ഹൈദരാബാദ്: അവസാന പന്തുവരെ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് നാലാം ഐപിഎല്‍ കിരീടം സ്വന്തമാക്കിയത്. കൈവിട്ടു പോയെന്ന് തോന്നിയ കളി മുംബൈയ്ക്ക് അനുകൂലമാക്കി മാറ്റിയത് ജസ്പ്രീത് ബുംറയെന്ന പേസറുടെ മികവാണ്. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ബുംറയായിരുന്നു ഫൈനലിലെ താരവും.

ബോളിങ് പ്രകടനത്തിന്റെ പേരില്‍ മാത്രമല്ല ഇന്ന് സോഷ്യല്‍ മീഡിയ ബുംറയെ പ്രശംസിക്കുന്നത്. കളിക്കളത്തിലെ മാന്യതയുടെ പേരിലാണ് ഇപ്പോല്‍ കായിക ലോകം ബുംറയെ പ്രശംസിക്കുന്നത്. സമ്മര്‍ദ്ദത്തിന്റെ നിമിഷത്തിലും നിയന്ത്രണം വിടാതെ നിന്ന ബുംറയെ എങ്ങനെ അഭിനന്ദിക്കണമെന്ന് അറിയാതെ വലയുകാണ് സോഷ്യല്‍ മീഡിയ.

രംഗം ഒന്ന്, ചെന്നൈ ഇന്നിങ്‌സ് 17-ാം ഓവറിലെത്തി നില്‍ക്കുന്നു. ക്രീസില്‍ വാട്‌സണ്‍ 55 റണ്‍സുമായി പൊരുതുന്നു. കളി ഏറെക്കുറെ ചെന്നൈയ്ക്ക് അനുകൂലമായ ഘട്ടം. നിര്‍ണായക ഈ നിമിഷം കളിയുടെ ഗതി ഒറ്റയടിക്ക് മാറ്റാന്‍ സാധിക്കുന്നതായിരുന്നു വാട്‌സണിന്റെ വിക്കറ്റ്. മുംബൈ ആഗ്രഹിച്ചിരുന്ന ആ അവസരം ബുംറയുടെ പന്തില്‍. ഡീപ്പ് മിഡ് വിക്കറ്റില്‍ നിന്നിരുന്ന രാഹുല്‍ ചാഹറിന്റെ കൈകളിലേക്ക് വാട്‌സണ്‍ അടിച്ചുയര്‍ത്തി വിട്ട പന്ത് വന്നു വീഴുന്നു. അനായാസമായൊരു ക്യാച്ച്, പക്ഷെ അവസാന നിമിഷം ചാഹറിന് പിഴച്ചു. പന്ത് കൈവിട്ടു.

വാട്‌സണിനെ അത് രണ്ടാമത്തെ വട്ടമായിരുന്നു ചാഹര്‍ നഷ്ടപ്പെടുത്തുന്നത്. നേരത്തെ സ്വന്തം പന്തില്‍ വാട്‌സണിനെ പുറത്താക്കാനുള്ള അവസരം ലഭിച്ചിട്ടും പന്ത് പിടിയിലൊതുക്കാന്‍ ചാഹറിന് സാധിച്ചിരുന്നില്ല. പക്ഷെ ബുംറ നിഷ്‌കളങ്കമായൊരു ചിരിയില്‍ എല്ലാം ഒതുക്കി. നോട്ടം കൊണ്ടു പോലും ചാഹറിനോട് ദേഷ്യപ്പെട്ടില്ല.

രംഗം രണ്ട്, ചെന്നൈ ഇന്നിങ്‌സിന്റെ 19-ാം ഓവര്‍. കളി ഇപ്പോള്‍ ഫിഫ്റ്റി-ഫിഫ്റ്റിയിലാണ്. അഞ്ച് ഓവര്‍ മാത്രം വിട്ടു കൊടുത്ത ബുംറ അപകടകാരിയായ ബ്രാവോയെ പുറത്താക്കുകയും ചെയ്തു. അവസാന പന്തില്‍ ബുംറയെറിഞ്ഞ പന്ത് പിടിക്കാന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കിന് സാധിച്ചില്ല. പന്ത് ബൗണ്ടറിയിലേക്ക്. താന്‍ ചെയ്ത തെറ്റിന്റെ വില ഡികോക്കിന് അറിയാമായിരുന്നു. ആ മുഖത്ത് നിരാശയും ദേഷ്യവുമെല്ലാം ഒരുപോലെ മിന്നി മറഞ്ഞു. അത്ര പ്രധാനപ്പെട്ടതായിരുന്നു ഓരോ റണ്‍സും. പിന്നീട് സംഭവിച്ചത് ക്രിക്കറ്റ് പ്രേമികളെ ഒന്നാകെ അമ്പരപ്പിക്കുന്നതായിരുന്നു.

ഡികോക്കിന് അരികിലെത്തിയ ബുംറ വിക്കറ്റ് കീപ്പറുടെ തോളില്‍ കൈ വച്ച് ചിരിച്ചു കൊണ്ട് ആശ്വസിപ്പിച്ചു. ഇതോടെ ഡികോക്കും അയഞ്ഞു. തങ്ങളുടെ ഫൈനല്‍ വരെയുള്ള യാത്രയില്‍ ഡികോക്കിനോട് എത്രമാത്രം മുംബൈ കടപ്പെട്ടിരിക്കുന്നുവെന്ന് ബുംറയ്ക്ക് വ്യക്തമായി അറിയാമായിരുന്നു. അതുകൊണ്ടു തന്നെ ഒരു തെറ്റിന്റെ പേരില്‍ ഡികോക്കിനെ തള്ളിപ്പറയാന്‍ ബുംറയ്ക്ക് സാധിക്കില്ലായിരുന്നു.

ഡികോക്കിനെ ആശ്വസിപ്പിക്കുന്ന ബുംറയുടെ ചിത്രവും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. ക്രിക്കറ്റ് മൈതാനത്ത് താരങ്ങള്‍ ഏങ്ങനെ പെരുമാറണമെന്നതിന്റെ ഉദാഹരണമായാണ് ആരാധകര്‍ സംഭവം ഉയര്‍ത്തിക്കാണിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook