scorecardresearch
Latest News

സ്പെയിനിനെ തകര്‍ത്ത് ഫിഫാ അണ്ടര്‍ 20 വനിതാ ലോകകപ്പ് ജപ്പാന്

ഫിഫ വനിതാ ലോകകപ്പിലെ എല്ലാ വിഭാഗങ്ങളിലും ജേതാക്കളാകുന്ന ആദ്യ രാഷ്ട്രമായി ജപ്പാന്‍.

പാരിസ് : സ്പെയിനിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഏഷ്യന്‍ കരുത്തരായ ജപ്പാന് ഫിഫ അണ്ടര്‍ 20 വനിതാ ലോകകപ്പ് കിരീടം. ജപ്പാന് വേണ്ടി ഹിനാതാ മിയാസാവ, സവോരി തകരാഡാ, ഫുക നഗാനോ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ കാന്‍ഡെല ആന്‍ഡ്യൂഹറാണ് സ്പെയിനിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്.

മുപ്പത്തിയെട്ടം മിനുട്ടില്‍ ഹിനാതാ മിയാസാവ കണ്ടെത്തിയ ലോങ് റേഞ്ച് ഗോളിലൂടെയാണ് ജപ്പാന്‍ ഗോളടി ആരംഭിക്കുന്നത്. രണ്ടാം പകുതിയില്‍ പന്ത്രണ്ട് മിനുട്ട് പിന്നിട്ടപ്പോള്‍ സവോരി തകരാഡയുടെ ഷോട്ടിലൂടെ ജപ്പാന്‍ ഗോള്‍ നില ഇരട്ടിപ്പിച്ചു. അറുപത്തിയഞ്ചാം മിനുട്ടില്‍ ഫുക നഗാനോ നേടിയ ഗോള്‍ സ്പെയിനിന്‍റേമേലുള്ള അവസാന ആണിയായി. അണ്ടര്‍ ഇരുപത് വനിതാ ലോകകപ്പ് നേടിയതോടെ മറ്റൊരു അപൂര്‍വ നേട്ടത്തിന് കൂടിയാണ് ജപ്പാന്‍ അര്‍ഹരായിരിക്കുന്നത്. ഫിഫ വനിതാ ലോകകപ്പിലെ എല്ലാ വിഭാഗങ്ങളിലും ജേതാക്കളാകുന്ന ആദ്യ രാഷ്ട്രമായി ജപ്പാന്‍. 2011ല്‍ ലോകകപ്പും 2014ല്‍ അണ്ടര്‍ പതിനേഴ് ലോകകപ്പും നേടാന്‍ ജപ്പാനായി.

സെമിയില്‍ ആതിഥേയരായ ഫ്രാന്‍സിനെ പരാജയപ്പെടുത്തിയാണ് സ്പെയിന്‍ ഫൈനലിലെത്തുന്നത്. ഇംഗ്ലണ്ടിനെ തകര്‍ത്ത് ജപ്പാനും. സ്പെയിനിന്റെ പട്രീഷ്യ ഗുഹാരോ ഇംഗ്ലണ്ടിന്റെ ജോര്‍ജിയാ സ്റ്റാന്‍വേയോടൊപ്പം ടൂര്‍ണമെന്റിലെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി. ആറ് ഗോളുകളാണ് ഇരുവരും നേടിയത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Japan fifa under 20 world cup spain