വിന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം നിര്‍ണായക നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. 50 ടെസ്റ്റ് വിക്കറ്റുകള്‍ എന്ന നാഴികക്കല്ലാണ് ബുംറ പിന്നിട്ടത്. വിന്‍ഡീസ് മധ്യനിര ബാറ്റ്‌സ്മാന്‍ ഡാരന്‍ ബ്രാവോയെ പുറത്താക്കിയാണ് ബുംറ 50 തികച്ചത്.

ഇതോടെ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍.അശ്വിനെ പിന്തള്ളി ഏറ്റവും കുറഞ്ഞ പന്തുകളില്‍ നിന്നും 50 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബോളറായി ബുംറ. 2597 പന്തുകളില്‍ നിന്നുമാണ് അശ്വിന്‍ 50 വിക്കറ്റ് തികച്ചത്. എന്നാല്‍ ബുംറയ്ക്ക് ഇതിന് വേണ്ടി വന്നത് 2464 പന്തുകളാണ്. അതേസമയം, മത്സരങ്ങളുടേയും ഇന്നിങ്‌സുകളുടേയും കണക്കില്‍ അശ്വിന്‍ തന്നെയാണ് ഇപ്പോഴും മുന്നില്‍. നരേന്ദ്ര ഹിര്‍വാനി, ഹര്‍ഭജന്‍ സിങ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന ബുംറ 11 മത്സരങ്ങളില്‍ നിന്നുമാണ് 50 വിക്കറ്റെടുത്തത്. അശ്വിന് വേണ്ടി വന്നത് ഒമ്പത് ടെസ്റ്റുകള്‍ മാത്രമാണ്.

അതേസമയം, പേസര്‍മാരുടെ പട്ടികയില്‍ 50 കടക്കുന്ന ആദ്യ താരമായി മാറി ബുംറ. പിന്നിട്ടത് 13 ടെസ്റ്റുകളില്‍ നിന്നും 50 വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയേയും വെങ്കിടേഷ് പ്രസാദിനേയുമാണ്.

Read More: രവീന്ദ്ര ജഡേജയും ഇഷാന്ത് ശർമ്മയും കരുത്തുകാട്ടി; ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേൽക്കൈ

ഒന്നാം ഇന്നിങ്‌സിന്റെ രണ്ടാം ദിനത്തില്‍ കളി നിര്‍ത്തുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് എട്ടു വിക്കറ്റിന് 189 റണ്‍സ് എന്ന നിലയിലാണ്. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 297 റണ്‍സാണ് നേടിയത്. വെസ്റ്റ് ഇന്‍ഡീസിന് ഇനി രണ്ടു വിക്കറ്റുകള്‍ മാത്രമാണ് കൈയ്യിലുളളത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിലേക്കെത്താന്‍ വെസ്റ്റ് ഇന്‍ഡീസിന് ഇനി 108 റണ്‍സ് വേണം. ക്യാപ്റ്റന്‍ ജെയ്‌സന്‍ ഹോള്‍ഡര്‍ (10), വാലറ്റക്കാരന്‍ മിഗ്വേല്‍ കമ്മിന്‍സ് (0) എന്നിവരാണ് ക്രീസിലുളളത്.

ഇഷാന്ത് ശര്‍മ്മയാണ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് നിരയെ എറിഞ്ഞിട്ടത്. ടെസ്റ്റ് കരിയറിലെ ഒന്‍പതാമത്തെ അഞ്ചു വിക്കറ്റ് നേട്ടവും ഇഷാന്ത് ശര്‍മ്മ കൈവരിച്ചു. വെസ്റ്റ് ഇന്‍ഡീസ് തങ്ങളുടെ സ്‌കോര്‍ ബോര്‍ഡില്‍ വെറും അഞ്ചു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ഇഷാന്ത് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയത്. അഞ്ചിന് 174 റണ്‍സെന്ന നിലയില്‍ വെസ്റ്റ് ഇന്‍ഡീസ് എത്തിയപ്പോഴാണ് നിര്‍ണായകമായ മൂന്നു വിക്കറ്റുകള്‍ ഇഷാന്ത് ശര്‍മ്മ പിഴുതെടുത്തത്. 13 ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്താണ് ഇഷാന്ത് അഞ്ചു വിക്കറ്റെടുത്തത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook