ടോക്കിയോ: ഇന്ത്യയുടെ പി.വി.സിന്ധു ജപ്പാൻ ഓപ്പൺ ബാഡ്മിന്റൻ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. രണ്ടാം റൗണ്ടിൽ ജപ്പാന്റെ തന്നെ അയ ഒഹോരിയെ പരാജയപ്പെടുത്തിയാണ് സിന്ധു ക്വാർട്ടർ ഉറപ്പിച്ചത്. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമാണ് അടുത്ത രണ്ട് സെറ്റുകൾ നേടി 61 മിനിറ്റുകൾ നീണ്ട പോരാട്ടം സിന്ധു സ്വന്തമാക്കിയത്. സ്കോർ: 11-21, 21-10, 21-13.

ലോക അഞ്ചാം നമ്പർ താരമായ പി.വി.സിന്ധു തന്നേക്കാൾ 15 റാങ്ക് താഴെയുള്ള താരത്തിന് മുന്നിൽ തുടക്കത്തിൽ പതറി. ആദ്യ സെറ്റിന്റെ സമ്പൂർണ ആധിപത്യം അയ ഒഹോരിക്ക് തന്നെയായിരുന്നു. എന്നാൽ അടുത്ത രണ്ട് സെറ്റുകളിൽ ശക്തമായ തിരിച്ചുവരവ് നടത്തിയ സിന്ധു മത്സരം ജയിക്കുകയും ക്വർട്ടറിൽ പ്രവേശിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ഇന്തോനേഷ്യൻ ഓപ്പണിലും ജപ്പാൻ താരത്തെ സിന്ധു പരാജയപ്പെടുത്തിയിരുന്നു.

പുരുഷ വിഭാഗത്തിൽ സായ് പ്രണീതും ക്വർട്ടറിൽ പ്രവേശിച്ചു. ലോക 11-ാം നമ്പർ താരം ജപ്പാന്റെ കെന്റാ നിഷിമോട്ടോയെ പരാജയപ്പെടുത്തിയാണ് പ്രണീത് സൂപ്പർ എട്ടിൽ കടന്നത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു പ്രണീതിന്റെ ജയം. സ്കോർ 21-13, 21-16.

അതേസമയം രണ്ടാം റൗണ്ടിലെ മറ്റൊരു പോരാട്ടത്തിൽ ഇന്ത്യയുടെ എച്ച്.എസ്.പ്രണോയി പരാജയപ്പെട്ട് ടൂർണമെന്റിൽ നിന്ന് പുറത്തായി. ഡെൻമാർക്കിന്റെ റാസ്മുസ് ഗെംകെയാണ് ഇന്ത്യൻ താരത്തെ പരാജയപ്പെടുത്തിയത്. സ്കോർ 9-21, 15-21.

പുരുഷ ഡബിൾസിലും ഇന്ത്യൻ സഖ്യം ക്വർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്. മിക്സഡ് ഡബിൾസിൽ ഇന്ത്യൻ സഖ്യം പുറത്തായി.

Read Here: PV Sindhu, Sai Praneeth enter Japan Open quarters; HS Prannoy loses

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook