിച്ചത്. ഫൈനലില്‍ ഡെത്ത് ഓവറില്‍ മുംബൈയെ കളിയിലേക്ക് മടക്കി കൊണ്ടു വന്ന ബുംറ 14 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റാണ് നേടിയത്. മത്സരത്തിലെ താരവും ബുംറയായിരുന്നു.
”ഓണ്‍ റെക്കോര്‍ഡായി തന്നെ പറയാം, ലോകത്തെ ഏറ്റവും മികച്ച ബോളറാണ് ബുംറ. ഇതിലും മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂ” ഫൈനലിന് ശേഷം സച്ചിന് പറഞ്ഞ വാക്കുകളാണിത്. ക്രിക്കറ്റില്‍ മറ്റേത് താരത്തേക്കാളും വില മതിക്കുന്നതാണ് സച്ചിന്റെ അഭിനന്ദനം. പ്രത്യേകിച്ചും ഇന്ത്യന്‍ താരങ്ങള്‍ക്ക്. ദൈവത്തിന് തുല്യം കണ്ട് ആരാധിക്കുന്ന വ്യക്തിയാണ് ഓരോ ക്രിക്കറ്റ് പ്രേമിക്കും സച്ചിന്. ഇതിഹാസ താരത്തിന്റെ അഭിനന്ദത്തിന് മറുപടിയുമായി ബുംറയും രംഗത്തെത്തി.
I am Speechless thank you sachin sir
— Jasprit bumrah (@Jaspritbumrah93) May 13, 2019
സച്ചിന് നന്ദി പറഞ്ഞ ബുംറ, തനിക്ക് വാക്കുകള്‍ പോലും നഷ്ടമാവുകയാണെന്നും പറഞ്ഞു. അതേസമയം, നിര്‍ണായക നിമിഷങ്ങളില്‍ സമ്മർദത്തിന് അടിമപ്പെടാതെ കളിക്കാന്‍ സാധിക്കുന്നതിന് പിന്നിലെ രഹസ്യവും ബുംറ വെളിപ്പെടുത്തി. ഓരോ പന്തില്‍ മാത്രം ശ്രദ്ധ ചെലുത്തുന്നത് കൊണ്ട് തനിക്ക് അടുത്തത് എന്താകുമെന്ന ആശങ്കയില്ലെന്നും ശാന്തമായി പന്തെറിയാനാവുമെന്നും ബുംറ പറയുന്നു.