കൊച്ചി: മലയാളി താരം സി.കെ.വിനീത് ഇന്ത്യൻ സൂപ്പർ ലീഗിൽ ഇനി ജംഷഡ്പൂർ എഫ്സിക്ക് വേണ്ടി പന്ത് തട്ടും. കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന സി.കെ.വിനീത് കഴിഞ്ഞ സീസണിന്റെ പാതിയിൽ ലോണടിസ്ഥാനത്തിൽ ചെന്നൈയിൻ എഫ്സിയിൽ എത്തിയിരുന്നു. ബ്ലാസ്റ്റേഴ്സുമായുള്ള കരാർ അവസാനിച്ചതോടെയാണ് താരം പുതിയ തട്ടകത്തിലെത്തിയത്. ക്ലബുമായി ഒരു വര്‍ഷത്തെ കരാറിലാണ് താരം ഒപ്പ് വച്ചിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ഗോൾ കണ്ടെത്തിയ താരമാണ് സി.കെ.വിനീത്. ബെംഗളൂരു എഫ്സിയിൽ നിന്നുമാണ് വിനീത് ബ്ലാസ്റ്റേഴ്സിൽ എത്തിയത്. 2015 മുതൽ കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായ വിനീത് ക്ലബ്ബിനായി 11 ഗോളുകൾ നേടിയിട്ടുണ്ട്.
സി.കെ.വിനീതിനെ പോലൊരു താരം ജംഷഡ്പൂരിൽ എത്തിയത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്ന് മുഖ്യ പരിശീലകൻ അന്രോണിയോ പറഞ്ഞു. തെളിഞ്ഞ താരമാണ് വിനീതെന്നും അതുകൊണ്ട് തന്നെ ടീമിന് വിനീത് ഒരു മുതൽകൂട്ടാണെന്നും പരിശീലകൻ വ്യക്തമാക്കി.
ബ്ലാസ്റ്റേഴ്സുമായി കരാർ അവസാനിച്ചതോടെ എടികെ, എഫ്സി ഗോവ ടീമുകള്‍ വിനീതിനായി ശ്രമം നടത്തിയിരുന്നു. പഴയ ക്ലബായ ബെംഗളൂരു എഫ്സിയിലേക്ക് പോകുമെന്നും അഭ്യൂഹമുണ്ടായിരുന്നെങ്കിലും ജംഷ്ഡ്പൂരുമായാണ് താരം കരാറിലെത്തിയത്.