ടോക്കിയോ: ജപ്പാൻ ഓപ്പൺ സിരീസിൽ നിന്ന് സൈന നെഹ്‌വാളും, പി.വി.സിന്ധുവും പുറത്ത്. ജപ്പാനീസ് താരമായ നൊസൂമി ഒകുഹാര സിന്ധുവിനെ തോൽപ്പിച്ചപ്പോൾ കരോലിന മാരിനാണ് സൈനയെ വീഴ്ത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഇരുവരുടെയും തോൽവി.

ജാപ്പനീസ് താരത്തിനെതിരെ ആദ്യ സെറ്റിൽ മികച്ച പ്രകടനമാണ് സിന്ധു പുറത്തെടുത്തത്. എന്നാൽ സ്വന്തം കാണികൾക്ക് മുന്നിൽ അവസരത്തിനൊത്തുയർന്ന ഒകുഹാര 18-21 എന്ന സ്കോറിന് ആദ്യ സെറ്റ് സ്വന്തമാക്കുകയായിരുന്നു. രണ്ടാം സെറ്റിൽ സിന്ധുവിനെ ഒന്ന് പൊരുതാൻ പോലും അനുവദിക്കാതെയാണ് ഒകുഹാര വിജയം നേടിയത്. എട്ടിനെതിരെ 21 പോയിന്റുകൾക്കായിരുന്നു ഒകുഹാരയുടെ വിജയം.

ഒളിമ്പിക് സ്വർണ മെഡൽ ജേതാവായ കരോലിന മാരിനെതിരെ സൈന നെഹ്‌വാൾ പൊരുതി തോൽക്കുകയായിരുന്നു. ആദ്യ സെറ്റ് 21-16 എന്ന സ്കോറിനാണ് മാരിൻ സ്വന്തമാക്കിയത്. 21-13 എന്ന സ്കോറിനാണ് രണ്ടാം സെറ്റും മാച്ചും മാരിൻ കൈപ്പിടിയിൽ​ ഒതുക്കിയത്. ഇതോടെ ജപ്പാൻ ഓപ്പൺ സീരിയസിന്റെ വനിത വിഭാഗത്തിൽ നിന്ന് ഇന്ത്യൻ താരങ്ങൾ എല്ലാം പുറത്തായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ